സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തെ ഞെട്ടിച്ച വാർത്തയില്‍ വമ്പൻ ട്വിസ്റ്റ്. ചാറ്റ്ജിപിടി-നിർമ്മാതാക്കളായ ഓപ്പൺഎഐയില്‍ നിന്ന് പുറത്താക്കപ്പെട്ട സിഇഒ സാം ആൾട്ട്‌മാൻ തിരിച്ചെത്തുമെന്ന് കമ്പനി. സാം ആൾട്ട്‌മാനെ പുറത്താക്കിയതിനെ തുടർന്ന് കമ്പനിയിലുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും ജീവനക്കാരുടെ രാജി സമ്മർദത്തിനും ശേഷമാണ് പുതിയ തീരുമാനം. കഴിഞ്ഞയാഴ്‌ചയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യവസായത്തെ ഞെട്ടിച്ചുകൊണ്ട് സാം ആൾട്ട്‌മാനെ പുറത്താക്കുന്നതായി ഓപ്പൺ എഐ അറിയിച്ചത്.
സാം ആൾട്ട്‌മാനെ പുറത്താക്കിയതിന് പിന്നാലെ ഡയറക്‌ടർ ബോർഡിന്റെ രാജിയും ആൾട്ട്മാന്റെ തിരിച്ചുവരവും ആവശ്യപ്പെട്ട് 770 ജീവനക്കാരാണ് രാജി ഭീഷണി മുഴക്കിയിരുന്നത്. സാം ആൾട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മറ്റൊരു സഹസ്ഥാപകനും മുൻ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്‌മാനും ഓപ്പൺ എഐയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു. മുൻ സെയിൽസ്‌ഫോഴ്‌സ് കോ-സിഇഒ ബ്രെറ്റ് ടെയ്‌ലർ, മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ്, ക്വോറ സിഇഒ ആദം ഡി ആഞ്ചലോ എന്നിവരടങ്ങിയ പുതിയ ഡയറക്‌ടർ ബോർഡിലേക്കാണ് സാം ആൾട്ട്‌മാൻ സിഇഒ ആയി മടങ്ങിയെത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.