ഇസ്‌ലാമാബാദ് (പാകിസ്ഥാൻ): ഷഹബാസ് ഷെരീഫ് സർക്കാരിനെതിരായ പ്രതിഷേധ മാർച്ച് താത്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നും പിൻവലിച്ചിട്ടില്ലെന്നും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) നേതാവ് ഷെയ്‌ഖ് റാഷിദ് അഹമ്മദ്. മുൻ പ്രധാനമന്ത്രിയും പിടിഐ തലവനുമായ ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമത്തെ തുടർന്നാണ് പ്രതിഷേധ മാർച്ച് നിർത്തിവച്ചത്. മാർച്ചിനിടെ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദ് ഏരിയയിൽ വച്ചാണ് 70കാരനായ ഇമ്രാൻ ഖാന് വെടിയേറ്റത്.
പാക് സർക്കാരിനെതിരായ പ്രതിഷേധ മാർച്ച് പിൻവലിച്ചിട്ടില്ല: പിടിഐ നേതാവ് ഷെയ്‌ഖ് റഷീദ്
മുൻ പ്രധാനമന്ത്രിയും പിടിഐ തലവനുമായ ഇമ്രാൻ ഖാന് നേരെയുണ്ടായ വധശ്രമത്തെ തുടർന്ന് പ്രതിഷേധ മാർച്ച് നിർത്തിവച്ചിരിക്കുക മാത്രമാണെന്ന് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് നേതാവ് ഷെയ്‌ഖ് റാഷിദ് അഹമ്മദ്.
പ്രതിഷേധത്തിനിടെ ഇമ്രാൻ ഖാൻ കണ്ടെയ്‌നർ ഘടിപ്പിച്ച ട്രക്കിൽ കയറുന്നതിനിടെ തോക്കുധാരിയായ ഒരാൾ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇമ്രാൻ ഖാന്‍റെ വലതുകാലിലാണ് വെടിയേറ്റത്. ആക്രമണമുണ്ടായി മൂന്ന് ദിവസം കഴിഞ്ഞിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൽ ഷെയ്‌ഖ് റാഷിദ് അഹമ്മദ് ഖേദം പ്രകടിപ്പിച്ചു. എന്നാൽ പഞ്ചാബ് പ്രവിശ്യയിൽ ഇമ്രാൻ ഖാന്‍റെ പാർട്ടിയായ പിടിഐ ആണ് അധികാരത്തിലുള്ളതെന്നും എന്തുകൊണ്ടാണ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് പ്രവിശ്യ സർക്കാരാണ് പറയേണ്ടതെന്നും പ്രധാനമന്ത്രി ഷഹബാസ് ശനിയാഴ്‌ച ലാഹോറിൽ പറഞ്ഞു.
അതേസമയം, ആക്രമണത്തിന്‍റെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയത്തെ തുടർന്ന് പഞ്ചാബ് പൊലീസ് ഐജി ഫൈസൽ ഷാഖർ രാജി വയ്‌ക്കാൻ തീരുമാനിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഐജി സർക്കാരിന് കത്തയച്ചു. സ്ഥലംമാറ്റം, നിയമനം എന്നിവ സംബന്ധിച്ച് പഞ്ചാബ് സർക്കാരും ഐജിയും തമ്മിൽ തർക്കമുണ്ടെന്നും അതിനാൽ ഇനി ജോലി ചെയ്യാൻ കഴിയില്ല എന്ന് ഐജി അറിയിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.