ടോക്യോ:പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ക്വാഡ് ഉച്ചകോടി ഇന്ന് ജപ്പാനിൽ നടക്കും. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനിസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഇന്ന് നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎസ്, ജപ്പാൻ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ക്വാഡ്.
ഉച്ചകോടിയില്‍ ഇന്തോ പസഫിക് മേഖലയിലെ സ്ഥിതിഗതികളും ക്വാഡ് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളും ചർച്ചയാകും. ഇന്തോ പസഫിക് മേഖലയിലെ വെല്ലുവിളികളും, യുക്രൈൻ വിഷയവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. സാങ്കേതികവിദ്യ, വിതരണ ശൃംഖല, സുരക്ഷ, പാരമ്പര്യേതര ഊർജം, കണക്റ്റിവിറ്റി, ഡിജിറ്റൽ വ്യാപാരം, അതീജീവനശേഷിയുള്ള സമ്പദ്‌വ്യവസ്ഥ തുടങ്ങിയവയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തുടങ്ങിയവ ഉച്ചകോടി ചർച്ച ചെയ്യും. ഇന്തോ പസിഫിക് മേഖലയിൽ ചൈന നടത്തുന്ന അനധികൃത മത്സ്യബന്ധനം തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകളും ഉച്ചകോടിയിലുണ്ടാകും.