പാരിസ്:മൂന്ന് ദിവസത്തെ യൂറോപ്പ് സന്ദർശനത്തിന്‍റെ ഭാഗമായി ബുധനാഴ്‌ച (മെയ് 4) ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധം, ബഹിരാകാശം, സിവിൽ ആണവ സഹകരണം, ഇരു രാജ്യങ്ങളിലെയും പൗരർ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്‌തതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. പാരിസിലെ ഫ്രാൻസ് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസി പാലസിലാണ് നേതാക്കൾ ഒത്തുകൂടിയത്.
പ്രാദേശികവും ആഗോളപരവുമായ നിരവധി പ്രശ്‌നങ്ങളെ കുറിച്ച് ആശവിനിമയം നടത്തിയ ഇരുവരും, യൂറോപ്പിലെയും ഇൻഡോ-പസഫിക്കിലെയും പുരോഗതി ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ച ചെയ്‌തു. 2019 ഓഗസ്റ്റിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ ഫ്രാൻസ് സന്ദർശനമാണിതെന്നും ക്വാത്ര അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള മികച്ച പങ്കാളിത്തം പോലെ തന്നെ ഇരു നേതാക്കളും നല്ല സുഹൃത്തുക്കളാണെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.