ഒട്ടാവ (കാനഡ): ഇന്ത്യന്‍ വംശജനായ സിഖുകാരനെയും 11 വയസുള്ള മകനെയും വെടിവച്ച് കൊലപ്പെടുത്തി. കാനഡയിലെ സംഘടിത കുറ്റകൃത്യങ്ങള്‍ കൊണ്ട് കുപ്രസിദ്ധനായ ഹര്‍പ്രീത് സിങ് ഉപ്പലും (41) ഇദ്ദേഹത്തിന്‍റെ മകനുമാണ് കുറ്റവാളിസംഘത്തിന്‍റെ വെടിയേറ്റ് മരിച്ചത്. അതേസമയം ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന മകന്‍റെ സുഹൃത്ത് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.
സംഭവം ഇങ്ങനെ:വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം നടക്കുന്നത്. ഇവര്‍ ഈ സമയം എഡ്മോണ്‍ട്ടണ്‍ നഗരത്തിലെ ഗ്യാസ് സ്‌റ്റേഷന് സമീപമായിരുന്നു ഉണ്ടായിരുന്നത്. വെടിവയ്‌പ്പില്‍ ഉപ്പലിന്‍റെ കാറിലുണ്ടായിരുന്ന മകന്‍റെ സുഹൃത്ത് പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നും എഡ്മോണ്‍ട്ടണ്‍ പൊലീസ് സര്‍വീസ് ആക്‌ടിങ് സൂപ്രണ്ട് കോളിന്‍ ഡെര്‍ക്‌സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഉപ്പലിനെ ലക്ഷ്യംവച്ച സംഘം കാറില്‍ കുട്ടികളുണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നോ എന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുപക്ഷെ വെടിയുതിര്‍ത്തയാളോ സംഘമോ കാറില്‍ കുട്ടിയുണ്ടെന്ന് മനസിലാക്കിയിരുന്നെങ്കില്‍ അവനെയും വെടിവച്ച് കൊന്നേനെയെന്ന് കോളിന്‍ ഡെര്‍ക്‌സണ്‍ പറഞ്ഞു. കുട്ടികളെ കൊലപ്പെടുത്തുന്ന പ്രവണത അടുത്തിടെ ഇത്തരം കുറ്റവാളിസംഘങ്ങള്‍ മാറ്റിവരികയായിരുന്നുവെന്നും എന്നാല്‍ അതില്‍ മാറ്റം വന്നതായാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.