പാരീസ്:മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാൻസിൽ പിടിച്ചിട്ടിരുന്ന വിമാനം യാത്ര പുനഃരാരംഭിക്കും. വിമാനത്തിന് വീണ്ടും പറന്നുയരാൻ ഫ്രഞ്ച് അധികൃതർ അനുമതി നൽകിയതായാണ് റിപ്പോർട്ട് (Plane Carrying 303 Indian Passengers Allowed to Leave From France). നിരവധി ഇന്ത്യക്കാർ ഉൾപ്പെടെ 303 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോകുകയായിരുന്ന വിമാനമാണ് ഇന്നലെ പാരീസിൽ നിന്ന് 150 കിലോമീറ്റർ കിഴക്കുള്ള വാട്രി വിമാനത്താവളത്തിൽ തടഞ്ഞിട്ടത്.
വിമാനം യാത്ര പുനരാരംഭിച്ചതോടെ യാത്രക്കാരായ 300 പേരുടെ വിസ്‌താരം ഫ്രാൻസിലെ ജഡ്‌ജിമാർ റദ്ദാക്കി. മനുഷ്യക്കടത്താണെന്ന സംശയത്തിൽ നാലോളം ജഡ്‌ജിമാരുടെ നേതൃത്വത്തിൽ യാത്രക്കാരെ വിസ്‌തരിക്കാൻ ആരംഭിച്ചിരുന്നു. മനുഷ്യക്കടത്ത് സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് ആരംഭിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് ഹിയറിംഗുകൾ നടത്തിയത്.
വിമാനം തിങ്കളാഴ്‌ച രാവിലെ വീണ്ടും പറന്നുയരുമെന്നാണ് സൂചന. എന്നാൽ ലക്ഷ്യസ്ഥാനം എങ്ങോട്ടായിരിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. യഥാർത്ഥ ലക്ഷ്യസ്ഥാനമായ നിക്കരാഗ്വയിലേക്കോ, പറന്നുയർന്ന ദുബായിലേക്കോ, യാത്രക്കാർ അധികവും ഇന്ത്യക്കാരായതിനാൽ തിരികെ ഇന്ത്യയിലേക്കോ വിമാനം പറന്നേക്കാം.