സിയോള്‍ (ദക്ഷിണ കൊറിയ): ഹാലോവീൻ ആഘോഷങ്ങള്‍ക്കിടെ നഗരത്തിലെ തിക്കിലും തിരക്കിലുംപെട്ട് പത്ത് മരണം. സിയോളില്‍ ഹാലോവീൻ ആഘോഷങ്ങള്‍ക്കായി തെരുവിലെ ഇടുങ്ങിയ വഴിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിലുള്‍പ്പെട്ടവരാണ് ഹൃദയാഘാതവും ഹൃദയസ്‌തംഭനവും മൂലം മരിച്ചത്. സംഭവത്തില്‍ അമ്പതില്‍പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുമുള്ളതായി അധികൃതര്‍ അറിയിച്ചു.
ദക്ഷിണ കൊറിയയില്‍ തിക്കിലും തിരക്കിലും പത്ത് മരണം, അമ്പതിലേറെ പേര്‍ക്ക് പരിക്ക് - സിയോള്‍
ദക്ഷിണ കൊറിയയിലെ സിയോളില്‍ ഇറ്റവോണ്‍ നഗരത്തില്‍ ഹാലോവീൻ ആഘോഷങ്ങള്‍ക്കിടെയാണ് അപകടം. ഹൃദയാഘാതവും ഹൃദയസ്‌തംഭനവുമാണ് മരണ കാരണം.
സിയോളിലെ ഇറ്റവോണ്‍ നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കാറുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നായ ഹാമിൽട്ടൺ ഹോട്ടലിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയില്‍ ഹാലോവീൻ ആഘോഷങ്ങള്‍ കാണാന്‍ ജനം തടിച്ചുകൂടുകയായിരുന്നു. കാണികള്‍ വര്‍ധിച്ചതോടെ മുന്നോട്ട് നീങ്ങിയ ജനാവലിക്കിടയില്‍ പെട്ട് നിര്‍വധിപേര്‍ ഹൃദയാഘാതവും ഹൃതയസ്‌തംഭനവും മൂലം മരിക്കുകയായിരുന്നു. ശ്വാസതടസം നേരിടുന്നവര്‍ക്ക് കൃത്രിമ ശ്വാസം (സിപിആര്‍) നല്‍കിവരികയാണെന്നും ചിലരെയെല്ലാം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
അതേസമയം പേര് റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു അജ്ഞാത സെലിബ്രിറ്റി സന്ദർശിച്ച വാര്‍ത്ത കേട്ട് തടിച്ചുകൂടി ജനം കാണാന്‍ തിരക്കുകൂട്ടിയതാണ് അപകടകാരണമെന്ന് പ്രാദേശിക കൊറിയന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പരിക്കേറ്റവർക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും പ്രദേശത്തെ സുരക്ഷ അവലോകനം ചെയ്യാനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.