കേരളം

kerala

ETV Bharat / international

റഷ്യയ്‌ക്കെതിരായ ഉപരോധം പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ബൂമറാങ് ; സമ്പദ്‌വ്യവസ്ഥ യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ ശക്‌തം

ഫോസില്‍ ഇന്ധനങ്ങളുടെ കയറ്റുമതിയില്‍ നിന്നുള്ള റഷ്യയുടെ വരുമാനം വര്‍ധിച്ചു

Russian fossil fuel export  western countries ban on russian fossil fuel  russian economy after war  റഷ്യന്‍ സമ്പദ്‌ വ്യവസ്ഥ  റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി  ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചത്
റഷ്യയ്‌ക്കെതിരായ ഉപരോധം പാശ്ചാത്യ രാജ്യങ്ങളെ തിരിച്ചടിക്കുന്നു; റഷ്യന്‍ സമ്പദ്‌വ്യവസ്ഥ യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ മെച്ചപ്പെട്ടു

By

Published : Jun 23, 2022, 6:11 PM IST

ന്യൂയോര്‍ക് :റഷ്യയുടെ ഫോസില്‍ ഇന്ധന കയറ്റുമതിയെ ഞെരുക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്. റഷ്യന്‍ സര്‍ക്കാറിന്‍റെ പ്രധാന വരുമാന സ്രോതസ് അസംസ്‌കൃത എണ്ണയുടേയും പ്രകൃതിവാതകങ്ങളുടേയും കയറ്റുമതിയാണ്. അതുകൊണ്ട് തന്നെ ഇവയുടെ കയറ്റുമതി കുറയ്‌ക്കാന്‍ സാധിച്ചാല്‍ റഷ്യയെ സാമ്പത്തികമായി ഞെരുക്കാന്‍ സാധിക്കുമെന്നും അങ്ങനെ വരുമ്പോള്‍ റഷ്യ യുക്രൈനിലെ യുദ്ധത്തില്‍ നിന്ന് പിന്‍മാറുമെന്നുമായിരുന്നു പാശ്ചാത്യ ശക്തികള്‍ കരുതിയിരുന്നത്.

എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഈ ശ്രമം റഷ്യയെ ബാധിച്ചിട്ടില്ല. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളാണ് റഷ്യന്‍ ഇന്ധനങ്ങളുടെ ഇറക്കുമതി വലിയ അളവില്‍ കുറച്ചതിലൂടെ ഉയര്‍ന്ന വിലക്കയറ്റത്തിന്‍റെ രൂപത്തില്‍ സാമ്പത്തികമായി ഇപ്പോള്‍ പ്രായാസം നേരിടുന്നത്. എത്രയാണോ യൂറോപ്പും അമേരിക്കയും റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി കുറച്ചത് ഏകദേശം അത്രതന്നെ ചൈനയും ഇന്ത്യയും റഷ്യയില്‍ നിന്നുള്ള അവയുടെ ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുകയാണ്. നിലവില്‍ അസംസ്‌കൃത എണ്ണയുടെ വില വലിയ രീതിയില്‍ വര്‍ധിച്ചിരിക്കുന്നു എന്നതിനാല്‍ യുക്രൈന്‍ അധിനിവേശത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വരുമാനം കയറ്റുമതിയിലൂടെ റഷ്യയ്‌ക്ക് ലഭിക്കുകയാണ്.

പാശ്ചാത്യ രാജ്യങ്ങളില്‍ വിലക്കയറ്റം, റഷ്യയ്‌ക്ക് വരുമാന വര്‍ധനവ് : അമേരിക്കയില്‍ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്കാണെങ്കില്‍ ആ രാജ്യത്ത് 14 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന വിലയും. ഈ ഉയര്‍ന്ന വിലക്കയറ്റം കാരണം യുഎസില്‍, നവംബറില്‍ നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് (നിയമനിര്‍മാണസഭ) മിഡ്ടേം തെരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും നികുതി താത്കാലികമായി ഒഴിവാക്കാനായി അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജോ ബൈഡന്‍. താരതമ്യേന കുറഞ്ഞവിലയില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതിചെയ്‌തിരുന്ന യൂറോപ്പും അവിടെ നിന്നുള്ള ഇറക്കുമതി കുറച്ചതോടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുകയാണ്.

എന്നാല്‍ റഷ്യ യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ സാമ്പത്തികമായി മെച്ചെപ്പെട്ടു. ദുര്‍ബലമായിക്കൊണ്ടിരുന്ന റഷ്യന്‍ കറന്‍സിയായ റൂബിളിന്‍റെ മൂല്യം ഡോളറിനെതിരെ വര്‍ധിച്ചിരിക്കുകയാണ്. ഫോസില്‍ ഇന്ധന കയറ്റുമതിയിലൂടെ യുദ്ധത്തിന് മുമ്പുള്ളതിനേക്കാള്‍ റഷ്യ വരുമാനം കൂട്ടിയിരിക്കുന്നു.

ചൈനയും ഇന്ത്യയുമാണ് റഷ്യയെ ഇതിന് പ്രധാനമായും സഹായിച്ചത്. ചൈനയുടെ റഷ്യയില്‍ നിന്നുള്ള കഴിഞ്ഞ മെയിലെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി തൊട്ട് പിന്നിലത്തെ മാസമായ ഏപ്രിലിനെ അപേക്ഷിച്ച് 28 ശതമാനമാണ് വര്‍ധിച്ചത്. സൗദി അറേബ്യയെ പിന്നിലാക്കി ചൈനയ്‌ക്ക് ഏറ്റവും കൂടുതല്‍ എണ്ണ വിതരണം ചെയ്യുന്ന രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ.

യുക്രൈനിലെ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് നാമമാത്രമായ അളവിലായിരുന്നു റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ ഇറക്കുമതി ചെയ്യുന്നത് പ്രതിദിനം 7,60,000 ബാരലാണ്. അന്താരാഷ്ട്ര വില നിലവാരത്തേക്കാള്‍ ബാരലിന് 30 ഡോളര്‍ കുറച്ചാണ് റഷ്യ അസംസ്‌കൃത എണ്ണ വില്‍ക്കുന്നത്.

ഈ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് വിവിധ പെട്രോളിയം ഉത്പന്നങ്ങളാക്കി യൂറോപ്പിലും അമേരിക്കയിലുമടക്കം ഉയര്‍ന്ന വിലയ്‌ക്ക് കയറ്റുമതി ചെയ്‌ത് റിലയന്‍സ് പോലുള്ള കമ്പനികള്‍ വലിയ ലാഭമാണ് ഉണ്ടാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല റിലയന്‍സിന്‍റെ ഗുജറാത്തിലെ ജാംനഗറിലുള്ളതാണ്.

യൂറോപ്പിലെ കുറവ് നികത്തി ഇന്ത്യയും ചൈനയും :ഈ വര്‍ഷം മാര്‍ച്ചില്‍ നിന്ന് മെയ്‌ ആയപ്പോള്‍ യൂറോപ്പിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ കയറ്റുമതി പ്രതിദിനം 5,54,000 ബാരല്‍ കുറഞ്ഞു. എന്നാല്‍ ഇതേ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതി ഒരു ദിവസം 5,03,000 ബാരല്‍ വര്‍ധിച്ചു. അതായത് യൂറോപ്യന്‍ രാജ്യങ്ങളിലെ കുറവ് ഏഷ്യന്‍ രാജ്യങ്ങള്‍ ഏതാണ്ട് നികത്തി.

അന്താരാഷ്ട്ര വില അത്രമാത്രം കൂടുതലായതിനാല്‍ ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ വിറ്റിട്ടും റഷ്യ വലിയ ലാഭമുണ്ടാക്കുകയാണ്. ഇന്‍റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്ക് പ്രകാരം അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയിലൂടെ ഈ വര്‍ഷം ഏപ്രിലില്‍ 170 കോടി അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ വരുമാനമാണ് റഷ്യ നേടിയത്.

റഷ്യന്‍ ധനകാര്യ മന്ത്രാലയം കണക്കാക്കുന്നത് അസംസ്‌കൃത എണ്ണയുടേയും പ്രകൃതിവാതകത്തിന്‍റേയും കയറ്റുമതിയിലൂടെ ഈ മാസം(ജൂണ്‍) പ്രതീക്ഷിക്കപ്പെട്ടതിനേക്കാള്‍ 600 കോടി അമേരിക്കന്‍ ഡോളറിന്‍റെ അധികവരുമാനം സര്‍ക്കാറിന് ലഭിക്കുമെന്നാണ്. റഷ്യയിലെ ഏറ്റവും വലിയ ഇന്ധന കമ്പനികളില്‍ ഒന്നാണ് ഗ്യാസ്പ്രോം. ഇതിന്‍റെ തലവന്‍ അലക്‌സി മില്ലര്‍ സെന്‍റ്പീറ്റേഴ്‌സ് ഇക്കണോമിക് കോണ്‍ഫ്രറന്‍സില്‍ വച്ച് പറഞ്ഞത് ഇങ്ങനെയാണ്:

"എനിക്ക് യാതൊരു വിദ്വേഷവും യൂറോപ്പിനോട് ഇല്ല എന്ന് പറയുമ്പോള്‍ ഞാന്‍ ചെയ്യുന്നത് സത്യത്തെ വളച്ചൊടിക്കുകയല്ല. യൂറോപ്പ് റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി പതിന്‍ മടങ്ങ് കുറച്ചപ്പോള്‍ വിലയും പതിന്‍ മടങ്ങ് വര്‍ധിച്ചു എന്നതാണ് ഇതിന് കാരണം". റഷ്യന്‍ ഇന്ധനങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഭ്രഷ്‌ട് കല്‍പ്പിച്ചത് തങ്ങള്‍ക്ക് കൂടുതല്‍ നേട്ടമായെന്നും അവര്‍ക്ക് അത് ബൂമറാങ് പോലെ തിരിച്ചടിയായെന്നുമാണ് അലക്‌സി മില്ലര്‍ ധ്വനിപ്പിച്ചത്.

ABOUT THE AUTHOR

...view details