ജറുസലേം:ഖത്തര്‍ ഇടനിലക്കാരായ കരാര്‍ പ്രകാരം ഗാസയിലേക്ക് ആവശ്യമായ മരുന്നുകള്‍ ബുധനാഴ്‌ച എത്തിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഖത്തര്‍ നല്‍കിയ കുറിപ്പടി പ്രകാരം ഫ്രാന്‍സില്‍ നിന്നും വാങ്ങിയ മരുന്നുകള്‍ ഗാസയില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്ക് നല്‍കുമെന്നും ഇസ്രയേല്‍ പറഞ്ഞു. ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ ആരോഗ്യ സ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ് കുറിപ്പടികള്‍ ഇസ്രയേലിന് നല്‍കിയത്.
ബന്ദികളാക്കപ്പെട്ടവരില്‍ അധികവും 70 മുതല്‍ 80 വയസ് വരെ പ്രായമുള്ളവരാണെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രാന്‍സില്‍ നിന്നും വാങ്ങിയ മരുന്നുകളുമായി ഖത്തര്‍ എയര്‍ഫോഴ്‌സിന്‍റെ രണ്ട് വിമാനങ്ങള്‍ ബുധനാഴ്‌ച (ജനുവരി 17) ഈജിപ്‌തിലേക്ക് പുറപ്പെടുമെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്‌തിലെത്തുന്ന മരുന്നുകള്‍ ഖത്തര്‍ പ്രതിനിധികള്‍ തന്നെ ഗാസ മുനമ്പിലെത്തിക്കും.
ഗാസയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലുക്കാര്‍ക്ക് മരുന്നുകള്‍ എത്തിക്കുന്നതിനായി സഹായിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 2023 ഒക്‌ടോബര്‍ 7ന് ഗാസ മുനമ്പില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട അപ്രതീക്ഷിത ആക്രമണത്തിനിടെയാണ് ഇസ്രയേല്‍ വംശജരെ ഹമാസ് ബന്ദികളാക്കിയത്. സ്‌ത്രീകളും കുട്ടികളുമടക്കം 130 പേരാണ് പലസ്‌തീനില്‍ ബന്ദികളായിട്ടുള്ളത്.
ഇസ്രയേല്‍- ഹമാസ് ആക്രമണം 100 നാള്‍ പിന്നിട്ടു:കഴിഞ്ഞ ഒക്‌ടോബര്‍ 7നാണ് ഗാസ മുനമ്പില്‍ നിന്നും ഇസ്രയേലിന് നേരെ ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചിട്ട് 100 ദിനങ്ങള്‍ പിന്നിട്ടു. ഇസ്രയേല്‍- പലസ്‌തീന്‍ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിനാണ് നിലവില്‍ ലോകരാജ്യങ്ങള്‍ സാക്ഷികളാകുന്നത്.