റോം :ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി വത്തിക്കാന്‍. വളരെ ചെറുപ്പകാലത്ത് തന്നെ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ശ്വാസകോശത്തിന്‍റെ ഒരു ഭാഗം നീക്കം ചെയ്‌തിരുന്നു. ഒരു രാത്രിയ്ക്കിപ്പുറം തന്നെ അദ്ദേഹം പത്രപാരായണമുള്‍പ്പടെയുള്ള ദൈനംദിന കാര്യങ്ങളില്‍ ഏര്‍പ്പെട്ടതായി വക്താവ് മറ്റീയോ ബ്രൂണി അറിയിച്ചു.
ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം അദ്ദേഹം സ്വകാര്യ അപ്പാര്‍ട്‌മെന്‍റിലെ ചെറിയ ചാപ്പലില്‍ പോവുകയും ദിവ്യബലിയില്‍ പങ്കാളിയാവുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും കുറച്ച് ദിവസങ്ങള്‍ അദ്ദേഹം ചികിത്സയില്‍ തന്നെ തുടരുമെന്ന് വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശ്വാസകേശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് നെഗറ്റീവ് :മാര്‍പ്പാപ്പയ്‌ക്ക് കൊവിഡ് ഇല്ല എന്ന് മറ്റീയോ ബ്രൂണി അറിയിച്ചു. ബുധനാഴ്‌ച(29.03.2023)വൈകുന്നേരമാണ് മാര്‍പ്പാപ്പയെ ആശുപത്രിയിലേയ്‌ക്ക് മാറ്റിയത്. ഏറ്റവുമൊടുവില്‍ മാര്‍പ്പാപ്പ ചികിത്സ തേടിയത് ജെമെല്ലി ആശുപത്രിയിലായിരുന്നു.
2021 ജൂലൈയില്‍ 10 ദിവസമാണ് അദ്ദേഹം ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞത്. കുടല്‍ ചുരുങ്ങല്‍ സംബന്ധിച്ച അസുഖത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കായി ആയിരുന്നു അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞത്. കൂടാതെ, അന്ന് അദ്ദേഹത്തിന്‍റെ വന്‍കുടലിന്‍റെ 13 ഇഞ്ചിളോം നീക്കം ചെയ്‌തിരുന്നു.
വിശുദ്ധ വാരം അടുത്തിരിക്കെ മാര്‍പ്പാപ്പയുടെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ വിശ്വാസികളെ സംബന്ധിച്ച് ഏറെ ആശങ്കാജനകമാണ്. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍പ്പാപ്പ വിശുദ്ധ വാര തിരു കര്‍മങ്ങളില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.