ധാക്ക:വർഷങ്ങളോളം പട്ടാള ഭരണത്തിലായിരുന്ന ബംഗ്ലാദേശില്‍ സ്ഥിരമായൊരു ജനാധിപത്യ സർക്കാർ എന്നതാണ് ഷെയ്‌ഖ് ഹസീന എന്ന പേരും അവരുടെ രാഷ്ട്രീയവും. ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന വനിത നേതാവ് എന്ന വിശേഷണവും ഷെയ്‌ഖ് ഹസീനയ്ക്ക് സ്വന്തം. ബംഗ്ലാദേശ് സ്ഥാപകൻ ഷെയ്ഖ് മുജീബുർ റഹ്മാന്‍റെ മകൾ തുടർച്ചയായി നാലാം തവണയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകുന്നത്. ഇതുവരെ അഞ്ച് തവണയാണ് ബംഗ്ലാദേശ് അവാമി ലീഗ് ദേശീയ അധ്യക്ഷ കൂടിയായ ഷെയ്‌ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുള്ളത്.
76 കാരിയായ ഹസീന 2009 മുതൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ്. 2014 ജനുവരി 14-ന് നടന്ന തെരഞ്ഞെടുപ്പിലും 2018 ഡിസംബർ 30ന് നടന്ന തെരഞ്ഞെടുപ്പിലും ഷേഖ് ഹസീന പ്രധാനമന്ത്രി പദത്തിലെത്തി. 2018ലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണ് വിജയിച്ചതെന്ന ആക്ഷേപവുമുണ്ടായി. ഇത്തവണയും വിവിധ കാരണങ്ങൾ ആരോപിച്ച് പ്രധാന പ്രതിപക്ഷ പാർട്ടികളെല്ലാം ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.
1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. അതിനുശേഷം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ 2004-ൽ ഹസീനയ്ക്കെതിരേ വധശ്രമമുണ്ടായിരുന്നു. 2007-ൽ ഹസീനയെ അഴിമതിക്കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്യുകയുണ്ടായി.
1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷേയ്ഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷേഖ് ഹസീന. പരേതനായ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ എം.എ. വഹീദ് മിയ ആണ് ഭർത്താവ്.
ഇനി കൂടുതല്‍ ശക്ത: മുൻ പ്രധാനമന്ത്രി ഖാലിദ സിയ നേതൃത്വം നല്‍കുന്ന പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി), സഖ്യകക്ഷികൾ എന്നിവരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിനിടെയാണ് ഷെയ്‌ഖ് ഹസീന നേതൃത്വം നല്‍കുന്ന ബംഗ്ലാദേശ് അവാമി ലീഗ് വീണ്ടും അധികാരത്തിലെത്തിയത്. അതുകൊണ്ടു തന്നെ ഷെയ്‌ഖ് ഹസീന ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തയാകുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്. ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും വിസ നിഷേധിക്കുമെന്ന് അടക്കം യുഎസ് നിലപാട് എടുത്തു. ഇതിന് മറുപടിയായി, തന്നെ പുറത്താക്കി ജനാധിപത്യത്തെ ഇല്ലാതാക്കാൻ അമേരിക്ക ശ്രമിക്കുന്നതായി ഹസീന പാർലമെന്റിനെ അറിയിച്ചു.
കഴിഞ്ഞ 15 വർഷമായി ദക്ഷിണേഷ്യൻ രാജ്യത്ത് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെട്ട ജീവിതനിലവാരവും സൃഷ്‌ടിക്കാൻ ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വർഷങ്ങളോളം പട്ടാളഭരണത്തിന് സാക്ഷ്യം വഹിച്ച രാജ്യത്ത് സുസ്ഥിരത പ്രദാനം ചെയ്യുന്നതിനും വികസന പദ്ധതികൾ ആവിഷ്‌കരിച്ചതിനുമാണ് ജനം വീണ്ടും ഹസീനയെ പിന്തുണച്ചതെന്നും അവാമി ലീഗ് അവകാശപ്പെടുന്നു.