ബെര്‍ലിന്‍ : ല്യുറ്റ്സെറത്തില്‍ കല്‍ക്കരി ഖനി വിപുലീകരിക്കുന്നതിന് എതിരെയുള്ള പ്രതിഷേധത്തിനിടെ കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പൊലീസ് കസ്‌റ്റഡിയില്‍. യൂറോപ്പിലെ ഊര്‍ജ മേഖലയിലെ ഭീമനായ ആര്‍ഡബ്ല്യുഇയുടെ ഉടമസ്ഥതയിലുള്ള ഗാസ്‌വെയ്‌ലര്‍ ലിഗ്‌നൈറ്റ് കല്‍ക്കരി ഖനി വിപുലമാക്കുന്നതിനായി ഒരു ഗ്രാമം നശിപ്പിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ഗ്രെറ്റ തുന്‍ബര്‍ഗിനെ ജര്‍മന്‍ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. ഗ്രെറ്റയെ പൊലീസ് പിടികൂടിയത് സംബന്ധിച്ച് ജര്‍മന്‍ വാര്‍ത്താഏജന്‍സിയായ ഡിപിഎ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.
എന്തിനാണ് പ്രതിഷേധം : നിലവില്‍ കല്‍ക്കരി ഖനി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് പുരോഗമിക്കുകയാണ്. പ്രദേശവാസികളെ കുടിയൊഴിപ്പിച്ച് കെട്ടിടങ്ങളും നിര്‍മിതികളും തകര്‍ക്കുന്നതിന് മുമ്പ് ഗ്രാമത്തിന് ചുറ്റും ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വേലി നിര്‍മിക്കാന്‍ ആര്‍ഡബ്ല്യുഇ പദ്ധതിയിടുന്നുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം ഗ്രാമത്തിന് താഴെയുള്ള ഒരു ടണലില്‍ നിന്ന് രണ്ട് പ്രവര്‍ത്തകരെ കമ്പനി വിരട്ടിയോടിച്ചിരുന്നു. മാത്രമല്ല നിര്‍മാണ മേഖലയ്‌ക്കടുത്ത് കഴിഞ്ഞയാഴ്‌ച തടിച്ചുകൂടിയ പ്രതിഷേധക്കാരെയും കമ്പനി പുറത്താക്കിയിരുന്നു.
കാലാവസ്ഥ പ്രവര്‍ത്തകര്‍ എങ്ങനെ വന്നു :പ്രദേശവാസികളെ കുടിയിറക്കുന്നതിനേക്കാള്‍ കല്‍ക്കരി ഖനി വിപുലീകരിക്കുന്നതിലൂടെയുള്ള പാരിസ്ഥിതിക ആഘാതങ്ങളെയാണ് ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പടെയുള്ള കാലാവസ്ഥ പ്രവര്‍ത്തകര്‍ പ്രധാനമായും എതിര്‍ക്കുന്നത്. ഊർജത്തിനായി കൽക്കരി കത്തിക്കുന്നത് വഴി ആഗോളതാപനം വർധിക്കുമെന്നും ഇത് ആഗോളതാപനില 1.5 ഡിഗ്രി സെൽഷ്യസിലേക്ക് പരിമിതപ്പെടുത്തണമെന്നുള്ള പാരിസ് കാലാവസ്ഥ കരാറിന്‍റെ ലംഘനമാണെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.
പ്രതിഷേധക്കാരേ ഇതിലേ..:അതേസമയം ല്യുറ്റ്സെറത്തില്‍ നടക്കുന്ന പ്രതിഷേധത്തിലേക്ക് ജനപങ്കാളിത്തം ആവശ്യപ്പെട്ട് തുന്‍ബര്‍ഗ് വെള്ളിയാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു. ഞങ്ങള്‍ നിലവില്‍, കല്‍ക്കരി ഖനി വിപുലമാക്കുന്നതിന്‍റെ ഭാഗമായി തകര്‍ച്ചാഭീഷണി നേരിടുന്ന ജര്‍മന്‍ ഗ്രാമമായ ല്യുറ്റ്സെറത്തിലാണുള്ളത്. ഇതിനെ ജനങ്ങള്‍ വര്‍ഷങ്ങളായി പ്രതിരോധിച്ച് വരികയാണ്. 12 മണിക്ക് ഇവിടെയെത്തി ഞങ്ങള്‍ക്കൊപ്പം ചേരുക #LutzerathBleibt !#ClimateStrike എന്നുമായിരുന്നു ട്വീറ്റ്.
നേട്ടമോ നഷ്‌ടമോ :എന്നാല്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഖനിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ലിഗ്‌നൈറ്റ് ജര്‍മനിയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുമെന്നാണ് കമ്പനിയുടെയും സര്‍ക്കാരിന്‍റെയും വിശദീകരണം. അതേസമയം കൽക്കരിയുടെ ഏറ്റവും മലിനമായ രൂപമാണിതെന്നും ഫോസില്‍ ഇന്ധനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കാലാവസ്ഥ പ്രവര്‍ത്തകരും മാധ്യമങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നു.