മോസ്‌കോ:റഷ്യയിലെത്തിയ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ (North Korean leader Kim Jong Un) സ്വാഗതം ചെയ്‌ത് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Russian President Vladimir Putin). ലോഞ്ച് വെഹിക്കിൾ അസംബ്ലി കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് പുടിൻ കിമ്മിനെ വരവേറ്റത്. കിമ്മിനെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നായിരുന്നു പുടിന്‍റെ പ്രതികരണം. റഷ്യൻ ഫാർ ഈസ്റ്റിലെ കോസ്‌മോഡ്രോമിൽ ബുധനാഴ്‌ചയാണ് (സെപ്റ്റംബർ 13) ഉത്തരകൊറിയൻ ഭരണാധികാരി എത്തിയത് (Putin welcomes Kim Jong-Un).
വ്ലാഡിമിർ പുടിന്‍റെ (Vladimir Putin) ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് തന്‍റെ ആഡംബര ട്രെയിനിൽ കിം റഷ്യയിലെത്തിയത്. കൊവിഡിന് ശേഷം കിം ജോങ് ഉൻ നടത്തുന്ന ആദ്യ വിദേശ യാത്ര കൂടിയാണ് ഇത്. നാലു വർഷത്തിനുശേഷമാണ് പുടിനും കിമ്മും തമ്മിൽ നേരിട്ട് കൂടിക്കാഴ്‌ച നടത്തുന്നത് എന്നതിനാൽ തന്നെ കിമ്മിന്‍റെ റഷ്യൻ സന്ദർശനം നിർണായകമാണ്. അമേരിക്കയുമായുള്ള അവരുടെ വേറിട്ട, തീവ്രമായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇരു നേതാക്കളുടെയും താത്‌പര്യങ്ങൾ എങ്ങനെ യോജിക്കുന്നുവെന്ന് അടിവരയിടുന്നത് കൂടിയാകും ഈ കൂടിക്കാഴ്‌ച.
അതേസമയം തിരക്കുകൾക്കിടയിലും ഊഷ്‌മളമായ സ്വീകരണം ഒരുക്കിയതിന് കിമ്മിന്‍റെ പരിഭാഷകൻ പുടിന് നന്ദി പറഞ്ഞു. ഇരു നേതാക്കളും കോസ്‌മോഡ്രോം പരിശോധിച്ച ശേഷം കൂടിക്കാഴ്‌ച ആരംഭിക്കുമെന്ന് റഷ്യൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.
മണിക്കൂറുകൾക്ക് മുമ്പ്, ഉത്തരകൊറിയ കടലിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. 2022ന്‍റെ തുടക്കം മുതൽ തന്നെ ആയുധ പരീക്ഷണത്തിൽ ഉത്തരകൊറിയ അത്യന്തം പ്രകോപനപരമായ നീക്കമാണ് നടത്തുന്നത്. യുക്രെയ്‌നെതിരായ പുടിന്‍റെ യുദ്ധം കിം തന്‍റെ ആയുധ വികസനം ത്വരിതപ്പെടുത്താൻ ഉപയോഗിച്ചതായാണ് പറയപ്പെടുന്നത്.
എന്നാൽ ഉത്തരകൊറിയൻ മിസൈലുകൾ എത്ര ദൂരം പറന്നുവെന്ന് ദക്ഷിണ കൊറിയയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കിയിട്ടില്ല. മിസൈലുകൾ ഇതിനകം പതിച്ചിരിക്കാമെന്നും നിരീക്ഷണത്തിനായി കപ്പലുകളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ടോക്കിയോയുടെ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ജപ്പാന്‍റെ കോസ്റ്റ് ഗാർഡ് അറിയിച്ചു.
അതേസമയം 18 മാസത്തെ യുദ്ധം മൂലം ചോർന്നൊലിച്ച തന്‍റെ 'വെടിമരുന്ന് സംഭരണശാലകൾ' വീണ്ടും നിറയ്‌ക്കാനുള്ള അവസരമാണ് പുടിനെ സംബന്ധിച്ചിടത്തോളം കിമ്മുമായുള്ള കൂടിക്കാഴ്‌ച. യുഎൻ ഉപരോധങ്ങളും വർഷങ്ങളായുള്ള നയതന്ത്ര ഒറ്റപ്പെടലുകളും അവസാനിപ്പിക്കാനുള്ള അവസരമായാണ് കിം ഈ കൂടിക്കാഴ്‌ചയെ കാണുന്നത്. റഷ്യ മുൻകാലങ്ങളിൽ പിന്തുണച്ചിരുന്ന അന്താരാഷ്‌ട്ര ഉപരോധങ്ങളെ ആയുധ ഇടപാട് ലംഘിക്കുമെങ്കിലും കിം സാമ്പത്തിക സഹായവും സൈനിക സാങ്കേതികവിദ്യയും തേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.