കൊളംബോ :രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ പുതിയ പ്രസിഡന്‍റായി റെനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. 225 അംഗങ്ങളുള്ള പാര്‍ലമെന്‍റില്‍ 134 വോട്ടുകള്‍ നേടിയാണ് 73കാരനായ വിക്രമസിംഗെ വിജയിച്ചത്. മത്സര രംഗത്തുണ്ടായിരുന്ന ഭരണമുന്നണി വിട്ട മുൻമന്ത്രി ഡള്ളസ് അലഹപെരുമക്ക് 82 വോട്ടുകളാണ് ലഭിച്ചത്.
ജനത വിമുക്തി പെരമുന പാര്‍ട്ടി നേതാവ് അനുര കുമാര ദിസാനായകെക്ക് മൂന്ന് വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. പ്രസിഡന്‍റായിരുന്ന ഗോതബായ രാജപക്‌സെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യം വിട്ടതോടെ ഇടക്കാല പ്രസിഡന്‍റായി ആറ് വട്ടം പ്രധാനമന്ത്രിയായിരുന്ന റെനില്‍ വിക്രമസിംഗെയെയാണ് നിയോഗിച്ചത്. നിലവിലെ പ്രസിഡന്‍റിന്‍റെ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാല്‍ 2024 നവംബര്‍ വരെ പുതിയ പ്രസിഡന്‍റ് പദവിയില്‍ തുടരും.
ജനകീയ പ്രക്ഷോഭം തുടരുന്നതിനാല്‍ ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിക്കൊണ്ട് രഹസ്യമായാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തിയത്. 223 അംഗങ്ങള്‍ വോട്ട് ചെയ്‌തപ്പോള്‍ രണ്ട് എംപിമാര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 4 വോട്ടുകള്‍ അസാധുവായി.
44 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്ത് പാര്‍ലമെന്‍റ് വഴി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1982,1988, 1994, 1999, 2005, 2010, 2015, 2019 എന്നീ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ നേരിട്ടാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തിരുന്നത്. 1993ൽ പ്രസിഡന്‍റ് രണസിംഗെ പ്രേമദാസയുടെ വധത്തെ തുടര്‍ന്ന് പ്രസിഡന്‍റ് പദവി ഒഴിഞ്ഞുകിടന്നിരുന്നു. തുടര്‍ന്ന് പ്രേമദാസയുടെ കാലാവധി പൂര്‍ത്തീകരിക്കാന്‍ ഡിബി വിജേതുംഗയെ പ്രസിഡന്‍റായി പാർലമെന്‍റ് ഏകകണ്ഠമായി അംഗീകരിച്ചു.
Read more: ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജിവച്ചു ; ഇ - മെയിൽ കിട്ടിയെന്ന് സ്‌പീക്കറുടെ ഓഫിസ്
റെനില്‍ വിക്രമസിംഗെക്കെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടക്കുകയാണ്. രാജിവയ്ക്കാതെ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ടതോടെ ശ്രീലങ്കയില്‍ പ്രക്ഷോഭം ശക്തമായിരുന്നു. പ്രസിഡന്‍റ് രാജ്യം വിട്ട് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയെ ആക്‌ടിങ് പ്രസിഡന്‍റായി നിയമിച്ചത് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്‌തു. പിന്നീട് സിംഗപ്പൂരിലേക്ക് കടന്ന രാജപക്‌സെ ഇ-മെയിൽ വഴിയാണ് സ്‌പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചത്.