ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്.
ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്തിന്‍റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. 45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് കഴിഞ്ഞയാഴ്‌ച ലിസ് ട്രസ് പ്രധാനമന്ത്രി പദം രാജിവച്ചത്. പൊതുസഭ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെ ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നു.
2020 ഫെബ്രുവരിയിൽ സാജിദ് ജാവിദ് രാജിവച്ച ഒഴിവില്‍ ബ്രിട്ടീഷ് ധനമന്ത്രിയായി ഋഷി സുനക് നിയമിതനായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.