പടിഞ്ഞാറൻ ജർമൻ സ്വദേശി മാർട്ടിൻ കോഫിന്‍റെ കുടുംബ കമ്പനിയാണ് സിങ്ക്പവർ ജിഎംബിഎച്ച്. 2.5 മില്യൺ യൂറോ (2.5 മില്യൺ ഡോളർ) വിലമതിക്കുന്ന 600 ടൺ സിങ്ക് തുരുമ്പെടുക്കാതെ ഉരുകിയ അവസ്ഥയിൽ സൂക്ഷിക്കാൻ ദിവസവും പ്രകൃതിവാതകം ആവശ്യമാണ്. പ്രകൃതിവാതകം ലഭ്യമായില്ലെങ്കിൽ ഉരുക്ക് ഉപകരണങ്ങൾ മുക്കിയ ടാങ്കിനെ തകർക്കുന്ന തരത്തിൽ ലോഹം കഠിനമാകും.
റഷ്യ-യുക്രൈൻ യുദ്ധം ആറ് മാസങ്ങൾ പിന്നിടുമ്പോൾ യുദ്ധത്തിന്‍റെ അനന്തരഫലം 2,800 ആളുകൾക്ക് തൊഴിൽ നൽകുന്ന സിങ്ക്പവർ പോലുള്ള കമ്പനികൾ ഉൾപ്പടെയുള്ള ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് വിനാശകരമായ ഭീഷണി ഉയർത്തുകയാണ്. പ്രകൃതി വാതകത്തിന് വില വർധിച്ചുവെന്ന് മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്ക് പ്രതികാരം ചെയ്യാൻ റഷ്യ യൂറോപ്പിലേക്കുള്ള വിതരണം പൂർണമായും നിർത്തിയാൽ വാതകം ലഭ്യമാകാത്ത സ്ഥിതിയുണ്ടാകും. അങ്ങനെയൊരു അവസ്ഥയുണ്ടായാൽ ജർമനിക്ക് ഗ്യാസ് റേഷൻ ഏർപ്പെടുത്തേണ്ടിവരും. അത് സ്റ്റീൽ നിർമാണം മുതൽ ഫാർമസ്യൂട്ടിക്കൽസ്, അലക്കുശാലകൾ ഉൾപ്പടെയുള്ള വ്യവസായങ്ങളെ തകർക്കുന്നതിലേക്ക് നയിക്കും.
"നിങ്ങൾക്ക് ഗ്യാസ് വിതരണം ചെയ്യുന്നത് നിർത്തുകയാണ് എന്ന് റഷ്യ പറഞ്ഞാൽ എന്‍റെ എല്ലാ ഉപകരണങ്ങളും നശിക്കും." ജർമനിയിലെ സിങ്ക് ഗാൽവനൈസിങ് സ്ഥാപനങ്ങളുടെ ചെയർമാൻ കൂടിയായ കോഫ് പറയുന്നു.
പ്രതിസന്ധിയിൽ ലോകം : കൊവിഡ് മഹാമാരി ആഗോള വ്യാപാര മേഖലയെ തകർത്ത് രണ്ട് വർഷത്തിന് ശേഷം കരകയറിക്കൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ യുക്രൈൻ യുദ്ധം വീണ്ടും കടുത്ത പ്രതിസന്ധിയിലാക്കുകയായിരുന്നു. റഷ്യയിലും യുക്രൈനിലും മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല യുദ്ധത്തിന്‍റെ അനന്തരഫലങ്ങൾ. ലോകമെമ്പാടുമുള്ള സർക്കാരുകളും വ്യവസായങ്ങളും ജനങ്ങളുമെല്ലാം യുദ്ധത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
പണപ്പെരുപ്പം കുതിച്ചുയരുന്നു. ഒപ്പം ഇന്ധനങ്ങളുടെയും ഊർജത്തിന്‍റെയും നിരക്കും വര്‍ധിക്കുന്നു. മാന്ദ്യത്തിന്‍റെ വക്കിലാണ് യൂറോപ്പ്. റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നും വളങ്ങളുടെയും ധാന്യങ്ങളുടെയും കയറ്റുമതി വെട്ടിക്കുറച്ചത് ഉയർന്ന ഭക്ഷ്യവിലയും ക്ഷാമവും കൂടുതൽ വഷളാകാൻ ഇടയാക്കി. ഇത് വികസ്വര രാജ്യങ്ങളിൽ പട്ടിണിയും അശാന്തിയും വീണ്ടും വഷളാകുന്നതിലേക്ക് നയിക്കും.
കൂപ്പുകുത്തി ആഗോള സമ്പദ്‌വ്യവസ്ഥ : യുക്രൈനിലെ റഷ്യൻ യുദ്ധം തന്‍റെ പലചരക്ക് കച്ചവടത്തെ ബാധിച്ചുവെന്ന് ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയ്ക്ക് പുറത്തുള്ള ഗ്രാമവാസിയായ റേച്ചൽ ഗമിഷ പറയുന്നു. പെട്രോൾ പോലുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഒരു ഗാലൻ പെട്രോൾ 6.90 ഡോളറിനാണ് വിൽക്കുന്നത്. ഒരാഴ്‌ച 16.70 ഡോളറുള്ള ഒരു ഉത്പന്നത്തിന് അടുത്തയാഴ്‌ചയാകുമ്പോൾ വില 25 ഡോളറാകുമെന്ന് റേച്ചൽ പറയുന്നു.
റഷ്യൻ യുദ്ധത്തിന്‍റെ ഫലമായി ആഗോള സമ്പദ്‌വ്യവസ്ഥ കഴിഞ്ഞമാസം വീണ്ടും കൂപ്പുകുത്തിയെന്ന് അന്താരാഷ്‌ട്ര നാണയനിധി പറയുന്നു. ഒരു വർഷത്തിനുള്ളിൽ നാലാം തവണയാണ് സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുന്നത്. ഈ വർഷം സമ്പദ്‌വ്യവസ്ഥയിൽ 3.2% വളർച്ചയാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. 4.9% വളർച്ചാനിരക്കാണ് 2021 ജൂലൈയിൽ പ്രവചിച്ചിരുന്നത്. ലോകം പെട്ടെന്നുതന്നെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ വക്കിലേക്ക് പോയേക്കാമെന്ന് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്‌ധൻ പിയറി-ഒലിവിയർ ഗൗറിഞ്ചാസ് ആശങ്കയറിയിച്ചു.
71 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിൽ : വർധിച്ച ഭക്ഷ്യ-ഊർജ വിലകൾ ലോകമെമ്പാടുമുള്ള 71 ദശലക്ഷം ജനങ്ങളെ യുദ്ധം ആരംഭിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ തന്നെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുവെന്ന് യു.എൻ ഡെവലപ്മെന്‍റ് പ്രോഗ്രാം പറയുന്നു. ദക്ഷിണപൂർവ യൂറോപ്പിലെ ഒരു മേഖലയായ ബാൽക്കൺസിലെയും സബ്-സഹാറൻ ആഫ്രിക്കയിലെയും ജനങ്ങളെയാണ് ദാരിദ്ര്യം ഏറ്റവുമധികം ബാധിച്ചത്. ഈ വർഷം 41 രാജ്യങ്ങളിലായി 181 ദശലക്ഷം ആളുകൾക്ക് പട്ടിണി നേരിടേണ്ടിവരുമെന്ന് യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ പ്രവചിക്കുന്നു.
യുക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഉത്തരവിടുന്നതിന് മുൻപ് തന്നെ ആഗോള സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. കൊവിഡ് പ്രതിസന്ധി ഫാക്‌ടറികൾ, തുറമുഖങ്ങൾ, ചരക്ക് യാർഡുകൾ എന്നിവയെ പ്രതികൂലമായി ബാധിച്ചതും ഇവയുടെ പ്രവർത്തനം സാധാരണഗതിയിലേക്ക് മടങ്ങുന്നതിലുണ്ടായ കാലതാമസവും ക്ഷാമത്തിലേക്കും വിലക്കയറ്റത്തിലേക്കും നയിക്കുകയും പണപ്പെരുപ്പം കുതിച്ചുയരുന്നതിനും കാരണമായി. ഇതിന് പ്രതികരണമെന്ന നിലയിൽ സാമ്പത്തിക വളർച്ചയെ തടസപ്പെടുത്താതെ വിലവർധനവ് കുറയ്ക്കുന്നതിനായി സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് കൂട്ടാൻ തുടങ്ങി.
കൊവിഡ് പ്രതിസന്ധിക്കിടെ യുദ്ധം : സീറോ-കൊവിഡ് നയം പിന്തുടരുന്ന, ചൈന ലോക്‌ഡൗൺ ഏൽപ്പെടുത്തിയത് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ രാജ്യത്തെ ദുർബലപ്പെടുത്തി. അക്കാലത്ത് പല വികസ്വര രാജ്യങ്ങളിലും കൊവിഡ് പിടിമുറുക്കിയിരുന്നു. കൂടാതെ സാമ്പത്തിക ബാധ്യതയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഈ രാജ്യങ്ങളെടുത്ത കടങ്ങൾ കനത്ത ബാധ്യതയായി. എന്നാൽ ഈ വെല്ലുവിളികളെ നേരിടാൻ ഒരുങ്ങുന്നതിനിടെയാണ് ഫെബ്രുവരി 24ന് റഷ്യ യുക്രൈൻ ആക്രമണം ആരംഭിച്ചത്.
ഇതോടെ പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ കനത്ത ഉപരോധങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. രണ്ട് നടപടികളും ഭക്ഷ്യവസ്‌തുക്കളുടെയും ഊർജത്തിന്‍റെയും വ്യാപാരത്തെ തടസപ്പെടുത്തി. ലോകത്തിലെ മൂന്നാമത്തെ വലിയ പെട്രോളിയം ഉത്പാദകരും പ്രകൃതിവാതകം, വളം, ഗോതമ്പ് എന്നിവയുടെ കയറ്റുമതിയിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്കാണ് യുക്രൈനിലെ ഫാമുകൾ ഭക്ഷണം നൽകുന്നത്. അതിനാൽ യുദ്ധഫലമായുണ്ടായ പണപ്പെരുപ്പം ലോകം മുഴുവൻ വ്യാപിച്ചു.
സാമ്പത്തികമാന്ദ്യ ഭീഷണിയിൽ യൂറോപ്പ് : ഗോതമ്പിന്‍റെ വിലയിലുണ്ടായ വർധനവ് ഇന്തോനേഷ്യയിലെ പ്രധാന ഭക്ഷണമായ ഇൻസ്റ്റന്‍റ് ന്യൂഡിൽസിന്‍റെ വിലയിൽ വർധനവ് ഉണ്ടാക്കിയേക്കാമെന്ന് ഇന്തോനേഷ്യൻ കൃഷിമന്ത്രി സയഹ്റുൽ യാസിൻ ലിംപോ ഈ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. അയൽരാജ്യമായ മലേഷ്യയില്‍ രാസവളത്തിന്‍റെ വിലയിൽ 50% ആണ് വർധനവുണ്ടായത്.
പാകിസ്ഥാനിൽ ബഹുഭൂരിപക്ഷം ആളുകളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഡോളറിനെതിരെ പാകിസ്ഥാൻ കറൻസിയുടെ മൂല്യത്തിന് 30%ആണ് ഇടിവുവന്നത്. സർക്കാരിന് വൈദ്യുതി വില 50% വർധിപ്പിക്കേണ്ടി വന്നു.
വ്യാവസായിക സമ്പദ്‌വ്യവസ്ഥയ്ക്കായി വർഷങ്ങളായി റഷ്യൻ എണ്ണയെയും പ്രകൃതിവാതകത്തെയും ആശ്രയിച്ചിരുന്ന യൂറോപ്പിന് കനത്ത തിരിച്ചടി തന്നെയായിരുന്നു റഷ്യ-യുക്രൈൻ യുദ്ധം. പ്രകൃതിവാതകത്തിന്‍റെ വിതരണം ക്രെംലിൻ തടയുന്നതിനാൽ യൂറോപ്പ് നിലവിൽ അഭിമുഖീകരിക്കുന്ന സാമ്പത്തികമാന്ദ്യ ഭീഷണി വളരെ വലുതാണ്. 2021 മാർച്ചിൽ യുക്രൈൻ അതിർത്തിയിൽ റഷ്യ സൈന്യബലം വർധിപ്പിക്കുന്നതിന് മുൻപ് ഉണ്ടായിരുന്നതിന്‍റെ 15 ഇരട്ടിയാണ് ഇപ്പോൾ വില.
യുദ്ധം റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമായിരുന്നില്ല. റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം 6% ചുരുങ്ങുമെന്നാണ് ഐഎംഎഫ് വിലയിരുത്തുന്നത്.