ഹൈദരാബാദ്: ആഢംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സ് തങ്ങളുടെ ഏറ്റവും പുതിയ ഇലക്‌ട്രിക് കാർ പുറത്തിറക്കി. 'സ്‌പെക്‌ട്രെ' എന്നാണ് ഇലക്‌ട്രിക് കാറിന് പേര് നൽകിയിരിക്കുന്നത്. റോൾസ് റോയ്‌സിന്‍റെ ആദ്യത്തെ ഇലക്‌ട്രിക് മോഡലാണിത്.
2023 അവസാനത്തോടെ വാഹന വില്‍പന ആരംഭിക്കാനാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാഹനം 2.5 ദശലക്ഷം കിലോമീറ്റർ നീളുന്ന ഡ്രൈവിംഗ് ടെസ്റ്റ് നടത്തുകയാണ്. 2023 അവസാനത്തോടെ ടെസ്‌റ്റും പൂർത്തിയാക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
സ്‌പെക്‌ട്രെയുടെ വിലയെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്‌താവനകളൊന്നും കമ്പനി നടത്തിയിട്ടില്ല. ഏകദേശം അഞ്ച് കോടിക്കും ഏഴ് കോടിക്കുമിടയിലാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്‌പെക്‌ട്രെ ഒരു അൾട്ര ലക്ഷ്വറി ഇലക്‌ട്രിക് സൂപ്പർ കൂപ്പെ ആണ്. ഇലക്‌ട്രിക് വാഹന രംഗത്തെ ഏറ്റവും മികച്ച വാഹനമായിരിക്കും ഇതെന്നും റോൾസ് റോയ്‌സ് വാദ്‌ഗാനം ചെയ്‌തു.
റോൾസ് റോയ്‌സ് വാഹനത്തിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ലാത്ത സിഗ്നേച്ചർ ഗ്രില്ലുകളുടെ വീതിയേറിയ ഹെഡ്‌ലൈറ്റിനൊപ്പം സ്‌പ്ലിറ്റ് ഹെഡ്‌ലൈറ്റും സ്‌പെക്‌ട്രെയുടെ സവിശേഷതയാണ്. വീലുകൾക്ക് 23 ഇഞ്ചാണ് വീതി. 520 കിലോമീറ്ററാണ് സ്‌പെക്‌ട്രെയുടെ റേഞ്ച്.
900 എൻഎ ടോർക്ക് നൽകുന്ന വാഹനം പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗതയിലേക്ക് എത്താനായി 4.5 സെക്കന്‍റുകൾ മാത്രമാണ് എടുക്കുക. മറ്റേതൊരു റോൾസ് റോയ്‌സിനേയും പോലെ മികച്ച കസ്‌റ്റമൈസേഷനോടു കൂടിയതാണ് സ്‌പെക്‌ട്രെയുടേയും ഇന്‍റീരിയർ. സ്‌പെക്‌ട്രെയുടെ ബുക്കിംഗ് ആരംഭിച്ചു.