വാഷിങ്‌ടണ്‍: അമേരിക്കയെ മുന്നിലെത്തിക്കുക എന്ന അജണ്ട തന്നെയാണ് താനും മുന്നോട്ടുവയ്‌ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മനസുതുറന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സജീവമായി രംഗത്തുള്ള ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി. അമേരിക്കന്‍ മുന്‍ പ്രസിഡന്‍റും തന്‍റെ മുന്‍ഗാമിയുമായ ഡൊണാള്‍ഡ് ട്രംപിന്‍റെ അജണ്ടയായ 'അമേരിക്ക ഫസ്‌റ്റ്' എന്നതിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവേക് രാമസ്വാമി വ്യക്തമാക്കിയത്. വിദേശ നയമെന്നത് മുന്‍ഗണനാപരമാണെന്നും സുഗമമല്ലെങ്കിലും എല്ലാതലത്തിലും ചൈനീസ് വ്യവസ്ഥയില്‍ നിന്ന് വേര്‍തിരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു.
കുറച്ചുകൂടി വിശാലമായ 'അമേരിക്ക ഫസ്‌റ്റ്':ട്രംപിന്‍റെ അമേരിക്ക ഫസ്‌റ്റ് അജണ്ടയെ അടുത്ത ഘട്ടത്തിലേക്കെത്തിക്കുകയാണ് ഞാന്‍. ഞാന്‍ മേശപ്പുറത്ത് വച്ച നയപരമായ നിര്‍ദേശങ്ങളും കാഴ്‌ചപ്പാടുകളും ഈ മേഖലകളെ നയിക്കുകയും അത് തുടരുകയും ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും 37 കാരനായ വിവേക് രാമസ്വാമി പറഞ്ഞു. രാജ്യത്തെ സിദ്ധാന്തരൂപമുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നിലവിലെ ആധുനിക റിപ്പബ്ലിക്കന്‍ നിരയില്‍ പ്രതിജ്ഞാബദ്ധനായ ഒരേയൊരു സ്ഥാനാര്‍ഥി താനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്‍റിന്‍റെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ലിൻഡൻ ബി ജോൺസന്‍റെ കാലത്തെ ഉത്തരവുകൾ റദ്ദാക്കാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചൈനയെ അകറ്റാന്‍:ചൈനീസ് സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് വേര്‍പെടാന്‍ ചില ത്യാഗങ്ങളെല്ലാം വേണ്ടിവരാം. എന്നാല്‍ എന്തിനാണ് ആ ത്യാഗങ്ങളെന്ന് ഓര്‍ത്താല്‍ അതിന് കഴിയും. അതിനെയാണ് നമ്മല്‍ അമേരിക്ക എന്ന് വിളിക്കുന്നത്. ചൈന ഒരുവശത്ത് കച്ചവടവത്‌ക്കരണം നടത്തുമ്പോള്‍ നമ്മള്‍ മുതലാളിത്തം ഉപയോഗിച്ച് ജനാധിപത്യം പടര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നും വിവേക് രാമസ്വാമി പറഞ്ഞു. നമുക്ക് ഇതില്‍ എന്ത് ചെയ്യാനാവുമെന്ന് ചോദിച്ച അദ്ദേഹം അതിനുള്ള ഉത്തരവും താന്‍ പറയാമെന്ന് വ്യക്തമാക്കി. സ്വയം സാമ്പത്തിക സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ചൈനയുടെ കീഴിലുള്ള തരംതാണ സാമ്പത്തിക വ്യവസ്ഥ പിന്‍വലിക്കാനുള്ള നാടകീയമായ നടപടികളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാരണം ഷി ചിങ്‌പിങ് മൂന്നാമതും അധികാരത്തിലെത്തിയത് ചൈനീസ് സാമ്പത്തിക വ്യവസ്ഥക്ക് നാശം വിതച്ചുവെന്നും നിലവില്‍ അവര്‍ ദുര്‍ബലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മെയ്‌ഡ്: അതേസമയം റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് പദത്തിന് ഏറെ സാധ്യത കല്‍പ്പിക്കുന്ന പേരുകളിലൊന്നാണ് വിവേക് രാമസ്വാമി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയില്‍ നിന്ന് കുടിയേറിയവരാണ് വിവേക് രാമസ്വാമിയുടെ മാതാപിതാക്കളെന്നതുകൊണ്ടുതന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിരയിലെ ഇന്ത്യന്‍ സാന്നിധ്യമാണ് വിവേക് രാമസ്വാമി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്‍റ് സഹസ്ഥാപകനായി കടന്നുവന്ന അദ്ദേഹം നിലവില്‍ സ്‌ട്രൈവിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനാണ്. ഇതിന് മുമ്പ് റോയ്‌വന്‍റ് സയന്‍സസ് എന്ന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകന്‍ കൂടിയായിരുന്നു വിവേക് രാമസ്വാമി.
2021 ഓഗസ്‌റ്റില്‍ പ്രസിദ്ധീകരിച്ച 'വോക്ക്, ഇന്‍കോര്‍പറേറ്റ്: ഇന്‍സൈഡ് കോര്‍പ്പറേറ്റ് അമേരിക്കാസ് സോഷ്യല്‍ ജസ്‌റ്റിസ് സ്‌കാം', 2022 സെപ്‌റ്റം ബറില്‍ പുറത്തിറങ്ങിയ 'നേഷന്‍ ഓഫ് വിക്‌ടിംസ്: ഐഡന്‍റിറ്റി പൊളിറ്റിക്‌സ്, ദ ഡെത്ത് ഓഫ് മെറിറ്റ്, ആന്‍റ് ദ പാത്ത് ബാക്ക് ടു എക്‌സലന്‍സ്' എന്നീ പുസ്‌തകങ്ങളിലൂടെ എഴുത്തിലും അദ്ദേഹം സജീവമാണ്. അതേസമയം മുൻ സൗത്ത് കരോലിന ഗവർണറും യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ നിക്കി ഹേലിയും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമാണ് വിവേകിനൊപ്പം മത്സരരംഗത്തുള്ളത്.