ഇസ്‌ലാമാബാദ്: വിശ്വാസ വോട്ട് നേടാനാകാതെ ഇമ്രാൻഖാൻ പുറത്തായതോടെ പാകിസ്ഥാന്‍റെ പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്‌ച തെരഞ്ഞെടുക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30-നാണ് ദേശീയ സഭയിൽ വോട്ടെടുപ്പ്. പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷെറീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷരീഫാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാർഥി.
ഇമ്രാൻ ഖാന്‍റെ പാര്‍ട്ടിയായ പാകിസ്ഥാൻ തെഹരീക് ഇ ഇൻസാഫിലെ മഹമൂദ് ഖുറേഷിയും മത്സര രംഗത്തുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരവരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. ഷഹബാസ് ഷരീഫിന്‍റെ പത്രിക തള്ളണമെന്ന് പി.ടി.ഐ. ആവശ്യപ്പെട്ടെങ്കിലും ദേശീയസഭ സെക്രട്ടേറിയറ്റ് അംഗീകരിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ദേശീയസഭയിൽനിന്ന് പി.ടി.ഐ. അംഗങ്ങൾ കൂട്ടരാജി വയ്ക്കുമെന്ന് മുൻ വിവരവിനിമയ മന്ത്രിയും പി.ടി.ഐ. നേതാവുമായ ഫവാദ് ചൗധരി പറഞ്ഞു.
മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനും പ്രതിപക്ഷ നേതാവുമാണ് ഷഹബാസ് ഷരീഫ്. രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ പഞ്ചാബില്‍ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ഷഹബാസ്.
അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് ഇമ്രാന് ഭരണം നഷ്ടമായതോടെയാണ് പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് എത്തുന്നത്. പാകിസ്ഥാൻ മുസ്‌ലിം ലീഗിലെ നവാസ് പക്ഷത്തിന്‍റെ പ്രസിഡന്‍റും ഇതുവരെ പാക് നാഷണൽ അസംബ്ലിയുടെ പ്രതിപക്ഷ നേതാവുമായിരുന്നു.