ലണ്ടന്‍: ബ്രിട്ടണ്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചുവടു വയ്പ്പുമായി ഋഷി സുനക്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ട 100 കണ്‍സര്‍വേറ്റീവ് എംപിമാരുടെ പിന്തുണ സുനകിന് ലഭിച്ചു. ഇത് പ്രധാനമന്ത്രി പദത്തിലേക്കുള്ള സുനകിന്‍റെ ചുവടുകള്‍ എളുപ്പമാക്കിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് എം.പിമാരുടെ കൂടുതല്‍ പിന്തുണ ലഭിച്ച സുനകിന് പ്രധാനമന്ത്രി സ്ഥാനം സ്വന്തമാക്കാനാവുമോയെന്ന ആകാംക്ഷയിലാണ് ലോകം.
44 പേരുടെ പിന്തുണ ലഭിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് രണ്ടാം സ്ഥാനത്തുള്ളത്. നൂറ് പേരുടെ പിന്തുണ ഉറപ്പിച്ചതിനാല്‍ സുനകിന് പാര്‍ട്ടി നേതൃത്വമെറ്റെടുക്കല്‍ എളുപ്പമായേക്കാം. എന്നാല്‍ സുനകിന് ലഭിച്ച പിന്തുണ ബോറിസ് ജോണ്‍സണ് വെല്ലുവിളിയാണ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായി വിദേശത്തെ അവധിക്കാല ആഘോഷം മാറ്റി വച്ച് തിരിച്ചെത്തിയിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍.
മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ്, സുരക്ഷ മന്ത്രി ടോം തുഗെൻധാട്ട്, മുൻ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് എന്നിവരുൾപ്പെടെ നിരവധി മുതിർന്ന സഹപ്രവർത്തകരുടെ പിന്തുണയും സുനകിന് ലഭിച്ചതായി സുനകിന്‍റെ പ്രചാരണ വൃത്തങ്ങള്‍ അറിയിച്ചു. ഞങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാൻ ഋഷി സുനകിന് എന്തെല്ലാം ആവശ്യമുണ്ടെന്ന് വ്യക്തമാണ്. ഞങ്ങളുടെ പാർട്ടിയെ നയിക്കാനും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുമുള്ള കഴിവുള്ള വ്യക്തിയാണ് റിഷി സുനകെന്നും മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. സുനകിനെ അംഗീകരിക്കുന്ന നൂറാമത്തെ എം.പിയാണ് താനെന്ന് ടോബിയാസ് എൽവുഡ് വ്യക്തമാക്കി.
അതേസമയം താന്‍ മത്സരിക്കുന്നില്ലെന്നും ബോറിസ് ജോണ്‍സണ് പിന്തുണ നല്‍കുമെന്നും പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് ഋഷി സുനകിന്‍റെ എതിരാളിയായ ഹൗസ് ഓഫ് കോമൺസിന്‍റെ നേതാവ് പെന്നി മോർഡൗണ്ടിന് ഇതുവരെ ലഭിച്ചത് 21 എംപിമാരുടെ പിന്തുണയാണ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് മത്സര രംഗത്തുണ്ടെന്ന് ആദ്യം പ്രഖ്യാപിച്ചത് പെന്നി മോർഡൗണ്ടായിരുന്നു.