പെഷവാർ : പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂണ്‍ഖ്വ പ്രവിശ്യയിൽ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. ബജൗറിലെ ഖറിൽ ജമിയത്ത് ഉലമ-ഇ-ഇസ്‌ലാം-ഫസൽ (ജെയുഐ-എഫ്) പ്രവർത്തകരുടെ യോഗത്തിനിടെയാണ് ഞായറാഴ്‌ച വൈകുന്നേരം നാല് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. 150ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തതായും റിപ്പോർട്ടുകളില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജെയുഐ-എഫ് മേധാവി മൗലാന ഫസ്‌ലുർ റഹ്മാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോടും പ്രവിശ്യയുടെ കാവൽ മുഖ്യമന്ത്രി അസം ഖാനോടും ആവശ്യപ്പെട്ടു. പാർട്ടി പ്രവർത്തകരോട് ആശുപത്രിയിൽ എത്തി പരിക്കേറ്റവർക്ക് രക്തം ദാനം ചെയ്യണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ജെയുഐ-എഫ് പ്രവർത്തകർ സമാധാനപരമായി തുടരണം, ഫെഡറൽ, പ്രവിശ്യ സർക്കാരുകൾ പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകണം, ഫാസിൽ പറഞ്ഞു. മുഖ്യമന്ത്രി അസം ഖാൻ സ്‌ഫോടനത്തെ അപലപിക്കുകയും ജില്ല ഭരണകൂടത്തോട് റിപ്പോർട്ട് തേടുകയും ചെയ്‌തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
ജെയുഐ-എഫ് കൺവെൻഷനിൽ നടന്ന സ്ഫോടനത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. ഇസ്‌ലാം, വിശുദ്ധ ഖുർആൻ, പാകിസ്ഥാൻ എന്നിവയ്‌ക്ക് വേണ്ടി വാദിക്കുന്നവരെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഭീകരർ പാകിസ്ഥാന്‍റെ ശത്രുക്കളാണെന്നും അവരെ ഉന്മൂലനം ചെയ്യുമെന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കർശനമായ ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ചാവേർ സ്ഫോടനമാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജെയുഐ-എഫിന്‍റെ കേന്ദ്ര അംഗം കൂടിയായ ഖൈബർ പഖ്‌തുൺഖ്വ ഗവർണർ ഹാജി ഗുലാം അലി മരണ സംഖ്യ സ്ഥിരീകരിച്ചിട്ടുണ്ട്.