കേരളം

kerala

ETV Bharat / international

രാജപക്‌സെയുടെ വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി പ്രതിഷേധക്കാർ

രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് കണ്ടെടുത്ത കറൻസി നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്ന വീഡിയോ പ്രചരിക്കുന്നു

sri lanka crisis protest against rajapaksa  രാജപക്‌സെ പ്രതിഷേധം  രാജപക്‌സെയുടെ വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി പ്രതിഷേധക്കാർ  ശ്രീലങ്കൻ രൂപ കണ്ടെടുത്തു  Millions of rupees at Rajapaksa residence
രാജപക്‌സെയുടെ വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി പ്രതിഷേധക്കാർ

By

Published : Jul 10, 2022, 5:24 PM IST

കൊളംബോ : ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിയിൽ പ്രതിഷേധക്കാർ ദശലക്ഷക്കണക്കിന് ശ്രീലങ്കൻ രൂപ കണ്ടെടുത്തതായി റിപ്പോർട്ട്. ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകരാണ് ഇക്കാര്യം അവകാശപ്പെട്ടത്. കണ്ടെടുത്ത കറൻസി നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

കണ്ടെടുത്ത പണം സുരക്ഷ യൂണിറ്റുകൾക്ക് കൈമാറുമെന്ന് ഇവര്‍ പറഞ്ഞതായി ശ്രീലങ്കൻ മാധ്യമമായ ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ വസ്‌തുതകൾ പരിശോധിച്ച ശേഷം സ്ഥിതിഗതികളെക്കുറിച്ച് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചതായും ഡെയ്‌ലി മിറർ റിപ്പോർട്ട് ചെയ്യുന്നു.

പ്രസിഡന്‍റ് രാജപക്‌സെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്‌ചയാണ് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് പ്രസിഡന്‍റിന്‍റെ വസതി കൈയേറിയത്. മറ്റൊരു കൂട്ടം പ്രതിഷേധക്കാർ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിയില്‍ കടന്നു ചെന്ന് തീയിട്ടിരുന്നു.

പ്രതിഷേധക്കാർ എത്തുന്നതിന് മുൻപ് വീട് വിട്ട പ്രസിഡന്‍റിനെ കുറിച്ച് ഇപ്പോഴും വിവരങ്ങൾ ലഭ്യമല്ല. പാർലമെന്‍റ് സ്‌പീക്കർ മഹിന്ദ യാപ്പ അബേവര്‍ധനയുമായി മാത്രമാണ് പ്രസിഡന്‍റ് ബന്ധപ്പെടുന്നത്. ജൂലൈ 13ന് ഗോതബായ രാജപക്‌സെ പ്രസിഡന്‍റ് സ്ഥാനമൊഴിയുമെന്ന് അറിയിച്ചതായി മഹിന്ദ യാപ്പ ശനിയാഴ്‌ച അർധരാത്രി അറിയിച്ചിരുന്നു.

ശനിയാഴ്‌ച വൈകുന്നേരം നടന്ന സർവകക്ഷി യോഗത്തിന് ശേഷം രാജി ആവശ്യപ്പെട്ട് അബേവർധന കത്തെഴുതിയതിന് പിന്നാലെയാണ് രാജപക്‌സെ രാജി സന്നദ്ധത അറിയിച്ചത്. പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് വരെ അബേവർധന ആക്‌ടിങ് പ്രസിഡന്‍റ് ആകും. പിന്നീട് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതിനായി എംപിമാർക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തും. പ്രധാനമന്ത്രി വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് ഗോതബായ രാജപക്‌സെയുടെ ജ്യേഷ്‌ഠനും പ്രധാനമന്ത്രിയുമായിരുന്ന മഹിന്ദ രാജപക്‌സെ മെയ് മാസത്തിൽ രാജിവച്ചിരുന്നു. എൽടിടിഇയ്‌ക്കെതിരായ ആഭ്യന്തര യുദ്ധത്തിൽ വിജയിച്ച രാജപക്‌സെ സഹോദരന്മാരായ മഹിന്ദയെയും ഗോതബായയെയും വീരപുരുഷന്മാരായി വാഴ്‌ത്തിയിരുന്ന ശ്രീലങ്കൻ ജനത തന്നെയാണ് ഇപ്പോൾ രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ഇവരെ കുറ്റപ്പെടുത്തുന്നത്.

ഒരു ദശാബ്‌ദത്തിലേറെയായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുന്ന ഒരു ശക്തമായ കുടുംബത്തിന്‍റെ നാടകീയമായ പതനമാണ് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ ബുധനാഴ്‌ച പ്രതീക്ഷിക്കുന്ന രാജിയും മെയ് മാസത്തിൽ മഹീന്ദ രാജപക്‌സെയുടെ സ്ഥാനമൊഴിയലും.

22 ദശലക്ഷം ജനത തിങ്ങിപ്പാർക്കുന്ന ഈ കൊച്ചു ദ്വീപ് സ്വാതന്ത്ര്യലബ്‌ധിക്ക് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിദേശനാണ്യത്തിന്‍റെ രൂക്ഷമായ ക്ഷാമം, ഇന്ധനത്തിന്റെയും മറ്റ് അവശ്യവസ്‌തുക്കളുടെയും ഇറക്കുമതിയെ പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ്. ആഭ്യന്തര കാർഷിക ഉത്‌പാദനം കുറഞ്ഞതും പ്രാദേശിക കറൻസിയുടെ മൂല്യത്തകര്‍ച്ചയും തകർച്ചയും ക്ഷാമത്തിന് ആക്കം കൂട്ടി. ഇന്ധനം, പാചകവാതകം, ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ എന്നിവയ്‌ക്ക് ഒക്കെ കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇവയിൽ മിക്കതും വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവയാണ്.

2026ഓടെ ഏകദേശം 25 ബില്യൺ ഡോളർ വിദേശ കടമാണ് ശ്രീലങ്കയ്‌ക്ക്‌ അടച്ചുതീർക്കാനുള്ളത്. അതിൽ തന്നെ ഏഴ് ബില്യൺ ഡോളർ ഈ വർഷം അടച്ചുതീർക്കേണ്ടതാണ്. 51 ബില്യൺ ഡോളറാണ് രാജ്യത്തിന്‍റെ ആകെ വിദേശ കടം.

ABOUT THE AUTHOR

...view details