ന്യൂഡൽഹി:ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട സുഹൃത്തിന്‍റെ ദാരുണമായ വിയോഗത്തിൽ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ മികച്ച ഒരിടമാക്കാൻ ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു ആബെ എന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ഒരു മികച്ച ആഗോള രാഷ്‌ട്രതന്ത്രജ്‌ഞനും മികച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു ആബെ. വർഷങ്ങളുടെ ബന്ധമാണ് ആബെയുമായുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹവുമായി തുടങ്ങിയ സൗഹൃദം പ്രധാനമന്ത്രിയായതിന് ശേഷവും തുടർന്നു. സമ്പദ് വ്യവസ്ഥയെയും ആഗോള സംഭവങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്‌ചപ്പാട് എന്നിൽ വളരെ മതിപ്പുളവാക്കിയെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യ-ജപ്പാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ആബെ പ്രധാന പങ്കുവഹിച്ചു. ഈ സമയത്ത് ജപ്പാനിലെ സഹോദരീ സഹോദരന്മാർക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. അടുത്തിടെ നടന്ന ജപ്പാൻ സന്ദർശനത്തിൽ ആബെയെ സന്ദർശിക്കാനും പല വിഷയങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിച്ചു. എന്നാൽ അത് അവസാന കൂടിക്കാഴ്‌ചയാകുമെന്ന് കരുതിയില്ല. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ജപ്പാൻ ജനതയ്‌ക്കും അനുശോചനമറിയിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.