ബീജിങ്: മാർച്ച് 21 ന് തകർന്നുവീണ ചൈന ഈസ്റ്റേൺ ബോയിങ് 737-800 വിമാനത്തിന്‍റെ രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. 132 യാത്രക്കാരുമായി പോയ വിമാനം ചൈനയിലെ പർവതപ്രദേശത്താണ് തകർന്നുവീണത്. രണ്ടാമത്തെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതോടെ 132 യാത്രക്കാരുടെ മരണത്തിനിടയാക്കിയ അപകടത്തിന്‍റെ കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ ഉണർത്തുകയാണ്.
വിമാനം തകർന്നുവീണതിന്‍റെ 40 മീറ്റർ മാറി പർവത ചരിവിലാണ് അഗ്നിശമന സേനാംഗങ്ങൾ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. ഇത് രണ്ടാമത്തെ ബ്ലാക്ക് ബോക്സാണെന്ന് വിദഗ്‌ധർ സ്ഥിരീകരിച്ചു. അപകടത്തിന്‍റെ ആഘാതത്തിൽ മലയുടെ ഒരു വശത്ത് 20 മീറ്റർ ആഴത്തിലുള്ള കുഴി സൃഷ്‌ടിക്കപ്പെട്ടിരുന്നു.
നാല് ദിവസം മുൻപ് കോക്‌പിറ്റ് വോയ്‌സ് റെക്കോർഡർ കണ്ടെത്തിയിരുന്നു. ലാൻഡിങ്ങിന് ഒരുമണിക്കൂർ മുൻപ് വിമാനം 29,000 അടിയിൽ നിന്ന് താഴേക്ക് പതിക്കാനുള്ള കാരണം കണ്ടെത്താൻ രണ്ട് ബ്ലാക്ക് ബോക്‌സുകളും അധികൃതരെ സഹായിക്കും. മഴയും ചെളിയും നിറഞ്ഞ സാഹചര്യവും തകർന്നുവീണ സ്ഥലവും ബ്ലാക്ക് ബോക്‌സുകൾക്കും അവശിഷ്‌ടങ്ങൾക്കും വേണ്ടിയുള്ള തെരച്ചിൽ ബുദ്ധിമുട്ടുള്ളതാക്കിയിരുന്നു.