പാരിസ് (ഫ്രാൻസ്) : ഫ്രാൻസിന്‍റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ. രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്‌ച പാരീസിലെത്തിയ മോദിക്ക് ചുവപ്പ് പരവതാനി വിരിച്ച സ്വീകരണമാണ് നൽകിയത്. ഇന്ന് ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിൽ മാക്രോണിനൊപ്പം വിശിഷ്‌ടാതിഥിയായി മോദി പങ്കെടുക്കും.
എലിസി പാലസിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ഫോട്ടോഗ്രാഫുകൾ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി ട്വീറ്ററിൽ പങ്കിട്ടു. പങ്കാളിത്തത്തിന്‍റെ ആത്മാവിനെ ഉൾക്കൊള്ളുന്ന ഊഷ്‌മളമായ അടയാളമാണിതെന്ന് കുറിച്ചു കൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കിട്ടത്. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാൻസിലെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ലീജിയൻ ഓഫ് ഓണർ പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ സമ്മാനിച്ചു' എന്നും അദ്ദേഹം ട്വിറ്ററിൽ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഈ ബഹുമതിക്ക് പ്രസിഡന്‍റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞു. നേരത്തെ, ഫ്രഞ്ച് പ്രസിഡന്‍റും പ്രഥമ വനിത ബ്രിജിറ്റ് മാക്രോണും എലിസി കൊട്ടാരത്തിൽ മോദിക്കായി ഒരു അത്താഴ വിരുന്ന് ഒരുക്കിയിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം മോദി ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയും ഫ്രാൻസിൽ യുപിഐ ഉപയോഗിക്കുന്നതിനുള്ള കരാർ പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തെക്കുറിച്ച് മോദി : സെയ്ൻ നദിയിലെ ഒരു ദ്വീപിലെ പ്രകടന കലാകേന്ദ്രമായ ലാ സീൻ മ്യൂസിക്കേലിൽ ഒത്തുകൂടിയ ജനക്കൂട്ടത്തോട് ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ മോദി ഇന്ത്യയുടെ അതിവേഗ വികസനത്തെക്കുറിച്ച് വിശദീകരിക്കുകയും ലോകം പുതിയൊരു ക്രമത്തിലേക്ക് നീങ്ങുകയും അതിൽ ഇന്ത്യയുടെ ശക്തിയും റോളും വളരെ വേഗത്തിൽ മാറുകയാണെന്നും ഉറപ്പിച്ച് പറഞ്ഞു. ഫ്രാൻസിലെ മാർസെയിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഇത് കൂടാതെ, യൂറോപ്യൻ രാജ്യത്ത് മാസ്റ്റേഴ്‌സ് ചെയ്യുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഇനി അഞ്ച് വർഷത്തെ പോസ്റ്റ് സ്റ്റഡി വർക്ക് വിസ ലഭിക്കുമെന്നും മോദി പറഞ്ഞു.
ഫ്രാൻസ് അതിന്‍റെ ദേശീയ ദിനം ആഘോഷിക്കുന്നു. അതിൽ താൻ ബഹുമാനപ്പെട്ട അതിഥിയാണ്. താൻ നിരവധി തവണ ഈ രാജ്യത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇത്തവണ ഈ സന്ദർശനം പ്രത്യേകത നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കുള്ള പിന്തുണയേയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ ശക്തിയേയും അദ്ദേഹം പ്രശംസിച്ചു. രണ്ട് രാജ്യങ്ങൾ, അവരുടെ തന്ത്രപരമായ പങ്കാളിത്തത്തിന്‍റെ 25-ാം വാർഷികം ആഘോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തത്തിന്‍റെ പ്രധാന അടിത്തറയായി അദ്ദേഹം പറഞ്ഞത് ആളുകൾ തമ്മിലുള്ള ബന്ധം വിവരിച്ചുകൊണ്ടായിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രവാസി അംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു. ആഗോള വിദഗ്‌ധർ ഇന്ത്യയുടെ ആകർഷണീയതയെ ഒരു നിക്ഷേപ കേന്ദ്രമായി അംഗീകരിക്കുന്നുവെന്നും രാജ്യം വികസനത്തിന്‍റെ കാര്യത്തിൽ അതിവേഗം കുതിച്ചുയരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.
Also read :'ഓർഡർ ഓഫ് ദ നൈൽ' മോദിക്ക് സമ്മാനിച്ച് ഈജിപ്‌ത് പ്രസിഡന്‍റ് ; സഹകരണം ശക്‌തിപ്പെടുത്തുന്ന കരാറിൽ ഒപ്പുവച്ചു