കീവ് (യുക്രൈന്‍): റഷ്യൻ സൈനികരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലൻസ്കി. കീവിലെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ റഷ്യ സാധാരണക്കാരെ കൊന്നൊടുക്കിയ സംഭവത്തില്‍ ലോകമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് സെലൻസ്കിയുടെ പ്രഖ്യാപനം. ഇന്നലെ മാത്രം നൂറ് കണക്കിന് സാധാരണക്കാരുടെ മൃതദേഹങ്ങളാണ് യുക്രൈനില്‍ നിന്നും കണ്ടെത്തിയത്.
സിവിലിയൻ കൊലപാതകങ്ങൾക്കും റഷ്യ വലിയ വില നൽകേണ്ടിവരുമെന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. 27 രാജ്യങ്ങളുടെ കൂട്ടായ്മ റഷ്യക്കെതിരെ കൂടുതൽ ഉപരോധത്തിന് ശ്രമിക്കുകയാണ്. റഷ്യക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുവാൻ യുക്രൈൻ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.