ടെക്‌സസ് (യു.എസ്): സ്‌പേസ് എക്‌സിന്‍റെ ഭീമൻ റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തില്‍ തന്നെ തകര്‍ന്നുവീണു. ആദ്യ പരീക്ഷണ പറക്കല്‍ ആരംഭിച്ച റോക്കറ്റ് മിനിറ്റുകള്‍ക്കകം തന്നെ പൊട്ടിത്തെറിച്ച് മെക്‌സിക്കോ ഉള്‍ക്കടലില്‍ പതിക്കുകയായിരുന്നു. അതേസമയം തകര്‍ന്നുവീണ റോക്കറ്റ് ആളുകളെയോ ഉപഗ്രഹങ്ങളെയോ വഹിച്ചിരുന്നില്ല.
പറന്നുയര്‍ന്നു, തൊട്ടുപിന്നാലെ വീണുടഞ്ഞു:മെക്‌സിക്കന്‍ അതിര്‍ത്തിയുടെ തെക്കേ അറ്റമായ ടെക്‌സസില്‍ നിന്നും ലോകം ചുറ്റിവരാനായി ഇലോണ്‍ മസ്‌കിന്‍റെ കമ്പനി വിക്ഷേപിച്ച ഏതാണ്ട് 400 അടി (120 മീറ്റര്‍) ഉയരമുള്ള സ്‌റ്റാർഷിപ്പ് റോക്കറ്റാണ് ആദ്യ വിക്ഷേപണത്തില്‍ തന്നെ തകര്‍ന്നുവീണത്. വിക്ഷേപണം ആരംഭിച്ച് 24 മൈല്‍ (39 കിലോമീറ്റര്‍) പിന്നിട്ടപ്പോള്‍ തന്നെ 33 എഞ്ചിനുകളുള്ള റോക്കറ്റിൽ ഒന്നിലധികം എഞ്ചിനുകൾ പ്രവർത്തിക്കുന്നില്ലെന്ന ചിത്രങ്ങൾ തെളിഞ്ഞു. ഈ സമയം ബഹിരാകാശ പേടകത്തിൽ നിന്ന് ബൂസ്‌റ്ററിനെ പുറംതള്ളാൻ ശ്രമമുണ്ടായി. എന്നാലിത് ഫലം കണ്ടില്ല. ഇതോടെ റോക്കറ്റിന് തീ പടരുകയും നാല് മിനിറ്റിനുള്ളില്‍ തന്നെ പൊട്ടിത്തെറിച്ച് ഉള്‍ക്കടലില്‍ പതിക്കുകയുമായിരുന്നു.
എല്ലാം മുന്നേ കണ്ട മസ്‌ക്:അതേസമയം വിക്ഷേപണം കഴിഞ്ഞ് ഹവായിക്കടുത്തുള്ള പസഫികില്‍ പതിക്കുന്നതിന് മുമ്പ് റോക്കറ്റില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ബഹിരാകാശ പേടകം കിഴക്കോട്ട് നീങ്ങുകയും ലോകം ചുറ്റുകയുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ശാസ്‌ത്രജ്ഞരെയും കാഴ്‌ചക്കാരെയും ഒരുപോലെ ഞെട്ടിച്ച് റോക്കറ്റ് തകര്‍ന്നുവീഴുകയായിരുന്നു. റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തെത്തി. സ്‌റ്റാർഷിപ്പിന്‍റെ ആവേശകരമായ പരീക്ഷണ വിക്ഷേപണമാണിത്. ഏതാനും മാസങ്ങൾക്കുള്ളിലെ അടുത്ത പരീക്ഷണ വിക്ഷേപണത്തിനായി ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നായിരുന്നു മസ്‌കിന്‍റെ ട്വീറ്റ്. മാത്രമല്ല പരീക്ഷ വിക്ഷേപണത്തിന്‍റെ ആഴ്‌ചകള്‍ക്ക് മുമ്പ് തന്നെ പേടകം ഭ്രമണപഥത്തിലെത്തുമെന്നതില്‍ പകുതി സാധ്യതകള്‍ മാത്രമാണ് മസ്‌ക് നല്‍കിയിരുന്നത്.