വാർസോ: റഷ്യയുടെ അനുമതിക്ക് കാത്തു നില്‍ക്കാതെ ബാൾട്ടിക് കടലിൽ നിന്ന് വിസ്റ്റുല ലഗൂണ്‍ തുറമുഖങ്ങളിലേക്ക് യാത്ര ചെയ്യാൻ പുതിയ കനാല്‍ നിര്‍മിച്ച് പോളണ്ട്. കനാലിന്‍റെ ഉദ്‌ഘാടനം ഇന്ന് (17.09.2022) നടന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിലെ സോവിയറ്റ് അധിനിവേശത്തിന്‍റെ 83 വർഷം അടയാളപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള മോസ്‌കോയുടെ പ്രസ്‌താവനയുടെ പ്രതീകാത്മകമായ അന്ത്യം പ്രകടിപ്പിക്കുന്നതിനും റഷ്യയിലെ കലിനിൻഗ്രാഡ് മേഖലയുടെ അതിർത്തി പ്രദേശത്തിന്‍റെ വികസനം കാണിക്കുന്നതിനുമാണ് പണികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ കനാല്‍ ഉദ്‌ഘാടനം ചെയ്‌തത്.
നിക്ഷേപവും സാമ്പത്തിക വികസനവും ആവശ്യമുള്ള വടക്കുകിഴക്കൻ മേഖലയിലെ ജലപാത പോളണ്ടിന് പൂർണ പരമാധികാരം നൽകുന്നുമെന്ന് സർക്കാർ പറഞ്ഞു. ഏകദേശം രണ്ട് ബില്യൺ സ്ലോട്ടികൾ (420 ദശലക്ഷം യുഎസ് ഡോളർ) ചെലവില്‍ ഡാൻസ്‌കിന് കിഴക്ക് വിസ്‌റ്റുല സ്‌പിറ്റിന് കുറുകെയാണ് കനാൽ നിര്‍മിച്ചിരിക്കുന്നത്. ബാൾട്ടിക് കടലിൽ നിന്നും ഡാൻസ്‌ക് ഉൾക്കടലിൽ നിന്നും എൽബ്ലാഗിലേക്കും ലഗൂണിലെ ചെറിയ തുറമുഖങ്ങളിലേക്കും കപ്പലുകളുടെ സഞ്ചാരം അനുവദിക്കുന്ന തരത്തിലാണ് കനാലിന്‍റെ രൂപകൽപന.