കേരളം

kerala

ETV Bharat / international

Shootings across US | യുഎസില്‍ തുടരെ വെടിവയ്പ്പ്‌; 6 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക് - യുഎസില്‍ ആക്രമണങ്ങൾ

യുഎസിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്‌പ്പും ആക്രമണങ്ങളും

mass shooting in US St Louis  Teenager killed  shootings in the US  6 killed in US  WEEKEND SHOOTINGS ACROSS US  SHOOTINGS ACROSS US  SHOOTINGS IN US  shooting  KILLED  യുഎസിനെ നടുക്കി കൂട്ട വെടിവെപ്പും ആക്രമണങ്ങളും  യുഎസില്‍ കൂട്ട വെടിവെപ്പും ആക്രമണങ്ങളും  യുഎസില്‍ കൂട്ട വെടിവെപ്പ്  യുഎസില്‍ വെടിവെപ്പ്  യുഎസില്‍ ആക്രമണങ്ങൾ  യുഎസ് ആക്രമണങ്ങൾ
WEEKEND SHOOTINGS ACROSS US | യുഎസില്‍ തുടരെ വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്

By

Published : Jun 19, 2023, 8:15 AM IST

Updated : Jun 19, 2023, 11:54 AM IST

വാഷിംഗ്‌ടൺ:യുഎസിനെ നടുക്കി വീണ്ടും കൂട്ട വെടിവയ്‌പ്പും ആക്രമണങ്ങളും. പെൻസിൽവാനിയ സ്റ്റേറ്റില്‍ (Pennsylvania state) ഉൾപ്പടെ വാരാന്ത്യത്തില്‍ നടന്ന അക്രമണത്തില്‍ ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. സബർബൻ ചിക്കാഗോ, വാഷിംഗ്‌ടൺ സ്റ്റേറ്റ്, പെൻസിൽവാനിയ, സെന്‍റ് ലൂയിസ്, സതേൺ കാലിഫോർണിയ, ബാൾട്ടിമോർ എന്നിവിടങ്ങളില്‍ കഴിഞ്ഞ കുറേ വർഷങ്ങളായി വെടിവയ്പ്പും‌ കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും വർധിക്കുകയാണെന്ന് വിദഗ്‌ധർ പറയുന്നു.

'അക്രമ സംഭവങ്ങളില്‍ വർധനയുണ്ടായി എന്നതിൽ തർക്കമില്ല' -കാർണഗീ മെലോൺ സർവകലാശാലയിലെ പബ്ലിക് പോളിസി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രൊഫസറായ ഡാനിയൽ നാഗിൻ പറഞ്ഞു. 'ഈ കേസുകളിൽ ചിലത് കേവലം തർക്കങ്ങളാണെന്ന് തോന്നുന്നു. പലപ്പോഴും കൗമാരക്കാർക്കിടയിൽ നടക്കുന്ന ഇത്തരം തർക്കങ്ങളില്‍ മുഷ്‌ടിക്ക് പകരം തോക്കുകളാണ് അവർ ആയുധമാക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അക്രമ സംഭവങ്ങളിലെ വർധനവിന്‍റെ കാരണത്തെക്കുറിച്ചുള്ള നിഗമനങ്ങളില്‍ ഗവേഷകർക്ക് വിയോജിപ്പുണ്ട്. അമേരിക്കയിലെ തോക്കുകളുടെ വ്യാപനം, പൊലീസിന്‍റെ അക്രമാസക്തമായ നീക്കങ്ങൾ, ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ എന്നിവയെല്ലാം ആക്രമണങ്ങളുടെ തോത് കൂടാൻ കാരണമായെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നതായി നാഗിൻ പറഞ്ഞു.

ഞായറാഴ്‌ച വൈകുന്നേരത്തെ കണക്കനുസരിച്ച്, ഓരോ സ്ഥലത്തും നാലിൽ താഴെ ആളുകളാണ് കൊല്ലപ്പെട്ടത് എന്നതിനാല്‍ വാരാന്ത്യത്തില്‍ നടന്ന കൊലപാതകങ്ങൾ കൂട്ടക്കൊലയായി കണക്കാക്കാൻ കഴിയില്ല. എന്നിരുന്നാലും, മിക്ക കേസുകളിലെയും പരിക്കേറ്റവരുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോൾ കൂട്ടക്കൊലയ്‌ക്കുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.

ഈ വാരാന്ത്യത്തില്‍ നടന്ന വെടിവയ്പ്പു‌കൾ:

വില്ലൊബ്രൂക്ക്, ഇല്ലിനോയിസ് (Willowbrook, Illinois):ഞായറാഴ്‌ച പുലർച്ചെ ഷിക്കാഗോയിലെ സബർബൻ പാർക്കിങ് സ്ഥലത്ത് (suburban Chicago parking) 23 പേർക്ക് വെടിയേറ്റു. ഒരാൾക്ക് അക്രമത്തില്‍ മാരകമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ജുനെറ്റീൻത് ആഘോഷിക്കാൻ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾക്കിടയിലേക്കാണ് അക്രമികൾ വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു.

ഷിക്കാഗോയിൽ നിന്ന് 20 മൈൽ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇല്ലിനോയിസിലെ വില്ലൊബ്രൂക്കിൽ സമാധാനപരമായി ഒത്തുകൂടിയ ജനക്കൂട്ടത്തിനുനേരെ അക്രമികൾ ഒന്നിലധികം തവണ വെടിയുതിർക്കുകയായിരുന്നു എന്നും ഡ്യൂപേജ് കൗണ്ടി ഷെരീഫിന്‍റെ ഓഫിസ് വിവരിച്ചു. അതേസമയം ആക്രമണത്തിന്‍റെ കാരണം വ്യക്തമായിട്ടില്ലെന്നും ഷെരീഫിന്‍റെ വക്താവ് റോബർട്ട് കരോൾ പറഞ്ഞു.

വാഷിംഗ്‌ടൺ സ്റ്റേറ്റ് (Washington state):വാഷിംഗ്‌ടൺ സ്റ്റേറ്റ് ക്യാമ്പ് ഗ്രൗണ്ടിന് സമീപം ഒരു സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഒത്തുചേർന്ന ആൾക്കൂട്ടത്തിന് നേരെ ശനിയാഴ്‌ച രാത്രിയാണ് വെടിവപ്പുണ്ടായത്. പൊടുന്നനെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. ബിയോണ്ട് വണ്ടർലാൻഡ് ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് ഫെസ്റ്റിവലിൽ നിന്ന് നൂറു വാര അകലെ നിന്നുമാണ് പ്രതിയെ എൻഫോഴ്‌സ്‌മെന്‍റ് ഓഫിസർമാര്‍ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തെ തുടർന്ന് ഞായറാഴ്‌ചത്തെ സംഗീതോത്സവം സംഘാടകർ റദ്ദാക്കിയിരുന്നു.

സെൻട്രൽ പെൻസിൽവാനിയ (Central Pennsylvania):ശനിയാഴ്‌ച സെൻട്രൽ പെൻസിൽവാനിയയിൽ തോക്ക് ധാരിയായ അക്രമി നടത്തിയ വെടിവയ്‌പ്പില്‍ സംസ്ഥാനത്തെ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. ശനിയാഴ്‌ച രാവിലെ 11 മണിയോടെ ലൂയിസ്‌ ടൗൺ ബാരക്കിന്‍റെ പാർക്കിങ് ഗ്രൗണ്ടിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ പ്രതി, വലിയ കാലിബർ റൈഫിൾ ഉപയോഗിച്ച് പട്രോളിങ് കാറുകൾക്ക് നേരെ വെടിയുതിർക്കുകയും പിന്നാലെ ഓടി രക്ഷപ്പെടുകയും ആയിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

29കാരനായ ട്രൂപ്പർ ജാക്വസ് റൂഗോ ജൂനിയർ തന്‍റെ പട്രോളിങ് കാറിന്‍റെ വിൻഡ്‌ഷീൽഡിലൂടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. അതേസമയം അക്രമിയെ നേരിടുന്നതിനിടെയാണ് 45 കാരനായ ജെയിംസ് വാഗ്നറിന് മിഫ്‌ലിൻടൗണിൽ വച്ച് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്.

സെന്‍റ് ലൂയിസ് (St. Louis):ഡൗണ്ടൗൺ സെന്‍റ് ലൂയിസ് ഓഫിസ് കെട്ടിടത്തിൽ ഞായറാഴ്‌ച പുലർച്ചെ നടന്ന വെടിവയ്‌പ്പിൽ 17 വയസുകാരൻ കൊല്ലപ്പെടുകയും ഒമ്പത് കൗമാരക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. സംഭവത്തില്‍ കൈത്തോക്ക് കൈവശം വച്ച പ്രായപൂർത്തിയാകാത്ത ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മക്കാവോ മൂർ എന്ന ആണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്‌ച പുലർച്ചെ ഒരു മണിയോടെ കൗമാരക്കാർ പാർട്ടി നടത്തുന്നതിനിടെയാണ് വെടിവയ്പ്പ്‌ ഉണ്ടായത്. പരിക്കേറ്റവർ 15 മുതൽ 19 വയസ് വരെ പ്രായമുള്ളവരാണെന്നും പലർക്കും ഒന്നിലധികം വെടിയേറ്റ മുറിവുകൾ ഉള്‍പ്പെടെയുള്ള പരിക്കുകളുണ്ടെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച 17 വയസുകാരിയെ അക്രമി ചവിട്ടി വീഴ്ത്തിയെന്നും നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണെന്നുമാണ് വിവരം.

തെക്കൻ കാലിഫോർണിയ (Southern California):തെക്കൻ കാലിഫോർണിയയിലെ വീട്ടിൽ നടന്ന പൂൾ പാർട്ടിക്കിടെ ഉണ്ടായ വെടിവയ്പ്പി‌ൽ എട്ട് പേർക്ക് പരിക്കേറ്റതായി ശനിയാഴ്‌ചയാണ് അധികൃതർ അറിയിച്ചത്. ലോസ് ഏഞ്ചൽസിന് (Los Angeles) തെക്ക് കാലിഫോർണിയയിലെ കാർസണിൽ അർധരാത്രിയോടെ ആയിരുന്നു സംഭവം. ഇരകൾ 16 മുതൽ 24 വയസ് വരെ പ്രായമുള്ളവരാണെന്ന് ലോസ് ഏഞ്ചൽസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റ് പ്രസ്‌താവനയിൽ പറഞ്ഞു. ഇവരെ ആശുപത്രികളിലേക്ക് കൊണ്ടുപോയെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് പ്രസ്‌താവന വ്യക്തമാക്കുന്നത്.

ബാൾട്ടിമോർ (Baltimore):വെള്ളിയാഴ്‌ച രാത്രി ബാൾട്ടിമോറിൽ ഉണ്ടായ വെടിവയ്പ്പി‌ൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. നഗരത്തിന്‍റെ വടക്ക് ഭാഗത്ത് രാത്രി 9 മണിയോടെ ഉദ്യോഗസ്ഥർ വെടിയൊച്ച കേൾക്കുകയായിരുന്നു. തുടർന്ന് വെടിയേറ്റ് പരിക്ക് പറ്റിയ നിലയില്‍ മൂന്ന് പേരെ കണ്ടെത്തി. ഇവരെ കൂടാതെ മറ്റ് മൂന്ന് പേർക്ക് കൂടി വെടിയേറ്റിരുന്നു. പരിക്കേറ്റവർ 17 മുതൽ 26 വയസ് വരെ പ്രായമുള്ളവരാണെന്ന് ബാൾട്ടിമോർ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ലിൻഡ്‌സെ എൽഡ്രിഡ്‌ജ് പറഞ്ഞു.

ALSO READ:വെസ്റ്റ് ബാങ്കില്‍ വീണ്ടും വെടിവയ്‌പ്പ്; യുഎസ് മുന്‍ നാവികന് പരിക്ക്, അക്രമകാരിയെ പിടികൂടി

Last Updated : Jun 19, 2023, 11:54 AM IST

ABOUT THE AUTHOR

...view details