ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ലിസ് ട്രസുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതില്‍ ലിസ് ട്രസിനെ പ്രധാനമന്ത്രി അനുമോദിച്ചു. വ്യാപാര സെക്രട്ടറി , വിദേശ കാര്യ സെക്രട്ടറി എന്നീ നിലകളില്‍ ലിസ് ട്രസ് ഇന്ത്യ-യുകെ ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകളെയും നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും ബോറിസ് ജോണ്‍സന്‍റെ പിന്‍ഗാമിയായി യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ലിസ് ട്രസ് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20,927 വോട്ടുകള്‍ക്കാണ് ലിസ് ട്രസ് ഋഷി സുനകിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി .