ലണ്ടന്‍:ലോകമെമ്പാടും ആരാധകരുള്ള, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്‌ത വ്യക്തികളിലൊരാളായിരുന്ന, ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ അപൂര്‍വ ശേഖരത്തിലെ വാഹനം ഇനി പേര് വെളിപ്പെടുത്താത്ത യുകെ സ്വദേശിക്ക് സ്വന്തം. 1980കളില്‍ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന C462FHK രജിസ്‌ട്രേഷനിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടർബോ ആണ് ഡയാനയുടെ 25-ാം ചരമ വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് ലേലത്തില്‍ വിറ്റുപോയത്.
6,50,000 പൗണ്ടിനാണ് (ഇന്ത്യന്‍ രൂപ ഏകദേശം 6,10,75,582.07) പേര് വെളിപ്പെടുത്താത്ത നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ചെഷർ സ്വദേശി ഡയാനയുടെ വാഹനം സ്വന്തമാക്കിയത്. വാഹനത്തിനായി വാശിയേറിയ ലേലം വിളി നടന്നതായി ക്ലാസിക് കാറുകളുടെ ലേലം സംഘടിപ്പിക്കുന്ന യുകെയിലെ പ്രശസ്‌ത ഓക്ഷന്‍ ഹൗസായ സിൽവർസ്റ്റോൺ ഓക്ഷന്‍സ് അറിയിച്ചു. ഒരു ലക്ഷം പൗണ്ടിന് ആരംഭിച്ച ലേലം വിളിയില്‍ ദുബായ് സ്വദേശിയും യുകെ സ്വദേശിയും തമ്മിലുള്ള മത്സരത്തിനൊടുവില്‍ യുകെ സ്വദേശി ലേലം ഉറപ്പിക്കുകയായിരുന്നു. ഡയാനയുടെ കാര്‍ സ്വന്തമാക്കിയ യുകെ സ്വദേശി വിൽപന വിലയ്ക്ക് പുറമേ 12.5 ശതമാനം ബയ്യേഴ്‌സ് പ്രീമിയം അടച്ചുവെന്ന് സിൽവർസ്റ്റോൺ ഓക്ഷന്‍സ് വെളിപ്പെടുത്തി.