ഹൈദരാബാദ്:രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിദേശ ഇന്ത്യക്കാര്‍ നല്കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ച് പ്രവാസി ഭാരതീയ ദിവസ്. 2003 ജനുവരി ഒന്‍പത് മുതലാണ് രാജ്യത്ത് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് നല്കുന്ന ആദരമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. (Pravasi Bharatiya Divas)
നമ്മുടെ രാജ്യത്തെ ഏറ്റവും മഹാനായ പ്രവാസി, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1915ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ അതേ ദിനം തന്നെ പ്രവാസി ഭാരതീയ ദിവസ് ആചരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യത്തിന്റെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുകയും ചെയ്ത അദ്ദേഹത്തെ ഓര്‍മയിലാണ് ഈ ദിവസം കൊണ്ടാടുന്നത്.
രാജ്യാന്തരതലത്തില്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയരായ ഇന്ത്യന്‍ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയില്‍ എത്തിച്ച് കൊണ്ടുള്ള വലിയ ആഘോഷ പരിപാടികളാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാന്‍ ഇത്തരത്തില്‍ ഒരു വേദി സഹായിക്കുന്നു.
വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ ഇത്തരത്തില്‍ ഒരുമിക്കുന്നതിലൂടെ വിവിധ മേഖലകളിലുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് അറിയാന്‍ നമുക്ക് സാധിക്കും.
വിദേശത്തെ ഇന്ത്യന്‍ സമൂഹം: സാങ്കേതിക വിദ്യ, സമ്പദ്ഘടന അടക്കമുള്ള മേഖലകളില്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സംഭാവനകള്‍ വളരെ വലുതാണ്. വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ പൗരന്മാരും(NRI Non Resident Indians) ഇന്ത്യന്‍ വേരുകളുള്ള വിദേശപൗരന്മാരും(PIO-Persons of Indian Orgin) അടങ്ങുന്നതാണ് ഇന്ത്യന്‍ വംശജര്‍(Indian Diaspora)എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. ഇവരെ 2015 മുതല്‍ വിദേശ ഇന്ത്യന്‍ പൗരര്‍(Overseas Citizens of India -OCI) എന്ന വിഭാഗത്തില്‍ പെടുത്തി ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളടക്കം സര്‍ക്കാര്‍ വിതരണം ചെയ്യുന്നു.
ലോകമെമ്പാടുമായി 320 ലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നാണ് 2021 ഡിസംബര്‍ 25ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 130 ലക്ഷം പേര് NRI വിഭാഗത്തില്‍ പെടുന്നു. 180 ലക്ഷം പേര് PIO വിഭാഗത്തിലുള്ളവരാണ്. ഇവരെ രണ്ട് വിഭാഗക്കാരെയും ഇപ്പോള്‍ OCI എന്ന ഒറ്റവിഭാഗത്തിലാക്കി കണക്കാക്കുന്നു. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാര്‍ സ്വന്തം ബുദ്ധിയും കഴിവും പരിശ്രമവും കൊണ്ട് വ്യവസായം, ശാസ്ത്രം, സംഗീതം, സാഹിത്യം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്.
പ്രവാസി ഭാരതീയ സമ്മാന്‍: വിദേശത്ത് ജീവിക്കുന്ന ഇന്ത്യക്കാരനോ ഇന്ത്യക്കാര്‍ നയിക്കുന്ന സ്ഥാപനങ്ങള്‍ക്കോ സംഘടനകള്‍ക്കോ ആണ് ഈ പുരസ്കാരം നല്‍കുന്നത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കല്‍, വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ താത്പര്യ സംരക്ഷണം, ഇന്ത്യയെക്കുറിച്ചുള്ള പൊതു അവബോധം സൃഷ്ടിക്കല്‍, തുടങ്ങിയ നടത്തിയവരെ ആദരിക്കാനാണ് ഇത്തരമൊരു പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാഷ്ട്രപതിയാണ് പുരസ്കാരം സമ്മാനിക്കുന്നത്.
വിദേശഇന്ത്യക്കാരുടെ സാമ്പത്തിക പങ്കാളിത്തം:വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയക്കുന്നത് ഇന്ത്യയിലേക്കാണെന്ന് ലോകബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023ല്‍ 12500 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള പണമാണ് രാജ്യത്തേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് ലഭിച്ചത്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തെ അവരുടെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് അവര്‍ നല്കുന്ന സംഭാവനകള്‍ എത്രമാത്രം വലുതാണെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദക്ഷിണേഷ്യന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദേശപണം എത്തുന്ന രാജ്യവും ഇന്ത്യ തന്നെയാണ്. 2023ല്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്ക് വിദേശത്ത് നിന്നെത്തുന്ന പണത്തിന്റെ അളവില്‍ 7.2ശതമാനം വര്‍ദ്ധനയുണ്ടായിരുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും തൊഴില്‍ വിപണികളില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തം വന്‍ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തുറന്ന തൊഴില്‍ വിപണിയും സാമൂഹ്യ സുരക്ഷ സംവിധാനങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത്തരത്തില്‍ വന്‍ തോതില്‍ വിദേശനാണ്യം ഇന്ത്യയിലേക്ക് ഒഴുകൂ. ഏറെ വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് തന്നെയാണ് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ ജീവ വായുവും.