കേരളം

kerala

ETV Bharat / international

സ്‌കൂളില്‍ വെടിയുതിര്‍ത്ത് 17കാരന്‍ ; ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ശേഷം ആത്മഹത്യ

Shooting in Iowa school : പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരം. എന്നാല്‍ ജീവന് ഭീഷണിയില്ലെന്നാണ് വിവരം

shooting in Iowa school  Dylen Butler  ഒരാള്‍ കൊല്ലപ്പെട്ടു  അക്രമം അവധി കഴിഞ്ഞ ദിനം
Shooting in Iowa school

By ETV Bharat Kerala Team

Published : Jan 5, 2024, 1:02 PM IST

പെറി (യുഎസ്) : ശൈത്യകാല അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന ആദ്യ ദിവസം സഹപാഠികള്‍ക്കുനേരെ വെടിയുതിര്‍ത്ത് പതിനേഴുകാരന്‍. സംഭവത്തില്‍ ആറാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു (Shooting in iowa school). അമേരിക്കയിലെ മധ്യ പശ്ചിമ സംസ്ഥാനമായ ഇയാവോയില്‍ ആണ് സംഭവം.

പരിക്കേറ്റവരില്‍ നാല് പേരും വിദ്യാര്‍ഥികളാണ്. പ്രിന്‍സിപ്പാളാണ് പരിക്കേറ്റ മറ്റൊരാള്‍. വെടിയുതിര്‍ത്ത ശേഷം ഈ വിദ്യാര്‍ഥി സ്വയം നിറയൊഴിച്ച് മരിച്ചു. ഡൈലന്‍ ബട്‌ലര്‍ എന്ന പതിനേഴുകാരനാണ് വെടിയുതിര്‍ത്തത്. ഇയാള്‍ അതുവരെയും ശാന്തനായ വിദ്യാര്‍ഥിയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

രാവിലെ ഏഴരയോടെയാണ് വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയത്. രണ്ട് തോക്കുകള്‍ കൈവശം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഓഫീസ് മുറിയിലും ക്ലാസ് മുറികളിലും കയറി നടന്ന ബട്‌ലര്‍ പിന്നീട് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കൂടുതല്‍ പേരെ കൊല്ലാന്‍ ഇയാള്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ നിന്ന് ഒരു തോക്കുകൂടി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Also Read: ന്യൂജേഴ്‌സിയില്‍ പള്ളി ഇമാം വെടിയേറ്റ് കൊല്ലപ്പെട്ടു; നെവാര്‍ക്കില്‍ സുരക്ഷ ശക്തം

വെടിവയ്‌പ്പിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഈ വിദ്യാര്‍ഥി ഈയിടെ പങ്കുവച്ചിട്ടുണ്ട്. അക്രമം നടത്തുന്നതിന് തൊട്ടുമുമ്പ് സ്‌കൂളിലെ ശുചിമുറിയില്‍ നിന്നുള്ള ഒരു ടിക്ക് ടോക്ക് വീഡിയോയും ഈ വിദ്യാര്‍ഥി പങ്കുവച്ചിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ കാത്തിരിക്കുകയാണ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ.

ജര്‍മ്മന്‍ ഭാഷയിലുള്ള ഒരു ഗാനമാണ് ഇതിനൊപ്പമുള്ളത്. ഇനി ഞാന്‍ നിങ്ങളുടെ പേടി സ്വപ്നമായി മാറും. ഇനി ഞാന്‍ നിങ്ങളുടെ വലിയ ശത്രുവാകും. പ്രണയത്തിന്‍റെ കുഴലില്‍ നിന്ന് വെടിയുണ്ടകള്‍ വര്‍ഷിക്കുന്നു എന്നും അര്‍ഥം വരുന്ന ഗാനമാണിത്. വിഷാദ രോഗം പോലുള്ളവയാണോ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

അക്രമം നടത്തിയ വിദ്യാര്‍ഥി സ്‌കൂളില്‍ വലിയ തോതില്‍ സഹപാഠികളാല്‍ കളിയാക്കപ്പെട്ടിരുന്നതായി സുഹൃത്തുക്കളും സഹോദരിയും വ്യക്തമാക്കി. മാതാപിതാക്കള്‍ ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയിലും പെടുത്തിയിരുന്നതാണ്. ഈ വിദ്യാര്‍ഥിയുടെ ഇളയ സഹോദരിയെയും സ്‌കൂളില്‍ കളിയാക്കുകയും അപമാനിക്കുകയും ചെയ്തതായും ഇവര്‍ പറയുന്നു. ഒടുവില്‍ അവന്‍ മരണത്തില്‍ അഭയം തേടിയതാകാമെന്നാണ് ഇവരുടെ നിഗമനം. എന്നാല്‍ കളിയാക്കലിനും പരിഹസിക്കലിനുമുള്ള മറുപടി ഇതായിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയില്‍ വെടിവയ്‌പ്പുകള്‍ സര്‍വസാധാരണമായി മാറിയിരിക്കുകയാണ്. ഇക്കൊല്ലം ഇതുവരെ മൂന്ന് വെടിവയ്‌പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്‌തുകഴിഞ്ഞു. നാലുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ പ്രൈമറിക്ക് കേവലം രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് വെടിവയ്‌പ്പുണ്ടായിരിക്കുന്നത്.

ABOUT THE AUTHOR

...view details