കേരളം

kerala

ETV Bharat / international

പിറകെ ഇരച്ചെത്തി പാപ്പരാസികള്‍, കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുമറിഞ്ഞു , ബ്രിട്ടനെ ഉലച്ച ഇന്ദ്രനീലക്കണ്ണുകാരിയുടെ വിയോഗത്തിന് 25 ആണ്ട് - ബ്രിട്ടീഷ് രാജകുടുംബം

25 വർഷങ്ങൾക്ക് മുൻപ് നടന്ന ഡയാന രാജകുമാരിയുടെ, തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിയുടെ മരണം ഇന്നും ബ്രിട്ടൻ ജനതയുടെ മനസിൽ മായാത്ത മുറിവാണ്

Diana death  princess diana death  UK monarchy on diana death  ഡയാന രാജകുമാരിയുടെ മരണം  ഡയാന രാജകുമാരി  ബ്രിട്ടന്‍റെ രാജവാഴ്‌ച  എൽട്ടൺ ജോൺ  കാന്‍റിൽ ഇൻ ദ വിൻഡ്  candle in the wind  ചാൾസ് രാജകുമാരൻ  ബ്രിട്ടീഷ് രാജകുടുംബം  എലിസബത്ത് രാജ്ഞി
ഡയാന രാജകുമാരിയുടെ മരണം; ബ്രിട്ടന്‍റെ രാജവാഴ്‌ചയെ പിടിച്ചുകുലുക്കിയ ഒരാഴ്‌ച

By

Published : Aug 22, 2022, 4:26 PM IST

പാരിസ് :വിഖ്യാത ഇംഗ്ലീഷ് സംഗീതജ്ഞനായ എൽട്ടൺ ജോൺ രചിച്ച 'കാന്‍ഡില്‍ ഇൻ ദ വിൻഡ്' എന്ന വിലാപഗാനം 25 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് 31ന് വെസ്റ്റ് മിൻസ്റ്റർ കൊട്ടാരത്തിൽ ആലപിക്കപ്പെട്ടു. വർഷങ്ങൾക്ക് മുൻപ്, 1973ൽ മെർലിൻ മൺറോയ്ക്ക് വേണ്ടി രചിക്കപ്പെട്ട ഗാനത്തിന്‍റെ പുനരാലേഖന പതിപ്പ് 24 വർഷങ്ങൾക്കിപ്പുറം 1997ൽ കൊട്ടാരത്തിൽ മുഴങ്ങിക്കേട്ടു. ഇംഗ്ലണ്ടിന്‍റെ റോസാപ്പൂവിന് വിട എന്ന് എൽട്ടൺ തന്‍റെ വികാരനിർഭരമായ ശബ്‌ദത്തിൽ പാടിയപ്പോൾ ആ രാജ്യക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ളവർ വിലപിച്ചു.

കാറ്റത്തെ മെഴുകുതിരിനാളം പോലെയായിരുന്നു നിങ്ങളുടെ ജീവിതമെന്ന് എൽട്ടൺ പാടിയത് മറ്റാരെയും കുറിച്ചല്ല, ജനങ്ങളുടെ രാജകുമാരി എന്ന് അറിയപ്പെട്ടിരുന്ന ഡയാന ഫ്രാൻസിസ് സ്‌പെൻസറിനെ കുറിച്ചാണ്. ചരിത്രം കണ്ട ഏറ്റവും വലിയ അന്ത്യയാത്ര ചടങ്ങായിരുന്നു ഡയാന രാജകുമാരിയുടേത്. ഡയാനയുടെ വിയോഗം ബ്രിട്ടനെയൊന്നാകെ ദുഃഖത്തിലാഴ്‌ത്തി. രാജകുടുംബത്തെ ഞെട്ടിച്ചു.

ഇന്ദ്രനീലക്കണ്ണുള്ള രാജകുമാരി : 1961 ജൂലൈ ഒന്നിന് ജനിച്ച ഡയാന സ്‌പെൻസർ വാർത്തകളിൽ നിറയുന്നത് ചാൾസ് രാജകുമാരനുമായുള്ള വിവാഹ വാർത്തയോടെയായിരുന്നു. 1981ജൂലൈ 29ന് നടന്ന ആ സ്വപ്‌നതുല്യമായ വിവാഹം ഇന്‍റർനെറ്റും സമൂഹ മാധ്യമങ്ങളെയും കുറിച്ച് കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് ലോകമെമ്പാടുമുള്ള 750 മില്യൺ ആളുകൾ ടെലിവിഷനിൽ ലൈവായി കണ്ടു. നൂറ്റാണ്ടിലെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹമായിരുന്നു അത്. ആറ് ലക്ഷത്തോളം ആളുകൾ പുതിയ രാജകുമാരിയെ സ്വീകരിക്കാൻ അന്ന് ബ്രിട്ടന്‍റെ തെരുവോരങ്ങളില്‍ നിറഞ്ഞു. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുൻപിൽ ഇന്ദ്രനീലക്കണ്ണുകളും സ്വർണമുടിയും കുസൃതിച്ചിരിയുമുള്ള ഒരു സാധാരണ പെൺകുട്ടിയായ ഡയാനയുടെ വിവാഹം തന്നേക്കാൾ 13 വയസ് പ്രായക്കൂടുതലുള്ള ചാൾസ് രാജകുമാരനുമൊത്ത് നടന്നു.

എന്നാൽ ആ വിവാഹജീവിതത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 1981 നവംബറിൽ ഡയാന മൂത്തമകൻ വില്യമിനെ ഗർഭം ധരിച്ചു. 1984ൽ രണ്ടാമത്തെ മകൻ ഹാരി ജനിച്ച് അധികമാകുന്നതിന് മുൻപ് തന്നെ ഇരുവരുടെയും വിവാഹജീവിതത്തിൽ വിള്ളലുകൾ വീണുതുടങ്ങി.

ജനങ്ങളുടെ മനസിലെ രാജ്ഞി : ചാൾസ് രാജകുമാരന് ബ്രിട്ടന്‍റെ കുതിരപ്പടയിലെ ഓഫിസര്‍ പാര്‍ക്കര്‍ ബ്രൗള്‍സിന്‍റെ ഭാര്യ കാമില പാർക്കറുമായുള്ള വിവാഹേതര ബന്ധമായിരുന്നു പ്രധാന കാരണം. ഡയാന കടന്നുപൊയ്‌ക്കൊണ്ടിരുന്ന ബുലീമിയ എന്ന ശാരീരികാവസ്ഥയും പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടി. ഇതിനെ തുടർന്ന് വന്ന വിഷാദരോഗം ഡയാനയെ ആത്മഹത്യയുടെ വക്കിൽ വരെ എത്തിച്ചു. 1996ൽ ഇരുവരും നിയമപരമായി വിവാഹമോചനം നേടി. എന്നാൽ അതുവരെ രാജ്ഞിയെന്ന നിലയിൽ തന്‍റെ രാജകീയ കടമകളെല്ലാം ഡയാന മികച്ച രീതിയിൽ നിർവഹിച്ചു. ജനങ്ങളുടെ മനസിലെ രാജ്ഞിയാകാനാണ് തനിക്ക് ആഗ്രഹമെന്ന ഡയാനയുടെ വെളിപ്പെടുത്തൽ ജനങ്ങൾ ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്. അത്രയ്ക്കുണ്ടായിരുന്നു ഡയാനയുടെ ജനപ്രീതി.

വിവാഹ മോചന ശേഷം രാജപദവിയുടെ ഭാഗമായി തനിക്ക് ലഭിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങളും വസ്‌തുക്കളും ഡയാന പരസ്യമായി ലേലം ചെയ്‌തു. ലേലം ചെയ്‌ത് ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകി. കൊട്ടാരത്തിന്‍റെ രാജകീയതയിൽ നിന്നും സാധാരണക്കാരിലേക്ക് ഡയാന ഇറങ്ങിച്ചെന്നു. സാമൂഹ്യപ്രവർത്തനങ്ങളിൽ മുഴുകി. എയ്‌ഡ്‌സ് രോഗികളെയും ക്ഷയരോഗികളെയും അശരണരെയും ചേർത്തുപിടിച്ചു. അവർക്ക് ഗ്ലൗസ് പോലും ധരിക്കാതെ പരസ്യമായി ഹസ്‌തദാനം നൽകി. ഒരു രാജകുടുംബാംഗവും ഇന്നോളം നേടാത്ത ജനപ്രീതി നേടാൻ ഡയാന രാജകുമാരിയ്ക്കായി.

മരണം വിരുന്നെത്തിയ രാത്രി : 1997 ഓഗസ്റ്റ് 30ന് കാമുകനായ ഈജിപ്ഷ്യന്‍ വംശജനും പാരിസിലെ റിറ്റ്സ് ഹോട്ടൽ ഉടമയുമായ മുഹമ്മദ് അൽ ഫയാദിന്‍റെ മകൻ ദോദി അൽ ഫയാദുമായി കാറിൽ പോകുമ്പോഴാണ് മരണം അപ്രതീക്ഷിത അതിഥിയെ പോലെ 36കാരിയായ ഡയാനയുടെ ജീവിതത്തിലേക്ക് വിരുന്നെത്തിയത്. ഇരുവരും അവധിക്കാലം ആഘോഷിക്കുമ്പോൾ പ്രസ് ഫോട്ടോഗ്രാഫർമാരുടെ കണ്ണുകൾ അവരെ പിന്തുടർന്നു. ഓഗസ്റ്റ് 30ന് ഉച്ചകഴിഞ്ഞ് പാരിസിലെത്തി ഹോട്ടൽ റിറ്റ്സിൽ നിന്നും ഭക്ഷണം കഴിക്കുന്നു. ക്യാമറക്കണ്ണുകളിൽ നിന്നും രക്ഷപ്പെടാൻ അർധരാത്രിയോടെ മെഴ്‌സിഡസ് കാറിൽ പിന്നിലെ പ്രവേശന കവാടത്തിലൂടെ ഇരുവരും പോകാൻ ശ്രമിക്കുന്നു.

എന്നാൽ പാപ്പരാസികൾ അവരെ വെറുതെ വിട്ടില്ല. മോട്ടോർ സൈക്കിളിൽ അവരെ പിന്തുടർന്നു. അതിവേഗതയിൽ ചീറിപ്പാഞ്ഞ കാർ സെയ്‌ൻ നദിയുടെ വടക്കേ കരയിലുള്ള ഈഫൽ ടവറിന് എതിർവശത്തെ അൽമ പാലത്തിന് സമീപമുള്ള അണ്ടർപാസിലെ തൂണിലേക്ക് നിയന്ത്രണം തെറ്റി ഇടിച്ചുകയറി. ഫയാദും മദ്യപിച്ചിരുന്ന ഡ്രൈവർ ഹെൻറി പോളും തൽക്ഷണം മരിച്ചു. അവരുടെ അംഗരക്ഷകനായ ട്രെവർ റീസ്-ജോൺസിന് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തകർ കാറിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഡയാനയെ ജീവനോടെ പുറത്തെടുത്തു. ഡയാനയെ ഉടൻ പിറ്റി-സാൽപെട്രിയർ ഹോസ്പിറ്റലിലെത്തിച്ചു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ഡയാന അവിടെ നടന്ന രണ്ട് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയയ്ക്ക് ശേഷം ഓഗസ്റ്റ് 31ന് പുലർച്ചെ നാല് മണിയോടെ അന്തരിച്ചു.

അപകടത്തെ തുടർന്ന് ഏഴ് ഫോട്ടോഗ്രാഫർമാർ അറസ്റ്റിലായി. അപകടത്തിന്‍റെ ചിത്രങ്ങൾ വൻതുകയ്ക്കാണ് പത്രങ്ങൾ സ്വന്തമാക്കിയത്. മരണവാർത്ത രാജകുടുംബത്തെ അറിയിക്കുമ്പോൾ എലിസബത്ത് രാജ്ഞി, ഭർത്താവ് ഫിലിപ്പ് രാജകുമാരൻ, ചാൾസ്, മക്കളായ വില്യം, ഹാരി എന്നിവർ സ്കോട്ട്ലൻഡിലെ രാജാവിന്‍റെ സ്വകാര്യ വേനൽക്കാല വസതിയായ ബാൽമോറലിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു.

ജനങ്ങളുടെ രാജകുമാരി : വിലാപത്തിലേക്കാണ് ബ്രിട്ടൺ ഉയർന്നത്. ബെക്കിങ്ഹാം കൊട്ടാരത്തിന്‍റെയും രാജകുമാരിയുടെ വസതിയായ കെൻസിംഗ്ടൺ കൊട്ടാരത്തിന്‍റെയും മുന്നിൽ ലണ്ടൻ ജനത കണ്ണീരോടെ പൂക്കളർപ്പിച്ചു. ലേബർ പാർട്ടി നേതാവും പ്രധാനമന്ത്രിയുമായ ടോണി ബ്ലെയർ "ജനങ്ങളുടെ രാജകുമാരി"ക്ക് വൈകാരികമായ ആദരാഞ്ജലി അർപ്പിച്ചു.

രാജകുടുംബാംഗങ്ങൾ അന്ന് പതിവുപോലെ പള്ളിയിൽ പോയി. മക്കൾ വിഷമിക്കുമെന്നോർത്ത് പള്ളി കാര്യങ്ങളിൽ ഡയാനയുടെ പേര് പരാമർശിച്ചില്ല. ഡയാന രാജകുടുംബാംഗമല്ലാത്തതിനാൽ മരണത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്നോർത്ത് രാജകുടുംബാംഗങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. എലിസബത്ത് രാജ്ഞിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഡയാനയുടെ മൃതദേഹം രാജകീയ വിമാനത്തിൽ നേരിട്ട് ഏറ്റുവാങ്ങണമെന്ന് ചാൾസ് നിർബന്ധം പിടിച്ചു.

ഡയാനയുടെ മരണത്തിന്‍റെ ചൂണ്ടുവിരൽ ആദ്യം ചെല്ലുന്നത് മാധ്യമങ്ങളുടെ ചുമലിലേക്കാണ്. മാധ്യമങ്ങളുടെ കൈകളിൽ ഡയാനയുടെ ചോര പുരണ്ടിട്ടുണ്ടെന്ന് സഹോദരൻ ഏൾ ചാൾസ് സ്പെൻസർ പറഞ്ഞു. ആരോപണങ്ങളിൽ നിന്നും രക്ഷനേടാൻ മാധ്യമങ്ങൾ ഡയാനയെ വാഴ്‌ത്തിപ്പാടി. "സ്ത്രീയായി ജനിച്ചു, ഞങ്ങളുടെ രാജകുമാരിയായി, വിശുദ്ധയായി മരിച്ചു"- ഡെയ്‌ലി മിറർ എഴുതി.

അനുശോചന പുസ്‌തകങ്ങളിൽ ഒപ്പിടാൻ ജനങ്ങൾ 11 മണിക്കൂർ വരെ ക്യൂ നിന്നു. വിവാഹമോചനത്തെ തുടർന്ന് രാജകുമാരി എന്ന പദവി മാത്രമേ ഡയാനയ്ക്ക് ഉണ്ടായിരുന്നുള്ളൂ. "ഹെർ റോയൽ ഹൈനസ്" പദവിയും ഔദ്യോഗിക ബഹുമതികളോടെയുള്ള ശവസംസ്‌കാരത്തിനും അർഹതയും നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ട രാജ്ഞിക്ക് അർഹിക്കുന്ന ശവസംസ്‌കാര ചടങ്ങ് നടത്തണമെന്ന് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു.

രാജകീയ നിശബ്‌ദത : അപ്പോഴും സ്‌കോട്ട്ലന്‍റിൽ ആയിരുന്ന രാജകുടുംബത്തിന്‍റെ നിശബ്‌ദതയിൽ രോഷം ഇരമ്പി. ബക്കിങ്ഹാം കൊട്ടാരത്തിന് മുകളിൽ ബ്രിട്ടീഷ് പതാക പകുതി താഴ്‌ത്തിക്കെട്ടാത്തതിൽ മാധ്യമങ്ങൾ രോഷം പ്രകടിപ്പിച്ചു. ലണ്ടനിലേക്ക് മടങ്ങാനും ജനങ്ങളെ അഭിസംബോധന ചെയ്യാനും എലിസബത്ത് രാജ്ഞിയോട് ആഹ്വാനം ചെയ്‌തു. പതാക താഴ്‌ത്തിക്കെട്ടാത്തത് ഡയാനയോടുള്ള കടുത്ത അവഹേളനമാണെന്ന് സൺ ടാബ്ലോയ്‌ഡ് കുറിച്ചു.

ഒടുവിൽ, രാജകുടുംബം ബാൽമോറലിൽ നിന്നും മടങ്ങി. എലിസബത്ത് രാജ്ഞിയും ഫിലിപ്പും ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് വരുമ്പോൾ ഡയാനയ്ക്ക് അർപ്പിച്ച പൂക്കൾ കൊട്ടാരത്തിന് പുറത്ത് വീണുകിടപ്പുണ്ടായിരുന്നു. സെപ്റ്റംബർ 5 ന് ഒരു തത്സമയ ടെലിവിഷൻ പ്രസംഗത്തിൽ എലിസബത്ത് തന്‍റെ മുൻ മരുമകൾക്ക് ആദരാഞ്ജലി അർപ്പിച്ചു.

തൊട്ടടുത്ത ദിവസം, ശവസംസ്‌കാര ഘോഷയാത്ര കടന്നുപോകുന്നത് കാണാൻ ദശലക്ഷത്തോളം ആളുകൾ തെരുവുകളിലുണ്ടായിരുന്നു. വിലാപയാത്ര ബക്കിങ്ഹാം കൊട്ടാരം കടന്നുപോകുമ്പോൾ എലിസബത്ത് രാജ്ഞി പരസ്യമായി തല കുനിച്ചു. ശവസംസ്കാര വേളയിൽ കൊട്ടാരം ബ്രിട്ടീഷ് പതാക പകുതി താഴ്ത്തിക്കെട്ടി. തലകുനിച്ചുകൊണ്ട് വില്യമും ഹാരിയും ചാൾസ്, ഫിലിപ്പ്, ചാൾസ് സ്പെൻസർ എന്നിവരോടൊപ്പം ശവമഞ്ചത്തെ അനുഗമിക്കുന്നത് ലോകമെമ്പാടും 2.5 ബില്യൺ ആളുകൾ ടെലിവിഷനിലൂടെ കണ്ടു.

വെസ്റ്റ്‌മിൻസ്റ്റർ ആബെയിൽ നടന്ന സംസ്‌കാര ചടങ്ങിൽ യുഎസ് പ്രഥമ വനിതയായിരുന്ന ഹിലരി ക്ലിന്‍റൺ, ബ്ലെയർ, ഓപ്പറ ഗായകൻ ലൂസിയാനോ പാവറോട്ടി, മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, യുഎസ് ചലച്ചിത്ര താരം ടോം ക്രൂസ് ഉൾപ്പെടെയുള്ള 2000 ക്ഷണിക്കപ്പെട്ട അതിഥികൾ പങ്കെടുത്തു.

ഉച്ചകഴിഞ്ഞ് മൃതദേഹം ഡയാനയുടെ തറവാടായ അൽതോർപ്പിലേക്ക് കൊണ്ടുപോയി. ആളുകൾ വഴിയിൽ മൃതദേഹവും വഹിച്ചുകൊണ്ടുപോയ വാഹനത്തിന് നേരെ പൂക്കളർപ്പിച്ചു. ബ്രിട്ടനിൽ അസാധാരണമായ ഒരു കാഴ്‌ച ആയിരുന്നു അത്. അവിടെ തടാകത്തിന്‍റെ കരയിലുള്ള ചെറിയ ദ്വീപിൽ ഡയാനയെ ആദരപൂർവം അടക്കം ചെയ്‌തു.

ABOUT THE AUTHOR

...view details