ദുബായ്:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ ആഴ്‌ച രണ്ട് ഉച്ചകോടിയാണ് ഉള്ളത്. ഒന്ന് ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി7 ഉച്ചകോടിയും രണ്ടാമത്തേത് ഇന്ത്യ-യുഎഇ ഉഭയകക്ഷി ഉച്ചകോടിയും. ജര്‍മനിയില്‍ നടക്കുന്ന 48ാമത് ജി7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായിരുന്നു. ജി7ല്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ന്(28.06.2022) അബുദബിയില്‍ വച്ച് യുഎഇ പ്രസിഡന്‍റ് ഷെയിഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യായാനുമായി കൂടിക്കാഴ്‌ച നടത്തുക. യുഎഇയേക്കാള്‍ പ്രാധാന്യം ഇന്ത്യയ്ക്ക് ജി7 ഉച്ചകോടിയാണെന്ന് ആരെങ്കിലും കരുതിയാല്‍ കണക്കുകള്‍ അവരെ തിരുത്തും.
ഇന്ത്യ-യുഎഇ ബന്ധത്തിന്‍റെ പ്രാധാന്യം: യുഎസ് ഒഴിച്ചുകഴിഞ്ഞാല്‍ ഒരു ജി 7 രാജ്യവും ഉഭയകക്ഷി വ്യാപരം, വിദേശ നിക്ഷേപം, ജോലിയെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം എന്നിവ പരിഗണിച്ചാല്‍ യുഎഇയുടെ അടുത്തുവരില്ല. ഒരു ജി7 രാജ്യവുമായും ഇന്ത്യക്ക് സ്വതന്ത്ര വ്യാപാരക്കരാര്‍ ഇല്ല. എന്നാല്‍ യുഎഇയുമായി നമുക്ക് സ്വതന്ത്ര വ്യാപാരക്കരാറുണ്ട്. 2014ന് അധികാരത്തില്‍ വന്നതിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഒപ്പിട്ട ഏക സ്വതന്ത്ര വ്യാപാരക്കരാര്‍ യുഎഇയുമായുള്ളതാണ്.
2021ലെ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റ കണക്കെടുത്താല്‍ ജി7 രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും ഇന്ത്യയില്‍ നിക്ഷേപിച്ച തുക ഒരുമിച്ച് കണക്ക് കൂട്ടിയാലും അതിലും കൂടുതല്‍ വരും യുഎഇ ഇന്ത്യയില്‍ നിക്ഷേപിച്ച തുക. യുഎസും ചൈനയും കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന വിദേശ രാജ്യം യുഎഇയാണ്. 34,25,144 ഇന്ത്യക്കാരാണ് യുഎഇല്‍ ജോലി ചെയ്യുന്നത്.
ഷെയിഖ് ഖലീഫ ബിന്‍ സയിദിന്‍റെ മരണത്തെ തുടര്‍ന്ന് സയിദ് അല്‍ നഹ്യായാന്‍ യുഎഇ പ്രസിഡന്‍റ് സ്ഥാനത്ത് വന്ന ശേഷമുള്ള നരേന്ദ്ര മോദിയുടെ അദ്ദേഹവുമായുള്ള ആദ്യ കൂടിക്കാഴ്‌ചയാണ് എന്നുള്ളതും ഈ ഉച്ചകോടിയുടെ പ്രത്യേകതയാണ്. ഇന്ത്യയും യുഎഇയുമായുള്ള സ്വതന്ത്ര വ്യാപരക്കരാറായ സിഇപിഎ ഈ വര്‍ഷം മെയിലാണ് പ്രാബല്യത്തില്‍ വന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും യുഎഇ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തില്‍ 68 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 7,290 കോടി അമേരിക്കന്‍ ഡോളറായാണ് വര്‍ധിച്ചത്.
സിഇപിഎയുടെ പ്രാധാന്യം:സിഇപിഎയുടെ ഫലമായി 90 ശതമാനം ഇന്ത്യന്‍ കയറ്റുമതിക്കും യുഎഇയില്‍ ഇറക്കുമതി ചുങ്കം ഉണ്ടാവില്ല. അസംസ്‌കൃത എണ്ണ ഒഴിച്ചുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അഞ്ച് വര്‍ഷം കൊണ്ട് 10,000 കോടി യുഎസ് ഡോളറിലേക്ക് ഉയര്‍ത്തുകയാണ് സ്വതന്ത്ര വ്യാപാരക്കരാര്‍ ലക്ഷ്യമിടുന്നത്. തൊഴിലാളികള്‍ ഏറെ ആവശ്യമുള്ള മേഖലകളായ ടെക്‌സ്റ്റയില്‍സ്, ജെംസ്, ജുവലറി, ലതര്‍, ഫര്‍മസ്യൂട്ടിക്കല്‍, ചെരുപ്പ് നിര്‍മാണം എന്നിവയില്‍ വലിയ രീതിയില്‍ സിഇപിഎയുടെ ഫലമായി മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന്‍റെ ഫലമായി പത്ത് ലക്ഷം തൊഴില്‍ സൃഷ്‌ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു.
യുഎഇയുടെ ഇന്ത്യയിലെ നിക്ഷേപവും നമ്മെ സംബന്ധിച്ചിടത്തോളം അവഗണിക്കാന്‍ കഴിയാത്തതാണ്. ജമ്മുകശ്‌മീരിലടക്കം യുഎഇയുടെ നിക്ഷേപം വര്‍ധിക്കുകയാണ്. പെട്രോകെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, നിര്‍മാണ മേഖലകള്‍ എന്നിവയിലാണ് യുഎഇയുടെ നിക്ഷേപം വലിയ രീതിയില്‍ വര്‍ധിക്കുന്നത്.
വിദേശ നയതന്ത്രത്തിലും ഇന്ത്യ-യുഎഇ ബന്ധം ശക്‌തിപ്പെടുകയാണ്. അഫ്‌ഗാനിസ്ഥാന്‍റെ പുനര്‍ നിര്‍മാണത്തില്‍ ഇന്ത്യ യുഎഇ സഹകരണം നിലനില്‍ക്കുന്നുണ്ട്. തീവ്രവാദം തടയാനുള്ള പ്രവര്‍ത്തനത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം നിലനില്‍ക്കുന്നു. പണം പൂഴ്‌ത്തിവെപ്പ്, ലഹരിമരുന്ന് വ്യാപരം എന്നിവ തടയാനുള്ള പ്രവര്‍ത്തനങ്ങളിലും സഹകരണം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.