ന്യൂഡല്‍ഹി : ജി 20യുടെ പ്രസിഡന്‍സി കൈമാറി ഇന്ത്യ. ബ്രസീല്‍ പ്രസിഡന്‍റ് ആണ് ജി 20യുടെ പുതിയ അധ്യക്ഷന്‍ (PM Modi Handed Over The G20 presidency to Brazil President). ന്യൂഡല്‍ഹിയില്‍ ഇന്നലെ (സെപ്‌റ്റംബര്‍ 9) ആരംഭിച്ച ജി 20 ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്ന് അധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയ്‌ക്ക് കൈമാറി. ഡിസംബര്‍ ഒന്നിന് ജി 20യുടെ പ്രസിഡന്‍റ് സ്ഥാനം ബ്രസീല്‍ ഏറ്റെടുക്കും (G20 new president). കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി 20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.
ജി 20 ഉച്ചകോടിയ്‌ക്കായി ഇന്ത്യയിലെത്തിയ സില്‍വയെ സ്വാഗതം ചെയ്‌തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 9) എക്‌സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. അടുത്തിടെ നടന്ന ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബര്‍ഗില്‍ വച്ച് നരേന്ദ്ര മോദി ബ്രസീല്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്‌ച നടത്തുകയുണ്ടായി. ഈ കൂടിക്കാഴ്‌ച അനുസ്‌മരിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ എക്‌സ് പോസ്‌റ്റ്.
'പ്രസിഡന്‍റ് @LulaOficial നെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. അടുത്തിടെ ജോഹന്നാസ്‌ബര്‍ഗില്‍ വച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നു. ജി 20 ഉച്ചകോടിയില്‍ അദ്ദേഹത്തെ വീണ്ടും കാണാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. വിവിധ വിഷയങ്ങളില്‍ ഉള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാടിനായി കാത്തിരിക്കുന്നു' -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇക്കഴിഞ്ഞ മേയില്‍ ജപ്പാനിലെ ഹിരോഷിമയില്‍ നടന്ന ജി 7 ഉച്ചകോടിയ്‌ക്കിടെയും ബ്രസീല്‍ പ്രസിഡന്‍റ് സില്‍വയുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഭാര്യ റൊസാംഗല ഡ സില്‍വയ്‌ക്കൊപ്പമാണ് ജി 20 ഉച്ചകോടിയ്‌ക്കായി ബ്രസീല്‍ പ്രസിഡന്‍റ് വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 8) ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അദ്ദേഹത്തെ സ്വീകരിച്ചു. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെയും പല ആഗോള പ്രശ്‌നങ്ങളിലെ വീക്ഷണങ്ങളുടെയും ഒത്തുചേരലിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധത്തിനപ്പുറം, ഇരു രാജ്യങ്ങളും ബ്രിക്‌സ് (BRICS), ഐബിഎസ്‌എ (IBSA), ജി 20 (G20) തുടങ്ങിയ ബഹുരാഷ്‌ട്ര വേദികളിലും ഐക്യരാഷ്‌ട്ര സഭ (United Nations), ലോകാരോഗ്യ സംഘടന (WHO) തുടങ്ങിയ ബഹുരാഷ്‌ട്ര സംഘടനകളിലും സഹകരിക്കുന്നുണ്ട്. 2006 ലാണ് ഇന്ത്യ-ബ്രസീല്‍ ബന്ധം ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ന്നത്. ഉഭയകക്ഷി ബന്ധത്തിന്‍റെ ഒരു പുതിയ ഘട്ടം പ്രഖ്യാപിക്കപ്പെടുകയായിരുന്നു അന്ന്.
ബ്രസീലുമായുള്ള ഇന്ത്യയുടെ ബന്ധം കഴിഞ്ഞ ദശകത്തില്‍ വിവിധ തലത്തിലുള്ള വിനിമയങ്ങളിലൂടെ വളരുകയായിരുന്നു. 2019ലും 2020ന്‍റെ തുടക്കത്തിലും നടന്ന വിഐപി സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കി. 2019 നവംബര്‍ 13, 14 തീയതികളില്‍ ബ്രസീലില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തിരുന്നു. ഉച്ചകോടിക്കിടെ 13ന് അന്നത്തെ ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സോനാരോയുമായി മോദി കൂടിക്കാഴ്‌ച നടത്തുകയും ചെയ്‌തു. മോദിയുടെ ക്ഷണ പ്രകാരം 2020 ജനുവരി 25ന് ബോള്‍സോനാരോ ഇന്ത്യയിലെത്തുകയും 27വരെ തങ്ങുകയും ചെയ്‌തു. 2020 ലെ റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥി ആയിരുന്നു ബോള്‍സോനാരോ.