കേരളം

kerala

ETV Bharat / international

ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദിയെ മറികടന്ന് റഷ്യ - റഷ്യ ഇന്ത്യ വ്യാപാരം

റഷ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ അമ്പത് ശതമാനവും ഇപ്പോള്‍ ഇന്ത്യയിലേക്കും ചൈനയിലേക്കുമാണ്

russian crude oil supply to India  russia trade with india  india crude oil import  റഷ്യയുടെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി  റഷ്യ ഇന്ത്യ വ്യാപാരം  റഷ്യ ഉപരോധം
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ സൗദിയെ മറികടന്ന് റഷ്യ; റഷ്യ ഇന്ത്യയ്‌ക്ക് എണ്ണ നല്‍കുന്നത് വിലകുറച്ച്

By

Published : Jun 15, 2022, 3:17 PM IST

ന്യൂഡല്‍ഹി:യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ദലീപ് സിങ്ങ് അദ്ദേഹത്തിന്‍റെ ഇന്ത്യ സന്ദര്‍ശനവേളയില്‍ ഇന്ത്യക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചാല്‍ ഇന്ത്യ അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ ഇന്ത്യ ഈ മുന്നറിയിപ്പ് അവഗണിച്ചു.

ഇന്ത്യയുടെ ദേശീയ താല്‍പ്പര്യം മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ തീരുമാനം എടുക്കുക എന്നാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്. കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണ ലഭിക്കുമ്പോള്‍ എന്തുക്കൊണ്ട് അത് രാജ്യം വേണ്ട എന്ന് വയ്ക്കണം. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരും എന്നും അസിന്നിഗ്‌ദ്ധമായി നിര്‍മല സീതാരമാന്‍ വ്യക്തമാക്കി.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി റഷ്യ: യുക്രൈനിലെ യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ ആകെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വലിയ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. സൗദി അറേബ്യയെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാംമത്തെ രാജ്യമായിരിക്കുകയാണ് റഷ്യ. കഴിഞ്ഞ മെയില്‍ ഇന്ത്യ ഇറക്കുമതി ചെയ്‌ത ആകെ അസംസ്‌കൃത എണ്ണയുടെ 16.5 ശതമാനം റഷ്യയില്‍ നിന്നാണ്.

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമായിരുന്നു കഴിഞ്ഞ ഏപ്രില്‍ വരെ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി. എന്നാല്‍ ഏപ്രിലില്‍ ഇത് അഞ്ച് ശതമാനത്തില്‍ എത്തി. മെയ് ആയപ്പോഴേക്കും അത് 16.5 ശതമാനമായിരിക്കുകയാണ്.

ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇറഖാണ് സൗദി അറേബ്യ മൂന്നാം സ്ഥാനത്തും യുഎഇ നാലാം സ്ഥാനത്തും നൈജീരിയ അഞ്ചാം സ്ഥാനത്തുമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകായണ് ചെയ്യുന്നത്.

പാശ്ചാത്യ രാജ്യങ്ങളുടെ റഷ്യയ്‌ക്കെതിരെയുള്ള ഉപരോധം ഇന്ത്യയ്‌ക്ക് നേട്ടമായി: റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന് ശേഷം പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ നേട്ടമാണ് ഉണ്ടാക്കിയത്. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നത് വലിയൊരളവില്‍ കുറച്ചു.

റഷ്യയില്‍ നിന്നുള്ള കടല്‍മാര്‍ഗമുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ഈ വര്‍ഷം ഡിസംബര്‍ മുതല്‍ പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാള്‍ കുറഞ്ഞനിരക്കില്‍ അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ റഷ്യ തയ്യാറാവുകയായിരുന്നു.

അന്താരാഷ്ട്ര വിലയില്‍ നിന്ന് ബാരലിന് 35 ഡോളര്‍ വരെ വില കുറച്ചാണ് റഷ്യ ഇന്ത്യയ്‌ക്ക് അസംസ്‌കൃത എണ്ണ വില്‍ക്കുന്നത്. ഇതാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വലിയ രീതിയില്‍ ഉയരാന്‍ കാരണം. റിലയന്‍സ് പോലുള്ള സ്വാകാര്യ എണ്ണ സംസ്‌കരണ ശാലകളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വലിയ രീതിയില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

വിലകുറഞ്ഞ് കിട്ടുന്ന ഈ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‌ത് വലിയ ലാഭമാണ് റിലയന്‍സ് നേടുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല റിലയന്‍സിന്‍റെ ഗുജറാത്തിലെ ജാംനഗര്‍ റിഫൈനറിയാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യമാറിയിരിക്കുകയാണ്. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുമ്പോള്‍ റഷ്യയില്‍ നിന്ന് എണ്ണ വില കുറച്ച് കിട്ടുന്നത് ഇന്ത്യയ്‌ക്ക് ആശ്വാസമാവുകയാണ്.

ABOUT THE AUTHOR

...view details