"ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധി ഇന്ത്യയെ പല രീതിയിലായിരിക്കും ബാധിക്കുക. നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ കൂടുതല്‍ ആളുകള്‍ ലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലെത്താനുള്ള സാധ്യതയുണ്ട്. തീവ്രവാദവും അക്രമവും വീണ്ടും ഉയര്‍ന്നുവന്നേക്കാമെന്ന മുന്നറിയിപ്പിനെ നമുക്ക് അവഗണിക്കാനാകില്ല.
ഈ സംഭവവികാസങ്ങളിലെല്ലാം നമ്മുടെ സുരക്ഷ ഏജൻസികൾ ജാഗ്രത പാലിക്കേണ്ടതുണ്ട്," മുന്‍ വിദേശകാര്യ സെക്രട്ടറിയും ശ്രീലങ്കയിലെ മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ നിരുപമ റാവു പറയുന്നു. ചൈനയിലെയും യുഎസിലെയും മുൻ അംബാസഡർ എന്ന നിലയിലും ദീർഘകാലം നിരവധി രാജ്യങ്ങളിൽ സേവനമനുഷ്‌ഠിച്ച നയതന്ത്രജ്ഞ എന്ന നിലയിലും ശ്രീലങ്കയിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് നിരുപമ റാവു ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ശ്രീലങ്കയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണം എന്താണ്?ഈ വര്‍ഷം മാർച്ച് മാസം മുതലാണ് ശ്രീലങ്കയിൽ സ്ഥിതിഗതികൾ വഷളാകുന്നതും രജപക്‌സെ സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭം ഉടലെടുക്കുന്നതും. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ശ്രീലങ്ക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലങ്കയിലെ ഉത്പന്ന അധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ വ്യവസായങ്ങള്‍ക്കോ ഡിജിറ്റൽ സേവനങ്ങള്‍ക്കോ തുടക്കമിടാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
ദക്ഷിണേഷ്യയിലെ മാനവ വികസന സൂചികയിൽ ശ്രീലങ്ക ഒന്നാം സ്ഥാനത്താണെങ്കിലും വിനോദസഞ്ചാരം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള പണം (മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പണിയെടുക്കുന്ന ശ്രീലങ്കന്‍ പൗരര്‍ നാട്ടിലേക്ക് അയക്കുന്ന പണം) എന്നിവയെയാണ് സാമ്പത്തിക ശ്രോതസിനായി രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്. സാമ്പത്തികവും രാഷ്ട്രീയവുമായ അസ്ഥിരത തേയില, വസ്ത്ര കയറ്റുമതിയെ ബാധിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പ്രത്യേകിച്ച് 2019 ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പര, കൊവിഡ് എന്നിവ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തി. നികുതിയിളവ്, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഇറക്കുമതി നിരോധനം, തത്ഫലമായി വിളവ് കുറഞ്ഞത് തുടങ്ങിയ സർക്കാർ നയങ്ങള്‍ പാളി. രാജ്യത്തിന്‍റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ഉത്പാദനം പോലും ഇന്ന് ശ്രീലങ്കയിലില്ല.
ഈ സംഭവവികാസങ്ങൾ ഇന്ത്യയെ എങ്ങനെ ബാധിക്കും?ശ്രീലങ്ക നമുക്ക് തന്ത്രപരമായി പ്രധാനപ്പെട്ട രാജ്യമാണ്, ഒരു കാവൽ രാജ്യം പോലെ. നാവിഗേഷനും വാണിജ്യ ആവശ്യങ്ങൾക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രീലങ്ക വളരെ പ്രധാനപ്പെട്ട രാജ്യമാണ്. ശ്രീലങ്കയിലുണ്ടാകുന്ന അസ്ഥിരത നമ്മുടെ രാജ്യത്തെയും വലിയ രീതിയില്‍ ബാധിക്കും.
ശ്രീലങ്കയുമായി നേരിട്ട് അതിർത്തി പങ്കിടുന്ന ആയിരം കിലോമീറ്റർ കോസ്റ്റ്‌ലൈനാണ് തമിഴ്‌നാടിനുള്ളത്. സ്ഥിതി ഇനിയും വഷളായാൽ നിരവധി പേര്‍ തമിഴ്‌നാട്ടിലേക്ക് കുടിയേറും. ദരിദ്രർ ഭക്ഷ്യക്ഷാമം മൂലം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും, ഇത് നമുക്ക് അവഗണിക്കാനാവില്ല.
എൽടിടിഇയുമായി ബന്ധമുള്ള വിഘടനവാദികൾ വീണ്ടും സംഘമായി ഒന്നിക്കാൻ ഒരുങ്ങുന്നതായി അടുത്തിടെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. അത് ശരിയാണെങ്കിൽ, ശ്രീലങ്കയിൽ തീവ്രവാദവും അക്രമവും വീണ്ടും ഉയർന്നുവരാൻ സാധ്യതയുണ്ട്. സിംഹളരും തമിഴരും തമ്മിലുള്ള സംഘർഷം രൂക്ഷമാകാം, ഈ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യ ചിന്തിക്കണം.
ബില്യൺ കണക്കിന് ചൈനീസ് വായ്‌പകളാണ് ശ്രീലങ്കക്കുള്ളത്. ചൈന നിലവിലെ സാഹചര്യം ഒരു അവസരമായി എടുക്കുമോ?ശ്രീലങ്കൻ രാഷ്ട്രീയത്തെ നമുക്ക് നിയന്ത്രിക്കാനാവില്ല. എന്നാല്‍ ചൈനയെപ്പോലുള്ള രാജ്യങ്ങളുടെ നീക്കങ്ങളെ കുറിച്ച് നമ്മള്‍ ജാഗ്രത പുലര്‍ത്തണം. ചൈനയ്ക്ക് ശ്രീലങ്കയില്‍ സ്വാധീനമുണ്ട്, അത് കൂടുതല്‍ ദൃഢമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ശ്രീലങ്കയുടെ വിദേശ കടത്തിന്‍റെ 10 ശതമാനവും ചൈനീസ് വായ്‌പകളാണ്. ചൈനയുടെ പദ്ധതികൾ, പ്രത്യേകിച്ച് ഹംബന്‍തോട്ട തുറമുഖത്തിന്‍റെ വികസനവും മട്ടല അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ വികസനവും, രാജപക്‌സെകള്‍ക്ക് (കുടുംബം) വളരെ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ ജനങ്ങൾക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ലഭിക്കുന്ന നേട്ടം തുച്ഛമാണെങ്കിലും.
99 വർഷത്തേക്ക് ഹംബൻതോട്ട തുറമുഖം ചൈനയ്ക്ക് പാട്ടത്തിന് നൽകിയത് രാജ്യത്തിന്‍റെ പരമാധികാരത്തിന്മേലുള്ള പ്രഹരമാണെന്ന് ചൂണ്ടികാട്ടിയാണ് ശ്രീലങ്കന്‍ ജനത പ്രതിഷേധിച്ചത്. കൊളംബോ പോർട്ട് സിറ്റി പദ്ധതിയുടെ ചൈനീസ് നിക്ഷേപത്തിന്‍റെയും ഉടമസ്ഥതയുടെയും കാര്യത്തിൽ സർക്കാരിന് ഉത്തരം നൽകാൻ കഴിയാത്ത ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ചൈന കളത്തിലിറങ്ങിയാൽ നേട്ടത്തേക്കാൾ നാശനഷ്‌ടങ്ങളായിരിക്കും കൂടുതലെന്ന് ശ്രീലങ്കന്‍ ജനത വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ശ്രീലങ്കയ്ക്ക് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ട് വരാത്തത്?മഹിന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് റനില്‍ വിക്രമസിംഗെയെ നിയമിച്ചതിനെ അന്താരാഷ്‌ട്ര സമൂഹം സ്വാഗതം ചെയ്‌തിട്ടുണ്ട്. ഇന്തോ-പസഫിക് മേഖലയിലുള്ള രാജ്യങ്ങളും അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ ശ്രീലങ്കയിൽ സ്ഥിരത ആഗ്രഹിക്കുന്നു.