കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ പ്രദേശമായ രമ്പുക്കാനയിലാണ് വെടി വയ്പ്പ്. പ്രസിഡന്‍റ് ഗോതബായ രജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് ആഴ്‌ചകളായി പ്രതിഷേധം നടക്കുകയാണ്.
എന്നാല്‍ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് ആദ്യം. പ്രതിഷേധം അക്രമാസക്തമായതോടെയാണ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് വിശദീകരണം. രമ്പുക്കാനയില്‍ ജനം റെയില്‍വെ ട്രാക്ക് ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Also Read: രാജി വയ്ക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോതബായ രജപക്‌സെ
കടുത്ത വിലക്കയറ്റത്തിനും ഇന്ധന ക്ഷാമത്തിനും എതിരെയാണ് ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കൊളംബോയിലേക്കുളള റോഡുകളില്‍ ടയറുകള്‍ കത്തിച്ചും മറ്റും ആയിരക്കണക്കിന് വരുന്ന സമരക്കാര്‍ ഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ രാംബുക്കന പൊലീസ് സ്‌റ്റേഷന്‍ വളയുകയും കെട്ടിടത്തിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. രാജ്യത്തെ പ്രധാന കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്നലെ സമരത്തിനിറങ്ങി. മരുന്നുകളുടെയും അവശ്യ മെഡിക്കല്‍ ഉപകരണങ്ങളുടെയും ക്ഷാമം ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങിയത്.
1948ല്‍ സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നുവരുന്നത്. ഭക്ഷണവും മരുന്നുകളും ഇന്ധനവും അടക്കമുളള അവശ്യ വസ്തുക്കളൊന്നും ഇറക്കുമതി ചെയ്യാനാകത്തത്ര വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് രാജ്യമിപ്പോള്‍. തെറ്റായ തീരുമാനങ്ങളാണ് രാജ്യത്തെ ഈ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എന്ന് ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോതബായ രജപക്‌സെ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു.
Also Read: 'ഐ.എം.എഫിന്‍റെ സഹായം വൈകും, സ്ഥിതി അതീവ ഗുരുതരം' ; ഇന്ത്യയോട് അടിയന്തര സാമ്പത്തിക വായ്‌പ അഭ്യര്‍ഥിച്ച് ശ്രീലങ്ക