ബീജിങ് : ഷാങ്‌ഹായിക്ക് പിന്നാലെ ബീജിങ്ങിലും കടുത്ത കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. നഗരത്തിലെ ഒരു പ്രദേശത്തെ കുറച്ചുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവിടുത്തെ ആയിരക്കണക്കിനാളുകളെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് ഒറ്റ രാത്രികൊണ്ട് മാറ്റി. സിറോ കൊവിഡ് സ്ട്രാറ്റജിയാണ് ചൈന പിന്തുടരുന്നത്. ഇതിന്‍റെ ഭാഗമായി കടുത്ത അടച്ചിടല്‍, താരതമ്യേന ദൈര്‍ഘ്യം കൂടിയ ക്വാറന്‍റൈന്‍, അതിര്‍ത്തികള്‍ അടച്ചിടല്‍ എന്നിവയാണ് ചൈന പിന്തുടരുന്നത്.
കൊവിഡ് വ്യാപനം പൂര്‍ണമായി തടയുക എന്നതാണ് സിറോ കൊവിഡ് കൊണ്ട് ലക്ഷ്യമാക്കുന്നത്. കൊവിഡിനെ പൂര്‍ണമായി തുടച്ചുനീക്കല്‍ പ്രായോഗികമല്ല എന്ന വിലയിരുത്തലില്‍ കൊവിഡിനൊപ്പം ജീവിക്കുക എന്ന തന്ത്രത്തിന്‍റെ നേര്‍ വിപരീത നീക്കമാണിത്. ബീജിങ്ങിലെ നാന്‍ക്‌സിന്‍യുആന്‍ എന്ന റസിഡന്‍ഷ്യല്‍ കോമ്പൗണ്ടിലെ 26 പേര്‍ക്ക് കൊവിഡ് പോസിറ്റീവായതിന്‍റെ പേരിലാണ് അവിടെയുള്ള 13,000 താമസക്കാരെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് ഒറ്റ രാത്രി മാറ്റിയത്.
മെയ് 21 അര്‍ധ രാത്രിമുതല്‍ 7 ദിവസത്തേക്ക്, 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതുകൊണ്ട്, നാന്‍ക്‌സിന്‍യുആനിലെ എല്ലാ താമസക്കാരും ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറണമെന്നാണ് വിദഗ്‌ധര്‍ തീരുമാനിച്ചതെന്നായിരുന്നു അധികൃതര്‍ പുറപ്പെടുവിച്ച നൊട്ടിസ്. ഇതുമായി ആരെങ്കിലും നിസ്സഹകരിച്ചാല്‍ അവര്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടിവരുമെന്നും നൊട്ടിസ് മുന്നറിയിപ്പുനല്‍കുന്നു. നൂറുകണക്കിന് താമസക്കാര്‍ രാത്രിസമയത്ത് അവരുടെ ലഗേജുകളുമായി അധികൃതര്‍ അയച്ച വണ്ടികളില്‍ കയറാനായി കാത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.