മോസ്‌കോ: റഷ്യയിലെ സ്വകാര്യ അർധ സൈനിക വിഭാഗമായ വാഗ്നർ ഗ്രൂപ്പ് യുക്രൈനിലെ ബഖ്‌മുട്ട് പിടിച്ചെടുത്തതായി റിപ്പോർട്ട്. വാഗ്നർ ഗ്രൂപ്പ് സ്ഥാപകൻ യെവ്‌ജെനി പ്രിഗോഷിൻ തിങ്കളാഴ്‌ചയാണ് തങ്ങൾ ബഖ്‌മുട്ട് സിറ്റി ഹാളിൽ റഷ്യയുടെ പതാക ഉയർത്തിയതായി അറിയിച്ചത്. വിവരങ്ങൾ യാഥാർഥ്യമാണെന്ന് ടാസ് ടിവി റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. യുദ്ധ ലേഖകനും ബ്ലോഗറുമായ വ്ലാഡ്ലെൻ ടാറ്റർസ്‌കിക്ക് വേണ്ടിയാണ് തങ്ങൾ ഇത് ചെയ്യുന്നതെന്ന് യെവ്‌ജെനി പ്രിഗോഷിൻ പറഞ്ഞത്.
'കൃത്യമായി ഏപ്രിൽ രണ്ടിന് വൈകിട്ട് 11 മണിയോടെ ഞങ്ങൾ ബഖ്‌മുട്ട് കീഴടക്കി. എന്‍റെ പിന്നിൽ ആർത്യോമോവ്സ്‌കിൻ നഗരഭരണത്തിന്‍റെ കെട്ടിടമുണ്ട്. ഈ റഷ്യൻ പതാക ഞായറാഴ്‌ച സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട വ്ലാഡ്ലെൻ ടാറ്റർസ്‌കിക്ക് വേണ്ടിയാണ്', വാഗ്നർ ഗ്രൂപ്പ് സ്ഥാപകന്‍ പറഞ്ഞു. പ്രസ് സർവീസ് ടെലഗ്രാം ചാനലിനെ ഉദ്ധരിച്ച് ടാസ് ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്‌തത്.
രക്തരൂക്ഷിത ബഖ്‌മുട്ട്:റഷ്യ-യുക്രെയ്‌ൻ ആരംഭിച്ച് ഒരുവർഷം കഴിയുമ്പോൾ ഇരു സൈനിക വിഭാഗങ്ങളും തമ്മിൽ രൂക്ഷ യുദ്ധം നടക്കുന്ന മേഖലയാണ് പടിഞ്ഞാറൻ യുക്രെയ്‌ൻ നഗരമായ ബഖ്‌മുട്ട്. യുക്രെയ്‌നിലെ വിവിധ പ്രദേശങ്ങളിലേക്ക് റഷ്യ ആക്രമണം കടുപ്പിക്കുമ്പോൾ വരും ദിവസങ്ങളില്‍ ബഖ്‌മുട്ട് റഷ്യ പിടിച്ചെടുക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോല്‍ടെന്‍ബെര്‍ഗ് പ്രവചിച്ചിരുന്നു. യുക്രൈൻ പ്രസിഡന്‍റ് സെലൻസ്‌കിയും ബഖ്‌മുട്ടിൽ യുക്രെയ്ൻ സേന തിരിച്ചടി നേരിടുന്നുണ്ട് എന്ന് സമ്മതിച്ചിരുന്നു.
ആരാണ് വ്ലാഡ്‌ലെൻ ടാറ്റർസ്‌കി:യുക്രെയ്‌ൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ മുഴങ്ങി കേൾക്കുന്ന പേരാണ് വ്ലാഡ്‌ലെൻ ടാറ്റർസ്‌കി. ഇദ്ദേഹത്തിന്‍റെ യഥാർഥ പേര് മാക്‌സിം യൂറിയേവിച്ച് ഫോമിൻ എന്നാണ്. ഒരു യുക്രൈന്‍ വംശജനായ റഷ്യൻ സൈനിക ബ്ലോഗറും റഷ്യ-യുക്രൈന്‍ യുദ്ധത്തിൽ പങ്കെടുത്തയാളുമായിരുന്നു വ്ലാഡ്‌ലെൻ ടാറ്റർസ്‌കി. 2023-ലെ സെന്‍റ് പീറ്റേഴ്‌സ്ബർഗ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നതുവരെ റഷ്യയുടെയും ഉക്രെയ്‌നിലെ വിഘടനവാദ ശക്തികളുടെയും പ്രചാരകനായി അദ്ദേഹം സജീവമായിരുന്നു. റഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ 'വെച്ചേർനി വ്‌ലാഡ്‌ലെൻ' എന്ന പേരിൽ യുദ്ധ വിശകലന വീഡിയോ ചെയ്യാറുണ്ടായിരുന്നു ടാറ്റർസ്‌കി.
വാഗ്നർ ഗ്രൂപ്പ് എന്ന റഷ്യൻ ക്വട്ടേഷ സംഘം:റഷ്യൻ പ്രസിഡന്‍റ് പുടിന് വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്ന സ്വകാര്യ സൈനിക വിഭാഗമാണ് വാഗ്നർ ഗ്രൂപ്പ്. ‘പുടിന്‍റെ ഷെഫ്’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന റഷ്യൻ ശതകോടീശ്വരൻ യെവ്‌ഗിനി പ്രിഗോഷിന്‍റെ കീഴിലുള്ള ഈ സൈനികർ റഷ്യ പ്രതിരോധത്തിലാകുന്ന എവിടെ വേണമെങ്കിലും റഷ്യക്കായി യുദ്ധം ചെയ്യാനെത്തുന്നു. വിദേശത്തെ സൈനിക നടപടികൾ നടപ്പിലാക്കാനുള്ള പുടിന്‍റെ കൂലിപ്പട്ടാളം എന്നാണ് വാഗ്നർ ഗ്രൂപ്പ് അറിയപ്പെടുന്നത്.
വാഗ്നര്‍ ഗ്രൂപ്പിനെക്കുറിച്ച് ബിബിസി നടത്തിയ അന്വേഷണത്തിൽ മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനായ ദിമിത്രി ഉറ്റ്കിന് ഈ സേനയിൽ നിർണായക പങ്ക് ഉണ്ടെന്ന് തെളിഞ്ഞിരുന്നു. ചെച്‌നിയയിലെ റഷ്യയുടെ യുദ്ധങ്ങളിലെ പരിചയസമ്പന്നനായ അദ്ദേഹം വാഗ്നർ ഗ്രൂപ്പിന്‍റെ ആദ്യത്തെ ഫീൽഡ് കമാൻഡറാണെന്ന് ബിബിസി പറയുന്നു.