സിംഗപ്പൂര്‍ : ഇന്ത്യൻ വംശജനായ സിംഗപ്പൂര്‍ ഗതാഗത മന്ത്രി എസ്. ഈശ്വരൻ രാജിവച്ചു. അഴിമതി ആരോപണത്തെ തുടർന്ന് വ്യാഴാഴ്ച ആയിരുന്നു രാജി. പീപ്പിൾസ് ആക്ഷൻ പാർട്ടി നേതാവും 61കാരനുമായ എസ്. ഈശ്വരൻ പാർലമെന്‍റ് അംഗത്വവും ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിപിഐ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം ജൂലൈ 11 നായിരുന്നു എസ്. ഈശ്വരൻ അറസ്റ്റിലായത്.
2022 സെപ്റ്റംബറിലും ഡിസംബറിലും സിംഗപ്പൂർ ടൂറിസം ബോർഡുമായുള്ള സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സ് കരാറിൽ, ഹോട്ടലുടമയുടെ ബിസിനസ് താൽപര്യങ്ങൾ മുൻനിർത്തി 1,60,000 എസ്‌ജിഡി വാങ്ങിയെന്നാണ് ഈശ്വരനെതിരെയുള്ള ആരോപണം. കൂടാതെ ജനപ്രതിനിധിയായിരിക്കെ 2015 നവംബറിനും 2021 ഡിസംബറിനുമിടയിലുള്ള കാലയളവില്‍ സിംഗപ്പൂർ ഗ്രാൻഡ് പ്രിക്‌സ് ടിക്കറ്റുകൾ ഉൾപ്പടെ വിലപിടിപ്പുള്ള വസ്‌തുക്കൾ സ്വീകരിച്ചതും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തെ ജില്ലാ ജഡ്‌ജിയ്ക്ക് മുന്നിൽ ഹാജരായ എ.സ്. ഈശ്വരനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് രണ്ട് കുറ്റങ്ങള്‍ കൂടി ചുമത്തിയിരുന്നു.
നിയമനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, അഴിമതി നിരോധന നിയമപ്രകാരവുമുള്ള വകുപ്പുകളാണ് എസ്. ഈശ്വരനെതിരെ ചുമത്തിയത്. സിബിപിഐ അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കേസിന്‍റെ ഭാഗമായി സിംഗപ്പൂർ ഗ്രാൻഡ് പ്രിക്‌സിന്‍റെ അവകാശിയും, റേസ് പ്രൊമോട്ടർ സിംഗപ്പൂർ ജിപി ചെയർമാനുമായ വ്യവസായി ഓങ് ബെംഗ് സെങ്ങിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്‌തിരുന്നു. എസ്. ഈശ്വരനുമായുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ നല്‍കാന്‍ അന്വേഷണ ഏജന്‍സി ഓങ് ബെംഗ് സെങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.