അങ്കാറ: രാജ്യം സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തത്തിലൂടെ കടന്നുപോവുകയാണ് തുർക്കി. കഴിഞ്ഞയാഴ്‌ചയുണ്ടായ ഭൂകമ്പത്തിൽ ഇതിനോടകം രേഖപ്പെടുത്തിയ മരണം 35,000ത്തിലധികമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉറപ്പാണെങ്കിലും അപകടം നടന്ന് ഒരാഴ്‌ച കഴിഞ്ഞതിനാൽ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ അസ്‌തമിക്കുന്നതും, അതിജീവിച്ച പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി അതിശൈത്യത്തിൽ കടുത്ത തണുപ്പിൽ നിന്ന് അഭയം കണ്ടെത്തുന്നതുൾപ്പെടെയുള്ള അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാവാതെ തെരുവുകളിൽ കഴിയുന്ന സാഹചര്യവും പരിഗണിച്ചാവും തുടർന്നുള്ള രക്ഷാപ്രവർത്തനം.
നൂറ്റാണ്ടിലെ ദുരന്തം:ഭൂകമ്പത്തെ 'നൂറ്റാണ്ടിലെ ദുരന്തം' എന്നാണ് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിശേഷിപ്പിച്ചത്. രാജ്യം സ്ഥാപിതമായി 100 വർഷത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ദുരന്തമാണ് തുർക്കി നേരിടുന്നത്. 1939 ലെ വൻ എർസിങ്കൻ ഭൂകമ്പത്തിൽ 33,000 പേരുടെ മരണം രേഖപ്പെടുത്തിയിരുന്നു. 2023 ഫെബ്രുവരി ആറിന് കഹ്‌റാമൻമാരാസ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനത്തിന്‍റെ ഫലമായി 1,05,505 പേർക്ക് പരിക്കേറ്റതായി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ മാധ്യമങ്ങളെ അറിയിച്ചു.
അയൽരാജ്യമായ സിറിയയിൽ 3,700 മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ആകെ മരണസംഖ്യ 39,000 കടന്നു. 13,000 ത്തിലധികം ആളുകൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ദുരന്ത ഏജൻസിയായ എ.എഫ്.എ.ഡിയുടെ ആസ്ഥാനത്ത് നടന്ന അഞ്ച് മണിക്കൂർ കാബിനറ്റ് യോഗത്തിന് ശേഷം അങ്കാറയിൽ സംസാരിക്കുകയായിരുന്നു എർദോഗൻ. '2,11,000 വസതികളുള്ള 47,000 കെട്ടിടങ്ങൾ നശിപ്പിക്കപ്പെടുകയോ പൊളിക്കേണ്ട വിധം കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിട്ടുണ്ട്. നശിച്ച കെട്ടിടങ്ങളിൽ നിന്ന് ഞങ്ങളുടെ അവസാന പൗരനെ പുറത്തെടുക്കുന്നതുവരെ ഞങ്ങൾ ഞങ്ങളുടെ ജോലി തുടരും', നിലവിലെ രക്ഷപ്രവർത്തനത്തെക്കുറിച്ച് എർദോഗൻ പറഞ്ഞു.
വിലങ്ങ് തടിയായി സിറിയൻ ആഭ്യന്തരയുദ്ധം:തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ എയ്‌ഡ് ഏജൻസികളും സർക്കാരുകളും ശക്തമാക്കിയിട്ടുണ്ട്. 12 വർഷമായി ആഭ്യന്തരയുദ്ധം നടക്കുന്ന സിറിയയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാശ്ചാത്യ രാഷ്‌ട്രങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ പരിമിതികൾ നിരവധിയുണ്ട്. സിറിയൻ ഭരണകൂടവും എയ്‌ഡ് ഏജൻസികളും രാജ്യത്തേക്ക് സഹായം എങ്ങനെ വിതരണം ചെയ്യാമെന്നതിനെച്ചൊല്ലിയുള്ള തർക്കത്തിലായിരുന്നു ആദ്യഘട്ടത്തിൽ. കലുഷിതമായ ആഭ്യന്തര രാഷ്‌ട്രീയ സാഹചര്യം പല സ്ഥലങ്ങളിലേക്കും ഊർജിതമായ രക്ഷപ്രവർത്തനത്തിനു പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. സിറിയയിൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ഇതിനോടകം 1,414 മരണങ്ങളും 1,357 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
35 ടൺ ഭക്ഷണവുമായി സൗദിയുടെ ആദ്യ സഹായ വിമാനം ചൊവ്വാഴ്‌ച സിറിയൻ സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള അലപ്പോയിൽ എത്തിയിരുന്നു. എന്നാൽ വിമതരുടെ നിയന്ത്രണത്തിലുള്ള ഇദ്‌ലിബിന് സഹായം ലഭിക്കുന്നത് എങ്ങനെയെന്ന ധാരണ ഇതുവരെ ലഭിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയും പ്രസിഡന്‍റ് ബഷാർ അസദിന്‍റെ സിറിയൻ ഗവൺമെന്‍റും തമ്മിലുള്ള തിങ്കളാഴ്‌ച വരെയുള്ള കരാർ പ്രകാരം, തുർക്കിയുമായുള്ള ഒരൊറ്റ അതിർത്തി കടന്നോ സർക്കാർ പ്രദേശം വഴിയോ മാത്രമേ ഈ പ്രദേശത്തേക്ക് സഹായം എത്തിക്കാൻ ആഗോള ബോഡിക്ക് അനുവാദമുണ്ടായിരുന്നുള്ളു. ബാബ് അൽ-സലാമിലും അൽ റേയിലും പുതുതായി തുറന്ന ക്രോസിംഗുകൾ മൂന്ന് മാസത്തേക്ക് പ്രാരംഭ കാലയളവിൽ പ്രവർത്തിക്കും.
ക്രോസിംഗുകൾ തുറക്കുന്നത് ശാശ്വതമാർഗമാണെന്ന നിർദേശത്തിൽ ഉറച്ച് നിൽക്കുകയാണ് റഷ്യ. എന്നാൽ സിറിയൻ ഗവൺമെന്‍റിന്‍റെ നിയന്ത്രണത്തിലല്ലാത്ത പ്രദേശങ്ങളിലേക്ക് 'പ്രത്യേകമായി' സഹായം നൽകാൻ പശ്ചിമരാഷ്‌ട്രങ്ങൾ ശ്രമിക്കുന്നതായി സിറിയൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. പ്രമുഖ മനുഷ്യാവകാശ സംഘടനകൾ ക്രോസിംഗുകൾ തുറക്കുന്നത് സ്വാഗതം ചെയ്‌തെങ്കിലും, 11 ട്രക്കുകളുള്ള ആദ്യ യു.എൻ സഹായ സംഘം ചൊവ്വാഴ്‌ച ബാബ് അൽ-സലാം വഴി വടക്കുപടിഞ്ഞാറൻ സിറിയയിലേക്ക് പ്രവേശിച്ചപ്പോഴും ലോജിസ്റ്റിക് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അറിയിപ്പ് നൽകിയിരുന്നു. 'പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നും സഹായങ്ങൾ സ്വീകരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുതെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞു.