കേരളം

kerala

ETV Bharat / international

'ബന്ധിപ്പിക്കലി'ല്‍ ഉന്നമിട്ട് പുടിന്‍ : 'വിജയദിന'ത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇരു പക്ഷവും, മരണമേറുന്നു - റഷ്യ യുക്രൈന്‍ യുദ്ധം

മരിയുപോളിനെ ക്രിമിയയുമായി ബന്ധിപ്പിച്ച് കിഴക്കന്‍ യുക്രൈനിലെ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിചേര്‍ക്കാനാണ് പുടിന്‍ ലക്ഷ്യംവയ്ക്കുന്നതെന്ന് വിലയിരുത്തല്‍

russia war on ukraine  Russian attack in eastern ukraine  g7 statement against Russia  റഷ്യ കിഴക്കന്‍ യുക്രൈന്‍ ആക്രമണം  റഷ്യ യുക്രൈന്‍ യുദ്ധം  ജി7 രാജ്യങ്ങളുടെ റഷ്യയ്ക്കെതിരായ പ്രസ്താവന
യുക്രൈന്‍ റഷ്യ സംഘര്‍ഷം: 'വിജയദിന'ത്തില്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഇരു പക്ഷവും

By

Published : May 9, 2022, 11:43 AM IST

Updated : May 9, 2022, 12:48 PM IST

യുഎന്‍ സെക്രട്ടറി ജനറലിന്‍റെ സമാധാനത്തിനുള്ള ശ്രമമത്തിന് രക്ഷാസമിതി ഐകകണ്ഠേനെ പിന്തുണ അറിയിച്ചിട്ടും യുക്രൈന്‍ റഷ്യ സംഘര്‍ഷം കടുക്കുകയാണ്. കിഴക്കന്‍ യുക്രൈനിലെ സൈനിക നടപടി റഷ്യ ശക്‌തിപ്പെടുത്തിയിരിക്കുന്നു. ലുഹാന്‍സ്‌ക് മേഖലയിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യന്‍ ബോംബാക്രമണത്തില്‍ അറുപത് പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അധികൃതര്‍ വ്യക്തമാക്കി. 90 പേര്‍ അഭയം തേടിയിരുന്ന സ്‌കൂളിന് നേര്‍ക്കാണ് റഷ്യ ബോംബാക്രമണം നടത്തിയതെന്നും മുപ്പത് പേര്‍ രക്ഷപ്പെട്ടെന്നും ബാക്കിയുള്ളവര്‍ മരിച്ചെന്നും ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഗെയിദായി പറഞ്ഞു.

വിജയ ദിനത്തില്‍ യുദ്ധകാഹളം ഉയര്‍ത്തി ഇരുപക്ഷവും :രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരായി വിജയം വരിച്ചതിന്‍റെ ദിനം യൂറോപ്പ് ആഘോഷിക്കുന്ന വേളയില്‍ യുക്രൈനും റഷ്യയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുകയാണ്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി,യുകെ, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി 7 റഷ്യക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള യാതൊരു നയതന്ത്ര സാധ്യതകളും ജി7 പുറത്തിറക്കിയ പ്രസ്‌താവനയില്‍ പരാമര്‍ശിക്കുന്നില്ല.

പകരം റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ചെയ്‌തത്. റഷ്യ ഈ യുദ്ധത്തില്‍ വിജയിക്കില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുമെന്നാണ് ജി7 രാജ്യങ്ങള്‍ പ്രസ്താവിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ നടപടി രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരായ യുദ്ധത്തില്‍ ജീവത്യാഗം ചെയ്‌ത റഷ്യക്കാര്‍ക്കും ആ രാജ്യത്തിനും അവമതിപ്പ് ഉണ്ടാക്കിയിരിക്കുകയാണെന്ന് ജി7 പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായി നിര്‍ത്തുമെന്നും ജി7 രാജ്യങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ ഇറക്കുമതി നിരോധനം എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല. അസംസ്കൃത എണ്ണയ്ക്ക് വിലക്കയറ്റം ഉണ്ടാവാത്ത രീതിയില്‍ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് അസംസ്കൃത എണ്ണ ലഭ്യമാക്കി ക്രമമായി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുമെന്നാണ് വ്യക്തമാക്കിയത്. റഷ്യന്‍ സര്‍ക്കാറിന്‍റെ വരുമാനം കുറയ്‌ക്കുകയാണ് ലക്ഷ്യം.

കൂടുതല്‍ പണവും ആയുധവും നല്‍കാന്‍ ജി7 രാജ്യങ്ങള്‍ : കനേഡിയന്‍ പ്രസിഡന്‍റ് ജസ്റ്റിന്‍ ട്രൂഡോ യുക്രൈന്‍ തലസ്ഥാനമായ കീവിന്‍റെ പ്രാന്തപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍ യുക്രൈന്‍ പ്രഥമ വനിത ഒലേന സെലന്‍സ്‌കയെ സന്ദര്‍ശിച്ചതും പാശ്ചാത്യ രാജ്യങ്ങള്‍ യുക്രൈനോടൊപ്പം ശക്തമായി നിലയുറപ്പിക്കും എന്നുള്ള സൂചനകള്‍ നല്‍കി. 24 ബില്യണ്‍ ഡോളറാണ് യുക്രൈന് ജി 7 രാജ്യങ്ങള്‍ 2022ല്‍ സഹായമായി പ്രഖ്യാപിച്ചത്. റഷ്യയെ സാമ്പത്തികമായി ദുര്‍ബലമാക്കി പുടിനെ നേരിടാനാണ് പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം.

അധിനിവേശ പ്രദേശങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ ഒരുങ്ങി റഷ്യ: രണ്ടാം ലോക മഹായുദ്ധത്തിലെ നാസി ജര്‍മനിക്കെതിരായുള്ള വിജയ ദിനം ഇന്നാണ് (9.05.2022) റഷ്യ ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍റെ പ്രസംഗത്തില്‍ യുക്രൈനിലെ സൈനിക നടപടിയുമായി ബന്ധപ്പെട്ട് എന്താണ് പറയുക എന്ന് നിരീക്ഷകര്‍ ഉറ്റുനോക്കുന്നുണ്ട്. യുക്രൈനിലെ നിലവിലെ ഭരണകൂടം നിയന്ത്രിക്കുന്നത് നാസികളാണെന്നും അതിനെതിരായാണ് റഷ്യ പോരാടുന്നതുമാണ് വ്‌ളാഡിമിര്‍ പുടിന്‍റെ നിലപാട്. കിഴക്കന്‍ യുക്രൈനില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

തുറമുഖ നഗരമായ മരിയുപോളില്‍ ഉരുക്ക് ഫാക്ടറിയില്‍ നിലയുറപ്പിച്ചിരിക്കുന്ന യുക്രൈന്‍ സൈനികര്‍ കീഴടങ്ങാനുള്ള റഷ്യന്‍ അന്ത്യശാസനം തള്ളിയിരിക്കുകയാണ്. മരിയുപോളിന്‍റെ മറ്റ് ഭാഗങ്ങള്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്. മരിയുപോളിലെ സംഘര്‍ഷത്തില്‍ 20,000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് കണക്കാക്കുന്നത്.

ഇപ്പോള്‍ റഷ്യ ലക്ഷ്യംവയ്ക്കുന്നത് 2014ല്‍ റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത ക്രിമിയയെ മരിയുപോളുമായി ബന്ധിപ്പിക്കുകയും അങ്ങനെ കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് റഷ്യയെ വിപുലീകരിക്കുകയും എന്നതാണെന്ന് പാശ്ചാത്യ സൈനിക വിദഗ്‌ധര്‍ വിലയിരുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘര്‍ഷാത്മക സാഹചര്യമാണ് യൂറോപ്പില്‍ നിലനില്‍ക്കുന്നത്.

Last Updated : May 9, 2022, 12:48 PM IST

ABOUT THE AUTHOR

...view details