സിംഗപ്പൂർ:30 ഗ്രാം ഹെറോയിൻ കടത്തിയ കേസിൽ പ്രതിയായ 45കാരിയെ തൂക്കിക്കൊന്ന് സിംഗപ്പൂർ സർക്കാർ. 20 വർഷത്തിനിടെ രണ്ടാം തവണയാണ് ലഹരി കേസില്‍ തൂക്കിക്കൊല്ലുന്നത്. സിംഗപ്പൂർ സ്വദേശിയായ സരിദേവി ജമാനിയെയാണ് വധിച്ചത്.
മയക്കുമരുന്ന് കേസില്‍ പ്രതിയായ മുഹമ്മദ് അസീസ് ബിൻ ഹുസൈനെ അടുത്തിടെ സിംഗപ്പൂരില്‍ തൂക്കിക്കൊന്നിരുന്നു. ശേഷമാണ്, 45കാരിയെ ഈ ആഴ്‌ച തൂക്കിക്കൊന്നത്. സിംഗപ്പൂരില്‍ കർശനമായ മയക്കുമരുന്ന് വിരുദ്ധ നിയമങ്ങളാണുള്ളത്. ലോകത്ത് പല രാജ്യങ്ങളിലും മയക്കുമരുന്ന് നിയമവിധേയമായിരിക്കെ സമാന കേസുകളില്‍ വധശിക്ഷയാണ് ഇവിടെ നടപ്പാക്കുന്നത്.
500 ഗ്രാമിൽ കൂടുതൽ കഞ്ചാവോ 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിനോ കടത്തുന്നത് പിടിക്കപ്പെട്ടാല്‍ വധശിക്ഷയാണ് സിംഗപ്പൂരില്‍. 2018 ജൂലൈ ആറിനാണ് സരിദേവി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നടപടിക്രമങ്ങൾ പൂര്‍ത്തിയായത് സംബന്ധിച്ചുള്ള വിവരം സിംഗപ്പൂര്‍ സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ (സിഎൻബി) പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബർ ആറിന് പരമോന്നത കോടതി, സ്‌ത്രീയുടെ അപ്പീൽ തള്ളിയിരുന്നു. രാഷ്‌ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും മുന്‍പേ തള്ളിയിരുന്നതായി അധികൃതര്‍ പറഞ്ഞു. 2017ൽ 50 ഗ്രാം ഹെറോയിൻ കടത്തിയ കുറ്റത്തിന് അസീസിനെ ബുധനാഴ്‌ച (26 ജൂലൈ) തൂക്കിലേറ്റി രണ്ട് ദിവസത്തിന് ശേഷമാണ് 45കാരിയെ തൂക്കിക്കൊന്നത്. ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ കണക്കനുസരിച്ച്, ചൈന, ഇറാൻ, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷ നടപ്പാക്കുന്നത്.
തായ്‌ലൻഡില്‍ ലഹരി നിയമവിധേയം; സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി രാജ്യങ്ങള്‍:തായ്‌ലൻഡില്‍, കഞ്ചാവ് നിയമവിധേയമാക്കിയതിനെ തുടര്‍ന്ന് സഞ്ചാരികളുടെ ഒഴുക്കാണ് ഈ രാജ്യത്തേക്ക്. ജപ്പാന്‍, ചൈന അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ധാരാളം ടൂറിസ്റ്റുകളാണ് ഇവിടേക്ക് എത്തുന്നത്. ഇക്കാരണം കൊണ്ട് തന്നെ സഞ്ചാരികള്‍ക്ക് ഈ രാജ്യങ്ങളിലെ അധികൃതര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഇതര രാജ്യങ്ങളില്‍ നിന്നെത്തി, ആദ്യമായി ലഹരി പരീക്ഷണം നടത്തുന്നവരും ഇവിടെ ധാരാളമാണ്.
കഞ്ചാവ് ഉപയോഗത്തിന് ശേഷം തനിക്ക് എന്ത് മാറ്റമാണ് തോന്നുക എന്നതിനെക്കുറിച്ച് വലിയ ആകാംക്ഷയുണ്ടായിരുന്നെന്ന് ഒരു ജപ്പാന്‍ സ്വദേശി പറയുന്നു. പുറമെ, ബാങ്കോക്കിലെ തന്‍റെ 'പരീക്ഷണം', നാട്ടില്‍ നിയമപരമായ പൊല്ലാപ്പുകളുണ്ടാക്കിയേക്കുമോ എന്ന ഭയവും ഇയാള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ തന്‍റെ പേര് ഉപയോഗിക്കരുതെന്ന് പറഞ്ഞ ഇയാള്‍ അന്താരാഷ്‌ട്ര വാര്‍ത്താഏജന്‍സിയോട് തന്‍റെ അനുഭവം പങ്കുവച്ചു.
READ MORE |Thailand | ഏഷ്യന്‍ സഞ്ചാരികളെ മാടിവിളിച്ച് തായ്‌ലന്‍ഡ് 'കഞ്ചാവ് സ്വാതന്ത്ര്യം'; 'ഇല'ക്കാര്യത്തില്‍ വേണം ജാഗ്രതയെന്ന് ചൈനയും ജപ്പാനും
ജപ്പാന്‍ ടൂറിസ്റ്റ് പറയുന്നത്:'എന്തുകൊണ്ടാണ് കഞ്ചാവ് ജപ്പാൻ നിരോധിച്ചത് എന്ന കാര്യത്തില്‍ എനിക്ക് വലിയ അത്ഭുതമുണ്ട്. എനിക്ക് ഇത് പരീക്ഷിക്കാൻ നേരത്തേ ആഗ്രഹമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള കൂടുതൽ രാജ്യങ്ങൾ കഞ്ചാവ് നിയമവിധേയമാക്കുന്ന സാഹചര്യമാണുള്ളത്. തായ്‌ലൻഡ് ഏഷ്യന്‍ രാജ്യമായിട്ടും ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്.' - ജപ്പാന്‍ സ്വദേശി വ്യക്തമാക്കി. എന്നാല്‍ ജപ്പാന്‍, ചൈന ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗം നിയമവിരുദ്ധമാണ്. വിദേശത്ത് തങ്ങളുടെ പൗരന്മാര്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞാല്‍ സ്വന്തം രാജ്യത്ത് ലഹരി ഉപയോഗിച്ചതിന് സമാനമായ കുറ്റമാണ് ഇവിടങ്ങളില്‍.