ഹൈലാൻഡ് പാർക്ക്: അമേരിക്കയിലെ ഇല്ലിനോയിയിൽ വെടിവയ്‌പ്പ് നടത്തിയ സംഭവത്തിൽ പ്രതിയെ പടികൂടി. 22കാരനായ റോബർട്ട് ഇ ക്രീമോ എന്നയാളാണ് പിടിയിലായത്. വെടിവയ്‌പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തിങ്കളാഴ്‌ച (ജൂലൈ 04) 10.15ഓടെ സബ് അർബൻ ചിക്കാഗോയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെയായിരുന്നു ആക്രമണം.
ഷിക്കാഗോയ്‌ക്ക് സമീപം ഹൈലാൻഡ് പാർക്കിലെ പരേഡ് ഗ്രൗണ്ടിന് സമീപത്തെ കെട്ടിടത്തിന്‍റെ മേൽക്കൂരയിലിരുന്നുകൊണ്ടാണ് അക്രമി വെടിയുതിർത്തത്. വെടിവയ്‌പ്പുണ്ടായ ഉടൻ ജനങ്ങൾ പരിഭ്രാന്തരായി ഓടി. പൊലീസ് പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും വെടിവയ്‌പ്പ് നടന്ന ആദ്യമണിക്കൂറുകളിൽ പ്രതിയെ പിടികൂടാനായില്ല. പിന്നീട് ആറ് മണിക്കൂറിന് ശേഷമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം നിലവിൽ ക്രീമോയെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നോ പടികൂടിയതെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പൊലീസ് തയാറായിട്ടില്ല. പ്രതിയുടെ ഇല്ലിനോയി ലൈസൻസിലുള്ള (DM 80653) സിൽവർ ഹോണ്ട ഫിറ്റ് കാറും പൊലീസ് കണ്ടെടുത്തതായി അറിയിച്ചു. അമേരിക്കയിൽ സ്‌കൂളുകൾ, പള്ളികൾ, പലചരക്ക് കടകൾ, ഒടുവിലായി കമ്മ്യൂണിറ്റി പരേഡുകളും തുടരെ ആക്രമണ കേന്ദ്രങ്ങളായി മാറുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തിൽ അമേരിക്കൻ ജനതയ്‌ക്ക് ദുഃഖം സമ്മാനിച്ച ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. നിലവിൽ ആക്രമണത്തിന് പിന്നിൽ ഒരു പ്രതി മാത്രമെന്നാണ് പൊലീസ് വിലയിരുത്തൽ.
സംഭവത്തെ തുടർന്ന് ഹൈലാൻഡ് പാർക്ക് നഗരത്തിന് അയൽപ്രദേശങ്ങളിൽ പരേഡ് നിർത്തിവെച്ചു. ഇവാൻസ്റ്റൺ, ഡീർഫീൽഡ്, സ്‌കോക്കി, വോകെഗൻ, ഗ്ലെൻകോ എന്നീ നഗരങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികൾ നിർത്തിവച്ചു.