മാഡ്രിഡ്: സ്‌പെയിനിലെ ക്രിസ്‌മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഒരു ലോട്ടറിയുടെ നറുക്കെടുപ്പിലൂടെയാണ്. ഒരു ലോട്ടറിക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന് ചിന്തിക്കാൻ വരട്ടെ. കാരണം ലോകത്ത് ഏറ്റവുമധികം സമ്മാനത്തുക നൽകുന്ന ലോട്ടറിയാണ് സ്‌പെയിനിലെ ദേശീയ ലോട്ടറിയായ എൽ ഗോർഡോ. ഒന്നും രണ്ടുമല്ല ഏകദേശം 2.5 ബില്യണ്‍ യൂറോയാണ് (ഇരുപത്തി രണ്ടായിരത്തി മുന്നൂറ് കോടിക്ക് മുകളിൽ) എൽ ഗോർഡോയുടെ ആകെ സമ്മാനത്തുക.
20 യൂറോയാണ് (എകദേശം 1757 രൂപ) ഒരു ടിക്കറ്റിന്‍റെ വില. ടിക്കറ്റെടുക്കുന്നവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഇരുപതിനായിരത്തോളം പേർക്കാണ് ഈ സമ്മാനത്തുക വിഭജിച്ച് നൽകുന്നത്. ഇതിൽ 400,000 യൂറോയാണ് (3.5 കോടി രൂപ) ഒരു ടിക്കറ്റിന്‍റെ പരമാവധി സമ്മാനത്തുക. ഇതിൽ നികുതിയെല്ലാം കഴിഞ്ഞ് ഏകദേശം 325,000 യൂറോ വിജയിക്ക് ലഭിക്കുന്നു.
സ്‌പെയിനിന്‍റെ പാരമ്പര്യം കൂടി വിളിച്ചോതുന്നതാണ് എൽ ഗോർഡോ ലോട്ടറി. നമ്മുടെ നാട്ടിൽ ഓണക്കോടി നൽകുന്നതു പോലെ ക്രിസ്‌മസിന് മുന്നോടിയായി എൽ ഗോർഡോ ടിക്കറ്റുകൾ വാങ്ങി ബന്ധുക്കൾക്കിടയിലും, സുഹൃത്തുക്കൾക്കിടയിലും കൈമാറുന്ന ചടങ്ങും ഇവിടെ നിലനിൽക്കുന്നുണ്ട്.
1763-ൽ കാർലോസ് മൂന്നാമൻ രാജാവിന്‍റെ ഭരണകാലത്താണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി എൽ ഗോർഡോ ലോട്ടറി എന്ന ആശയം നടപ്പിലാക്കിയത്. എന്നാൽ പിന്നീട് ചാരിറ്റി പ്രവർത്തനങ്ങളെക്കാളുപരി സർക്കാരിന്‍റെ ഖജനാവ് ഉയർത്തുക എന്ന ലക്ഷ്യത്തിലേക്ക് എൽ ഗോർഡോ എത്തുകയായിരുന്നു. എന്നിരുന്നാൽ പോലും ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്‍റെ ഒരു വിഹിതം സർക്കാർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.
മാഡ്രിഡിലെ ടീട്രോ റിയൽ ഓപ്പറ ഹൗസിൽ നടക്കുന്ന പ്രൗഢ ഗംഭീരമായ നറുക്കെടുപ്പിൽ മാഡ്രിഡിലെ സാൻ ഇൽഡെഫോൻസോ സ്‌കൂളിലെ കുട്ടികളാണ് വർഷങ്ങളായി വിജയികളായ നമ്പറുകൾ തെരഞ്ഞെടുക്കുന്നത്.