ബോസ്റ്റണ്‍:ടൈറ്റാനിക് കാണാന്‍ സന്ദര്‍ശകരുമായി പോയി അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയ്‌ക്കായി രണ്ടാം ദിവസവും തെരച്ചില്‍ ഊര്‍ജിതം. കാണാതായ അന്തര്‍വാഹിനിയില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. ബ്രിട്ടീഷ് പര്യവേക്ഷകനായ ഹാമിഷ് ഹാർഡിങ്, പ്രശസ്‌ത ഫ്രഞ്ച് മുങ്ങൽ വിദഗ്‌ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്‍റെ 19 വയസുകാരനായ മകൻ സുലൈമാൻ ദാവൂദ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്‍റെ സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ് എന്നിവരാണ് കാണാതായ അന്തര്‍വാഹിനിയിലുള്ളത്.
കാണാതായ അന്തര്‍വാഹിനിയ്‌ക്കായി തെരച്ചില്‍ ഈര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ആശങ്കയിലാണ് ഓഷ്യഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനി അധികൃതര്‍. നാല് ദിവസത്തെ അടിയന്തര ഓക്‌സിജൻ വിതരണം മാത്രമാണ് അന്തര്‍വാഹിനിയില്‍ സജ്ജീകരിച്ചിട്ടുള്ളൂവെന്നും അത് തീര്‍ന്ന് പോകുമെന്നും അധികൃതർ പറഞ്ഞു. കനേഡിയൻ ഗവേഷണ കപ്പലായ പോളാർ പ്രിൻസിന്‍റെ സഹായത്തോടെയാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്. ജൂണ്‍ 18നാണ് കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്ത് നിന്ന് അന്തര്‍വാഹിനി കാണാതായത്.
അന്തര്‍വാഹിനി സഞ്ചാരികളുമായി ആഴ കടലില്‍ മുങ്ങി ഒരു മണിക്കൂര്‍ 45 മിനിറ്റ് ശേഷം കാണാതാവുകയായിരുന്നു. അന്തര്‍വാഹിനിയില്‍ 96 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം ചെയ്യുപ്പെടുമെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് റിയർ അഡ്‌മിറൽ ജോൺ മൗഗർ പറഞ്ഞു. അന്തര്‍വാഹിനി കാണാതായി രണ്ടാം ദിവസം യുഎസ് കോസ്റ്റ് ഗാർഡും കനേഡിയൻ കോസ്റ്റ് ഗാർഡും രക്ഷ പ്രവർത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അന്തര്‍വാഹിനി കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്ന് ആർഎംഎസ് ടൈറ്റാനിക് ഇൻകോർപ്പറേറ്റിലെ സ്റ്റേറ്റ്ജിക് ഇനിഷ്യേറ്റീവുകളുടെ മുതിർന്ന ഉപദേഷ്‌ടാവ് ഡേവിഡ് ഗാലോ പറഞ്ഞു. ഇപ്പോള്‍ തന്നെ സമയം വൈകിയിട്ടുണ്ട്. ജീവനക്കാരെയും സഞ്ചാരികളെയും കണ്ടെത്തുന്നതിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഗാലോ പറഞ്ഞു. അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ ഉപരിതലത്തില്‍ നിന്ന് 3,800 മീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ ഉള്ളത്.
ന്യൂഫഔണ്ട് ലാന്‍ഡ് തീരത്ത് നിന്ന് 600 കിലോമീറ്റര്‍ അതായത് 370 മൈല്‍ അകലെയാണിത്. ഏറെ ആഴമേറിയ സ്ഥലമായത് കൊണ്ട് തന്നെ രക്ഷ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ടൈറ്റാനിക്കിന്‍റെ അവശിഷ്‌ടങ്ങള്‍ ആഴ കടലിലെത്തി കാണാനായി ഒരാള്‍ക്ക് 250,000 ഡോളറാണ് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് കമ്പനിക്ക് നല്‍കേണ്ടത്.