ബീജിംഗ് :വടക്കൻ ചൈനയിൽ അതിശക്തമായ മണല്‍ക്കാറ്റ്. പല പ്രദേശങ്ങളും വ്യാഴാഴ്‌ച മണലും പൊടിയും കൊണ്ട് മൂടി. ഇതിന് പുറമെ മംഗോളിയയുടെ വിവിധ ഭാഗങ്ങളിൽ തുടർന്നും മണൽക്കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണലും പൊടിയും നിറഞ്ഞ കാലാവസ്ഥയും ശക്തമായ കാറ്റും ഞായറാഴ്‌ച വരെ നീണ്ടുനിൽക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്‌താവനയിൽ അറിയിച്ചു. പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നൽകി.
ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പടെ ഒരു ഡസനിലധികം പ്രദേശങ്ങളെ വ്യാഴാഴ്‌ച ഉണ്ടായ പൊടിക്കാറ്റ് ബാധിച്ചിട്ടുണ്ട്. മണൽകാറ്റ് മൂലം അന്തരീക്ഷ മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്ന സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ അറിയിച്ചത്. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ വ്യായാമത്തിനും, മറ്റ് അനാവശ്യ കാര്യങ്ങൾക്കായും പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്.
തെക്കൻ മംഗോളിയയിൽ ഞായറാഴ്‌ച മുതലാണ് മണലും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടങ്ങിയതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനായ ഗുയി ഹെയ്‌ലിൻ മാധ്യമങ്ങളോട് പറഞ്ഞത്. തണുത്ത വായു തെക്കോട്ട് നീങ്ങിയതോടെ കാറ്റ് വടക്കൻ, വടക്കുകിഴക്കൻ ചൈന ഉൾപ്പടെ വിവിധ മേഖലകളിലേക്ക് വ്യാപിച്ചതായി അദ്ദേഹം പറഞ്ഞു. ബീജിംഗ് മുനിസിപ്പൽ ഇക്കോളജിക്കൽ ആൻഡ് എൻവയോൺമെന്‍റൽ മോണിറ്ററിംഗ് സെന്‍റർ ഇതിനോടകം ഏറ്റവും ഉയർന്ന അന്തരീക്ഷ മലിനീകരണം രേഖപ്പെടുത്തിയിട്ടുണ്ട്.