ബാഗ്‌ദാദ്: ഷിയ നേതാവ് മുഖ്‌താദ അൽ-സദറിന്റെ അനുയായികള്‍ ബാഗ്‌ദാദ് പാർലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധം നടത്തി. ഇറാന്‍റെ പിന്തുണയുള്ള പാർട്ടികൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം സമര്‍പ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. നൂറുകണക്കിന് പ്രകടനക്കാര്‍ ബാഗ്‌ദാദിലെ കനത്ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്‌ത മുഹമ്മദ് ഷിയ അൽ സുഡാനി ഇറാനുമായി വളരെ അടുക്ക ബന്ധം പുലര്‍ത്തുന്നു എന്നതാണ് എതിര്‍പ്പിന് കാരണം. മുൻ മന്ത്രിയും പ്രവിശ്യ ഗവർണറുമായിരുന്നു അൽ-സുഡാനി. ഇറാഖി പാർലമെന്റ് മന്ദിരത്തില്‍ പാട്ടുപാടിയും നൃത്തം ചെയ്‌തും സ്‌പീക്കറുടെ മേശയില്‍ കിടന്നും പ്രതിഷേധം നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രതിഷേധക്കാർ പാര്‍ലമെന്‍റില്‍ കടന്നതിനാല്‍ എംപിമാർ ഹാജരായിരുന്നില്ല. സുരക്ഷ സൈനികർ മാത്രമാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്‌തു. പ്രതിഷേധം തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാന്‍ പ്രതിഷേധ പ്രവര്‍ത്തകരോട് ആഹ്വനം ചെയ്‌തുകൊണ്ട് മുഖ്‌താദ അൽ-സദർ ട്വീറ്റ് ചെയ്‌തു.
നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന അതീവ സുരക്ഷയുള്ള സർക്കാരിന്‍റെ കെട്ടിടത്തില്‍ നിന്നും എത്രയും വേഗം പിന്‍മാറാന്‍ പ്രധാനമന്ത്രി മുസ്‌തഫ അൽ-കാദിമി പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്‌തു. പാര്‍ലമെന്‍റിന്‍റെ സുരക്ഷയ്ക്ക് വിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അല്‍പസമയത്തിന് ശേഷം സുരക്ഷ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.
നേരത്തെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നാല്‍ അല്‍ സുഡാനി പുറത്തു പോകുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധക്കാര്‍ പാര്‍ലമെന്‍റിലേക്ക് ഇരച്ചുകയറുകയായിരുന്നു. സ്റ്റേറ്റ് ഓഫ് ലോ നേതാവും മുൻ പ്രധാനമന്ത്രിയുമായ നൂറി അൽ മാലിക്കിയാണ് അൽ-സുഡാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിയുക്‌തനാകുന്നതിന് മുമ്പ് പാർട്ടികൾ ചേര്‍ന്ന് ആദ്യം ഒരു പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. 2021 ഒക്ടോബറിൽ നടന്ന ഇറാഖിലെ തെരഞ്ഞെടുപ്പിൽ 329 സീറ്റുകളില്‍ 73 സീറ്റുകൾ നേടിയാണ് പാര്‍ലമെന്‍റില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്. എന്നാല്‍ വോട്ടെടുപ്പിന് ശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നിലച്ചതിനെ തുടര്‍ന്ന് അൽ-സദർ സ്ഥാനമൊഴിഞ്ഞു.
സമാനമായ രീതിയില്‍ 2016ലും അൽ സദറിന്റെ അനുയായികൾ പാർലമെന്റിൽ അതിക്രമിച്ചു കയറിയിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഹൈദർ അൽ-അബാദി അഴിമതി വിരുദ്ധ പ്രവർത്തനത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട മന്ത്രിമാരെ മാറ്റി നിയമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. അഴിമതി, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് 2019ല്‍ പൊട്ടിപുറപ്പെട്ടത്. എണ്ണ ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം എന്ന നിലയില്‍ നിലവിലെ പ്രതിഷേധം ഇറാഖിനെ പ്രതിസന്ധിയിലാക്കും എന്നാണ് വിലയിരുത്തല്‍.